ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനവും ടെസ്റ്റ് പരമ്പരയിലെ ഐതിഹാസിക വിജയവും ക്രിക്കറ്റ് ആരാധകർ എന്നും ഓർമയിൽ സൂക്ഷിക്കും. അത്രത്തോളം ചരിത്രപ്രാധാന്യമുള്ള പരമ്പര നേട്ടമായിരുന്നു അത്. ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം നടന്നത് ഗാബയിലാണ്. ഗാബ ടെസ്റ്റിൽ മൂന്ന് വിക്കറ്റ് വിജയമാണ് ഇന്ത്യ നേടിയത്. ഗാബ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യയ്ക്ക് തുണയായത് ശർദുൽ ഠാക്കൂറിന്റെയും വാഷിങ്ടൺ സുന്ദറിന്റെയും ഇന്നിങ്സുകളാണ്. ഇരുവരും ചേർന്ന് ഇന്ത്യയെ സുരക്ഷിത തീരത്ത് എത്തിക്കുകയായിരുന്നു.

വാഷിങ്ടൺ സുന്ദറിന്റെ അരങ്ങേറ്റ ടെസ്റ്റായിരുന്നു ഗാബയിലേത്. ആർ.അശ്വിന് പരുക്കേറ്റതിനെ തുടർന്ന് വിശ്രമം വേണ്ടിവന്നപ്പോഴാണ് സുന്ദറിന് ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറാൻ അവസരം ലഭിച്ചത്. തനിക്ക് ലഭിച്ച ആദ്യ അവസരം സുന്ദർ ഏറ്റവും നന്നായി വിനിയോഗിച്ചു. സുന്ദറിന്റെ ബാറ്റിങ് അതിശയിപ്പിക്കുന്നതാണെന്ന് പലരും അഭിപ്രായപ്പെട്ടു. എന്നാൽ, സുന്ദറിൽ നിന്ന് ഇങ്ങനെയൊരു പ്രകടനം പ്രതീക്ഷിച്ചിരുന്നുവെന്ന് താരത്തിന്റെ പിതാവ് എം.സുന്ദർ ഇന്ത്യൻ എക്‌സ്‌പ്രസിനോട് വെളിപ്പെടുത്തി.

“സത്യസന്ധമായി പറഞ്ഞാൽ ഞങ്ങൾക്ക് യാതൊരു ആശ്ചര്യവും തോന്നിയില്ല. ഇത് പ്രതീക്ഷിച്ചതാണ്. വാഷിങ്ടണിന്റെ കഴിവിനെ കുറിച്ച് ഞങ്ങൾക്ക് വ്യക്തമായി അറിയാം. ഒരുപക്ഷേ, ശർദുൽ ഠാക്കൂർ പുറത്താകാതെ നിന്നിരുന്നെങ്കിൽ സുന്ദറും ഠാക്കൂറും തീർച്ചയായും സെഞ്ചുറി നേടുമായിരുന്നു,” എം.സുന്ദർ പറഞ്ഞു.

Read Also: കില്ലാടി ഗിൽ; ഇന്ത്യൻ ടീമിൽ ഓപ്പണറായി ഇരിപ്പിടം ഉറപ്പിക്കുന്നു

“കുട്ടിയായിരുന്നപ്പോൾ തന്നെ ക്രിക്കറ്റിനോട് വലിയ താൽപര്യമുള്ള ആളായിരുന്നു വാഷിങ്ടൺ. അഞ്ച് വയസ് മുതലേ ക്രിക്കറ്റിനെ വളരെ ഗൗരവമായി കണ്ടു. മറ്റെന്തിനെക്കാളും ക്രിക്കറ്റിനെ ജീവനായി കണ്ടു. അവനെ ഞങ്ങൾ പിന്തുണച്ചു. ഇന്ത്യയിൽ, പ്രത്യേകിച്ച് ദക്ഷിണ സംസ്ഥാനങ്ങളിൽ കുട്ടികൾ ഒരുപാട് പഠിക്കണമെന്ന് മാത്രം ആഗ്രഹിക്കുന്ന മാതാപിതാക്കളാണ് കൂടുതലും. എന്നാൽ, ഞങ്ങൾ വ്യത്യസ്തരായിരുന്നു. അവന്റെ താൽപര്യങ്ങളുമായി മുന്നോട്ടുപോകാൻ ഞങ്ങൾ പൂർണ പിന്തുണ നൽകി. കളിക്കൊപ്പം പഠനവും നല്ല രീതിയിൽ കൊണ്ടുപോകാൻ അവനു സാധിച്ചിരുന്നു. സൺറൈസേഴ്സ് ഹൈദരബാദിനെതിരെയാണ് വാഷിങ്ടൺ ഐപിഎല്ലിൽ അരങ്ങേറിയത്. 17-ാം വയസ്സിൽ ഡേവിഡ് വർണർ, ശിഖർ ധവാൻ പോലുള്ള മുൻനിര ബാറ്റ്സ്മാൻമാർക്കെതിരെയാണ് വാഷിങ്ടണിന് ബൗൾ ചെയ്യേണ്ടിവന്നത്. എന്നാൽ, അത്ര ചെറിയ പ്രായത്തിലും അസാധ്യമായ ആത്മധൈര്യം പുലർത്താൻ അവന് സാധിച്ചു,” എം.സുന്ദർ പറഞ്ഞു

Washington Sundar

വാഷിങ്ടൺ സുന്ദറിന്റെ കുട്ടിക്കാല ഫോട്ടോ

മകന് നല്ല കഴിവുണ്ടെന്നും കപിൽ ദേവിനെ പോലെ വളരെ പ്രശസ്‌തനായ ഒരു ഓൾറൗണ്ടറായി വാഷിങ്ടൺ മാറുമെന്നും സുന്ദർ പ്രത്യാശ പ്രകടിപ്പിച്ചു.

ഗാബ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്ക് വേണ്ടി വാഷിങ്ടൺ സുന്ദർ 62 റൺസും ശർദുൽ ഠാക്കൂർ 67 റൺസും നേടിയിരുന്നു. ഇരുവരും ചേർന്ന് 113 റൺസിന്റെ കൂട്ടുക്കെട്ടാണ് പടുത്തുയർത്തിയത്. ഇന്ത്യ 186-6 എന്ന നിലയിൽ പതറുമ്പോഴാണ് ഇരുവരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയത്. രണ്ടാം ഇന്നിങ്സിൽ വാഷിങ്ടൺ സുന്ദർ നേടിയ 22 റൺസും ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook