ന്യൂഡൽഹി: നിദാഹാസ് ട്രോഫിയിലെ വിജയത്തിന് പിന്നാലെ ഇന്ത്യയുടെ സ്പിൻ ബോളർമാർക്ക് ഐസിസി ടി20 റാങ്കിംഗിൽ കുതിപ്പ്. യുസ്‌വേന്ദ്ര ചാഹൽ രണ്ടാം റാങ്കിലേക്ക് മുന്നേറിയപ്പോൾ വാഷിംഗ്‌ടൺ സുന്ദർ 151 സ്ഥാനങ്ങളാണ് മെച്ചപ്പെടുത്തിയത്. ഇതോടെ 31ാം സ്ഥാനത്താണിപ്പോൾ ഈ യുവതാരം.

കരിയറിലെ തന്നെ ഏറ്റവും ഉയർന്ന പോയിന്റാണിപ്പോൾ ചാഹൽ നേടിയിരിക്കുന്നത്. 706 പോയിന്റ്. അതേസമയം മാൻ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെട്ട വാഷിംഗ്‌ടൺ സുന്ദറിന് ഇപ്പോൾ 496 പോയിന്റാണ് ഉളളത്.

ഇന്ത്യയുടെ അഞ്ച് മത്സരങ്ങളും കളിച്ച ഇരു സ്‌പിന്നർമാരും എട്ട് വിക്കറ്റ് വീതമാണ് വീഴ്ത്തിയത്. പവർപ്ലേയിൽ കൂടുതലായി പന്തെറിഞ്ഞ സുന്ദർ ഒരോവറിൽ ശരാശരി 5.75 റൺസാണ് വിട്ടുകൊടുത്തത്. ഇതാണ് താരത്തിന്റെ റോക്കറ്റ് കുതിപ്പിന് ശക്തിയായത്.

ലങ്കയുടെ അകില ധനഞ്ജയ, ബംഗ്ലാദേശിന്റെ റൂബെൽ ഹുസൈൻ, ഇന്ത്യയുടെ ജയദേവ് ഉനദ്‌കട്, ഷർദുൽ താക്കൂർ എന്നിവരും കരിയറിലെ ഏറ്റവും ഉയർന്ന പോയിന്റ് നേടി. ഉനദ്‌കട് 435 പോയിന്റോടെ 52ാം സ്ഥാനത്തും താക്കൂർ 358 പോയിന്റോടെ 76ാം സ്ഥാനത്തുമാണ് ഉളളത്.

ബാറ്റ്സ്‌മാന്മാരിൽ ശിഖർ ധവാൻ, കുസാൽ പെരേര, മനീഷ് പാണ്ഡെ, മുഷ്‌ഫിഖർ റഹിം, കുശാൽ മെന്റിസ്, ദിനേഷ് കാർത്തിക് എന്നിവരും മികച്ച കുതിപ്പ് നടത്തി. കരിയറിലെ ഏറ്റവും ഉയർന്ന പോയിന്റ് (246) നേടിയ ദിനേശ് കാർത്തിക് 31 സ്ഥാനങ്ങൾ മുന്നേറി. 126ാം സ്ഥാനത്തായിരുന്ന ഇദ്ദേഹമിപ്പോൾ 95ാം സ്ഥാനത്താണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook