അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ അർഹതപ്പെട്ട സെഞ്ചുറി വെറും നാല് റൺസ് അകലെയാണ് വാഷിങ്ടൺ സുന്ദറിന് നഷ്ടമായത്. ഇന്ത്യയ്ക്കായി അവസാനം വരെ പൊരുതിയ സുന്ദറിന്റെ ഇന്നിങ്സ് ഏറെ പ്രശംസ അർഹിക്കുന്നു. അപ്പോഴും ഇന്ത്യയ്ക്കായി കന്നി സെഞ്ചുറി നേടാനുള്ള അവസരം നഷ്ടമായതിൽ സുന്ദർ മാത്രമല്ല ക്രിക്കറ്റ് ആരാധകരും വലിയ വിഷമത്തിലാണ്. എന്നാൽ, ഇനിയും ഏറെ അവസരങ്ങൾ സുന്ദറിനെ കാത്തിരിക്കുന്നുണ്ടെന്നും നിരാശപ്പെടേണ്ട എന്നുമാണ് ആരാധകർ പ്രിയ താരത്തോട് പറയുന്നത്.
“സെഞ്ചുറി നേടാൻ സുന്ദറിന് സാധിച്ചില്ല. പക്ഷേ, അദ്ദേഹം വളരെ നന്നായി കളിച്ചു. സുന്ദറിനെ കാത്ത് ഇനിയും ഏറെ സെഞ്ചുറികൾ ഉണ്ട്. ഏറ്റവും ക്ലാസായുള്ള ബാറ്റിങ് ആയിരുന്നു സുന്ദറിന്റേത്,” ഹർഷ ഭോഗ്ലെ പറഞ്ഞു.
സുന്ദറിന് സെഞ്ചുറി നഷ്ടമായത് വലിയ വേദനയാണെന്ന് വിവിഎസ് ലക്ഷ്മൺ പറഞ്ഞു. “എന്നാൽ, തന്റെ ടീമിന് വളരെ അത്യാവശ്യ ഘട്ടത്തിൽ വേണ്ടതെല്ലാം നൽകാൻ സുന്ദറിന്റെ ഇന്നിങ്സുകൊണ്ട് സാധിച്ചു. എനിക്കുറപ്പുണ്ട്, കൂടുതൽ സെഞ്ചുറികൾ നേടാൻ അദ്ദേഹത്തിനു ഇനിയും അവസരം ലഭിക്കും,” ലക്ഷ്മൺ പറഞ്ഞു.
Read Also: ക്യാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോഴും ഉള്ളിൽ കരഞ്ഞ നിമിഷങ്ങളുണ്ട്; ജീവിതാനുഭവങ്ങൾ പങ്കുവച്ച് ഇന്ദുലേഖ
മുൻ താരങ്ങൾ അടക്കം നിരവധി പേരാണ് സുന്ദറിന്റെ ഇന്നിങ്സിനെ പ്രശംസിച്ചിരിക്കുന്നത്. വരും മത്സരങ്ങളിൽ സുന്ദർ തീർച്ചയായും ഇന്ത്യയ്ക്കായി സെഞ്ചുറി നേടുമെന്ന് ആരാധകർ പറയുന്നു.
ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിലാണ് സുന്ദറിന് കെെയെത്തും ദൂരത്ത് സെഞ്ചുറി നഷ്ടമായത്. സുന്ദർ 96 റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യ ഓൾഔട്ടായപ്പോൾ ഒരറ്റത്ത് സുന്ദർ അജയനായി നിൽക്കുന്നുണ്ടായിരുന്നു. വ്യക്തിഗത സ്കോറിൽ ഒരു നാല് റൺസ് കൂടി കൂട്ടിച്ചേർക്കാൻ സാധിച്ചിരുന്നെങ്കിൽ സുന്ദറിന് കരിയറിലെ ആദ്യ സെഞ്ചുറി സ്വന്തമാക്കാൻ കഴിയുമായിരുന്നു. ഇഷാന്ത് ശർമയും മുഹമ്മദും സിറാജും അതിവേഗം പുറത്തായതോടെയാണ് സുന്ദറിന് സെഞ്ചുറി നേടാനുള്ള അവസരം നഷ്ടമായത്.