പാക്കിസ്ഥാനെ മാത്രമല്ല ക്രിക്കറ്റ് ലോകത്തെ തന്നെ ഒന്നാകെ പിടിച്ചു കുലുക്കിയതായിരുന്നു 2010 ലെ വാതുവെപ്പ് വിവാദം. മൂന്ന് പാക് താരങ്ങള്‍ക്കാണ് അന്ന് ഐസിസി വിലക്കേര്‍പ്പെടുത്തിയത്. പേസര്‍മാരായ മുഹമ്മദ് ആമിറും മുഹമ്മദ് ആസിഫും ഓപ്പണര്‍ സല്മാന് ഭട്ടുമാണ് അഞ്ച് വര്‍ഷത്തെ വിലക്ക് നേരിട്ടത്. ഇപ്പോഴിതാ ഒത്തുകളിയുമായി ബന്ധപ്പെട്ട സുപ്രധാന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് മുന്‍ പാക് താരം ഷൊയ്ബ് അക്തര്‍.
പാക്കിസ്ഥാനായി ഓരോ തവണ കളിക്കളത്തില്‍ ഇറങ്ങുമ്പോഴും എതിര് ടീമിനെതിരെ മാത്രമല്ല, സ്വന്തം ടീമിനും എതിരെ കളിക്കുന്നത് പോലെയായിരുന്നു തനിക്ക് തോന്നിയിരുന്നത് എന്നാണ് അക്തറുടെ വെളിപ്പെടുത്തല്‍. ഒത്തുകളിയെ കുറിച്ചും എങ്ങനെയാണ് താനും മറ്റ് താരങ്ങളും വാതുവെപ്പിലൂടെ പണം നേടുന്നതുമെന്നും ആസിഫ് തന്നോട് തുറന്ന് പറഞ്ഞതായും അക്തര്‍ പറയുന്നു. തന്റെ കാലത്ത് ടീമിലുണ്ടായിരുന്ന നായകത്വത്തിന്റെ അഭാവത്തെ കുറിച്ച് പലപ്പോഴായി തുറന്നു പറഞ്ഞിട്ടുള്ള വ്യക്തിയാണ് അക്തര്‍. ഒത്തുകളിക്കാരാല് ചുറ്റപ്പെട്ടത് പോലെയാണ് തനിക്ക് അനുഭവപ്പെട്ടതെന്നും അദ്ദേഹം പറയുന്നു.
”പാക്കിസ്ഥാനെ വഞ്ചിക്കാന്‍ എനിക്ക് സാധിക്കുമായിരുന്നില്ല. വാതുവെപ്പിന് ഞാനില്ല. ഒത്തുകളിക്കാരാല് ഞാന്‍ ചുറ്റപ്പെട്ടിരുന്നു. ഞാന്‍ കളിച്ചത് 21 പേര്‍ക്കെതിരെയായിരുന്നു. 11 പേര് എതിര് ടീമിലേയും 10 പേര് എന്റെ ടീമിലേയും. ആരാണ് ഒത്തുകളിക്കുന്നത് ആര്‍ക്കാണ് അറിയാനാവുക. ഒത്തുകളി വ്യാപകമായിരുന്നു. ഏതെല്ലാം കളികളിലാണ് ഒത്തുകളിച്ചതെന്നും എങ്ങനെയാണ് കളിച്ചതെന്നും ആസിഫ് എന്നോട് പറഞ്ഞിരുന്നു” അക്തര്‍ പറയുന്നു.
”ആസിഫിനേയും ആമിറിനേയും തിരുത്താന്‍ ഞാന്‍ ശ്രമിച്ചു. കഴിവ് നശിപ്പിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് കേട്ടതും എനിക്ക് സങ്കടം വന്നു. ചുമരില്‍ ആഞ്ഞിടിച്ചു. പാക്കിസ്ഥാന്റെ രണ്ട് ടോപ് ബോളര്‍മാര്‍, കഴിവും ബുദ്ധിയുമുള്ളവര്, മികച്ച പേസര്‍മാര്‍ കഴിവ് നശിപ്പിക്കുന്നു. പണത്തിനായി അവര്‍ സ്വയം വിറ്റു” അക്തര്‍ കൂട്ടിച്ചേര്‍ത്തു.
വിലക്കിന് ശേഷം ആമിര്‍ ടീമിലെത്തുകയും മികച്ച പ്രകടനം ആവര്‍ത്തിക്കുകയും ചെയ്തു. എന്നാല്‍ ആസിഫും സല്മാന് ഭട്ടും പിന്നീട് ദേശീയ ടീമിലെത്തിയില്ല. കഴിഞ്ഞ ലോകകപ്പില്‍ കളിച്ച ആമിര്‍ 17 വിക്കറ്റുകളെടുത്തിരുന്നു. പിന്നാലെ താരം ടെസ്റ്റില്‍ നിന്നും വിരമിക്കുകയും ചെയ്തു.