ഇന്ത്യൻ ടീമിന്റെ കോച്ചാകാൻ കഴിയാത്തതിൽ നിരാശ ഉണ്ടായിരുന്നുവെന്ന് സൗരവ് ഗാംഗുലി. എന്തെങ്കിലും കാര്യം ചെയ്യുന്നത് ഒന്നും പ്രതീക്ഷിച്ചിട്ടാവരുതെന്നും തന്റെ ജീവിതത്തിൽ നടന്നത് അതിന് ഉദാഹരണമാണെന്നും ഇന്ത്യാ ടുഡേ കോൺക്ലേവ് ഈസ്റ്റ് 2017 ൽ പങ്കെടുക്കവേ ഗാംഗുലി പറഞ്ഞു.

”നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നതെന്താണോ അത് ചെയ്യുക. ചെയ്യുന്ന പ്രവൃത്തിയുടെ ഫലത്തെക്കുറിച്ച് ചിന്തിക്കരുത്. ജീവിതം എങ്ങോട്ടാണ് പോകുന്നതെന്ന് നിങ്ങൾക്ക് ഒരിക്കലും അറിയില്ല. നിങ്ങളുടെ ജീവിതത്തിൽനിന്നും എടുക്കപ്പെടുന്നത് എന്താണെന്നും നിങ്ങൾക്ക് അറിയില്ല. 1999 ൽ ഞാൻ ഓസ്ട്രേലിയയ്ക്ക് പോയി. അപ്പോൾ ഞാൻ വൈസ് ക്യാപ്റ്റൻ പോലുമല്ല. സച്ചിൻ തെൻഡുൽക്കർ ആയിരുന്നു ക്യാപ്റ്റൻ. എന്നാൽ 3 മാസങ്ങൾക്കകം ഞാൻ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായി”.

”എന്നെ ഭരണസമിതിയിലേക്ക് തിരഞ്ഞെടുത്തപ്പോൾ ഇന്ത്യൻ ടീമിന്റെ കോച്ചാകാൻ കഴിയാത്തതിൽ ഞാൻ നിരാശനായി. ജഗ്മോഹൻ ഡാൽമിയ ആ സമയം എന്നോട് 6 മാസം ഭരണസമിതിയിൽ പ്രവർത്തിച്ചു നോക്കാൻ ആവശ്യപ്പെട്ടു. അദ്ദേഹം ഇന്ന് ഇല്ല. ഞാൻ അങ്ങനെ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ (സിഎബി) പ്രസിഡന്റായി. സാധാരണ ഒരാൾക്ക് പ്രസിഡന്റ് സ്ഥാനത്തേക്കെത്താൻ 20 വർഷമെടുക്കും”.

ക്രിക്കറ്റിൽ നിന്നും വിരമിക്കാൻ തീരുമാനിച്ചതിനെക്കുറിച്ചും ഗാംഗുലി പറഞ്ഞു. ”2008 ൽ വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾ സച്ചിൻ എന്നോട് എന്തിനാണ് ഇങ്ങനെയൊരു തരുമാനമെന്നു ചോദിച്ചു. ഇനി ഞാൻ കളിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് മറുപടി പറഞ്ഞു. കളിക്കാനുളള മികച്ച സമയം ഇതാണെന്നും കഴിഞ്ഞ 3 വർഷം മികച്ച പ്രകടനമായിരുന്നുവെന്നും സച്ചിൻ എന്നോട് പറഞ്ഞു. ഇനി മതിയെന്നു തോന്നിയതിനാലാണ് ഞാൻ വിരമിച്ചത്. അതിനർഥം എനിക്ക് ക്രിക്കറ്റ് മടുത്തതുകൊണ്ടല്ലെന്നും” ഗാംഗുലി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ