വെസ്റ്റ് ഇൻഡീസിനെതിരായ നാലാം ഏകദിനത്തിൽ തകർപ്പൻ വിജയമാണ് ഇന്ത്യ നേടിയത്. 224 റൺസിനാണ് സന്ദർശകരെ ഇന്ത്യ പരാജയപ്പെടുത്തിയത്. ബാറ്റിങ്ങിൽ രോഹിതും റായിഡും തിളങ്ങിയപ്പോൾ വെസ്റ്റ് ഇൻഡീസിനെ അവരുടെ ഇന്നിങ്സിൽ തുടച്ചു നീക്കിയത് ഇന്ത്യൻ ബോളർമാരായിരുന്നു. അതിൽ എടുത്ത് പറയേണ്ടത് യുവതാരം ഖലീൽ അഹമ്മദിന്റെ പ്രകടനമാണ്.

എന്നാൽ മത്സരശേഷം അത്ര ശുഭകരമായ വാർത്തയല്ല യുവതാരത്തെ തേടിയെത്തുന്നത്. വിക്കറ്റ് ആഘോഷം അതിര് കടന്നതിന് ഖലീൽ അഹമ്മദിനെ ഐസിസി താക്കീത് ചെയ്‍തു. താരത്തിന് ഒരു ഡീമെറിറ്റ് പോയിന്റും ലഭിച്ചു. വിൻഡീസ് താരം മാർലോൻ സാമുവേൽസിനെ പുറത്താക്കിയതിന് പിന്നാലെ പ്രകോപനം ഉയർത്തിയതിനാണ് താരത്തിനെതിരെ ഐസിസി നടപടി സ്വീകരിച്ചിരിക്കുന്നത്.

വിൻഡീസ് ഇന്നിങ്സിലെ 14-ാം ഓവറിലാണ് സംഭവം. നേരത്തെ തകർപ്പൻ അടിക്കാരൻ ഹെറ്റ്മയറെയും പവലിനെയും പുറത്താക്കിയ ആത്മവിശ്വാസത്തിൽ ഖലീൽ ഓവർ ചെയ്യാനെത്തി. ഓവറിന്റെ നാലാം പന്തിൽ സാമുവേൽസിനെയും ഖലീൽ രോഹിത്തിന്റെ കൈകളിൽ എത്തിച്ചു. പുറത്തായ സാമുവേൽസിന് നേരെ ഖലീൽ ആക്രോശിക്കുകയായിരുന്നു.

ഇന്ത്യൻ സീനിയർ ടീമിൽ തന്റെ ഏറ്റവും മികച്ച പ്രകടനമാണ് ഇന്നലെ ഖലീൽ പുറത്തെടുത്തത്. അഞ്ച് ഓവറിൽ 2.60 ഇക്കോണമി റേറ്റിൽ 13 റൺസ് മാത്രമാണ് വിട്ടു നൽകിയത്. വിൻഡീസ് നിരയിലെ മൂന്ന് നിർണ്ണായക വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook