ദുബായ്: ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ ദുര്‍ബലരായ ഹോങ്കോങ്ങിനെ നേരിടാന്‍ എത്തുമ്പോള്‍ ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ ലക്ഷ്യം ഒരു അപൂര്‍വ്വ നേട്ടമായിരിക്കും. സാക്ഷാല്‍ ഷെയ്ന് വോണിന്റെ റെക്കോര്‍ഡാണ് കുല്‍ദീപിന് മുന്നിലുള്ളത്. വോണിനെ മറി കടന്ന് മറ്റൊരു ഇതിഹാസ ബോളറായ ഡെന്നീസ് ലില്ലിയുടെ ഒപ്പമെത്തുക എന്ന അസുലഭ അവസരമാണ് കുല്‍ദീപിനെ കാത്തിരിക്കുന്നത്.
48 വിക്കറ്റുകളാണ് ഇപ്പോള്‍ കുല്‍ദീപിന്റെ അക്കൗണ്ടിലുള്ളത്. രണ്ടെണ്ണം കൂടെ എടുത്ത് 50 ആകുന്നതോടെ അത് തുറന്നു നല്‍കുക ഒന്നിലധികം റെക്കോര്‍ഡുകളായിരിക്കും. കുല്‍ദീപിന്റെ 24-ാമത്തെ മത്സരമാണിത്. 23 മത്സരങ്ങളില്‍ നിന്നും 50 വിക്കറ്റെടുത്ത അജിത് അഗാര്‍ക്കറുടെ പിന്നില്‍ ഈ നേട്ടം അതിവേഗം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി മാറും കുല്‍ദീപ് ഇതോടെ.
25 മത്സരങ്ങളില്‍ നിന്നുമാണ് ഷെയ്ന് വോണ്‍ ഇത്രയും വിക്കറ്റെടുത്തത്. 19 ഏകദിനങ്ങളില്‍ നിന്നും 50 വിക്കറ്റെടുത്ത ലങ്കന്‍ താരം അജന്ത മെന്‍ഡിസാണ് സ്പിന്നര്‍മാരില്‍ അതിവേഗം 50 വിക്കറ്റ് കടന്നത്. ഇന്ന് രണ്ട് വിക്കറ്റെടുത്താല്‍ ഷെയ്ന് വോണിനെ മറികടന്ന് കുല്‍ദീപ് രണ്ടാമതെത്തും. ഇത് താരത്തെ മുന്‍ ഓസീസ് പേസര്‍ ലില്ലിയുടെ നേട്ടത്തിന് ഒപ്പമെത്തിക്കും.
ഇന്ന് യുസ്വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും ടീമിലുണ്ടാകും. ഇരുവരുടേയും കോമ്പിനേഷന്‍ ഇന്ത്യയ്ക്ക് ഏറെ പ്രതീക്ഷയുള്ളതാണ്. കോഹ്ലിയുടെ അഭാവത്തില്‍ ഇന്ത്യയെ ഇംഗ്ലണ്ടിലെ പരാജയത്തില്‍ നിന്നും തിരികെ കൊണ്ടു വരിക എന്നതാണ് രോഹിത്തിന്റെ പ്രധാന ഉത്തരവാദിത്വം. വലിയ മാര്‍ജിനില്‍ ജയിച്ച് ആത്മവിശ്വാസം ഉറപ്പിക്കുകയാവും രോഹിത്തിന്റെ ലക്ഷ്യം. അതേസമയം, കഴിഞ്ഞ കുറച്ചു കാലമായി ചെറിയ ടീമുകള്‍ നടത്തി വരുന്ന മുന്നേറ്റം ഹോങ്കോങ്ങും ആവര്‍ത്തിക്കുകയാണെങ്കില്‍ മത്സരം രസകരമാകും.