ഇസ്ലാമാബാദ്: ക്രിക്കറ്റില്‍ എല്ലാ ബാറ്റിങ് റെക്കോര്‍ഡുകളും മറികടക്കാന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് കഴിയുമെന്ന് പാക് മുന്‍ നായകന്‍ വഖാറ യൂനസ്. പാക്കിസ്ഥാന്റെ മുന്‍ ഫാസ്റ്റ് ബോളറും മുഖ്യ പരിശീലകനും ആയിരുന്നു വഖാറ യൂനസ്. നിലവില്‍ ക്രിക്കറ്റില്‍ ഏറ്റവും കഴിവുളള താരം കോഹ്‌ലി ആണെന്നും അദ്ദേഹം പറഞ്ഞു.

‘ഫിറ്റ്നസിനായുളള അദ്ദേഹത്തിന്റെ കഠിനാധ്വാനവും, കളി ആസ്വദിക്കാനുളള അദ്ദേഹത്തിന്റെ കഴിവും, കഴിവിലുളള അദ്ദേഹത്തിന്റെ ശ്രദ്ധയും നിരീക്ഷിച്ചാല്‍ മനസ്സിലാകും, വരും വര്‍ഷങ്ങളില്‍ എല്ലാ ബാറ്റിങ് റെക്കോര്‍ഡുകളും തകര്‍ക്കാന്‍ ദൈവം നിശ്ചയിച്ചവനാണ് അദ്ദേഹം’, വഖാറ യൂനസ് പറഞ്ഞു.

ക്രിക്കറ്റിലെ നിലവിലത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍ ആരെന്ന ചോദ്യത്തിനും അദ്ദേഹത്തിന് മറിച്ചൊരു ഉത്തരമുണ്ടായിരുന്നില്ല. ഫിറ്റ്നസിലും ബാറ്റിങ് ശൈലിയിലും ഉളള സമര്‍പ്പണം കോഹ്‌ലിയെ മികച്ചവനാക്കുന്നെന്ന് വഖാറ യൂനസ് പറഞ്ഞു.

തന്റെ കാലത്തെ മികച്ച ബാറ്റ്സ്മാന്‍മാരായ സച്ചിന്‍ തെന്‍ഡുല്‍ക്കറേയും ബ്രയാന്‍ ലാറയേയും കുറിച്ചും അദ്ദേഹം പറഞ്ഞു. അന്ന് ലാറയേക്കാളും മികച്ച താരം സച്ചിന്‍ ആണെന്ന് അദ്ദേഹം വ്യക്തമാക്കി. ‘സച്ചിനെതിരെ ഒരുപാട് മൽസരങ്ങള്‍ കളിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അരങ്ങേറ്റവും ഞങ്ങള്‍ക്ക് എതിരെയായിരുന്നു. ഇത്രയും ആത്മസമര്‍പ്പണം ഉളള മറ്റൊരു താരത്തെ കണ്ടിട്ടില്ല. ഞാന്‍ പന്തെറിഞ്ഞവരില്‍ ഏറ്റവും മികച്ച താരം സച്ചിനാണ്. അത് ഒരു വലിയ വെല്ലുവിളി തന്നെയായിരുന്നു. അതേസമയം ലാറ സ്വതസിദ്ധമായി നല്ലൊരു ബാറ്റ്സ്മാനായിരുന്നു’, വഖാറ യൂനസ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ