ട്വന്റി ട്വന്റി മത്സരത്തിൽ ഒരു റൺ പോലും വഴങ്ങാതെ എതിർ ടീമിന്റെ പത്ത് വിക്കറ്റും നേടിയതോടെ ദേശീയ തലത്തിൽ തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ് ആകാശ് ചൗധരിയെന്ന 15കാരൻ. ഭാവെ സിംഗ് ടി20 ടൂർണമെന്റിൽ പേൾ അക്കാദമി ടീമിന്റെ മുഴുവൻ വിക്കറ്റുമാണ് ദിഷ ക്രിക്കറ്റ് അക്കാദമിക്ക് വേണ്ടി കളിച്ച ആകാശ് ചൗധരി സ്വന്തമാക്കിയത്.

“രാജസ്ഥാൻ സംസ്ഥാന ടീമിന് വേണ്ടിയും പിന്നീട് ഇന്ത്യൻ ടീമിന് വേണ്ടിയും എനിക്ക് പന്തെറിയണം”, തന്റെ മനസിലെ ലക്ഷ്യം ആകാശ് ചൗധരി വെളിപ്പെടുത്തി. ദി ഹിന്ദു ദിനപ്പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ആകാശ് തന്റെ സ്വപ്നം വെളിപ്പെടുത്തിയത്.

രാജസ്ഥാൻ മുൻ രഞ്ജി ക്രിക്കറ്റ് ടീമംഗം വിവക് യാദവിന് കീഴിലാണ് ആകാശ് പരിശീലിക്കുന്നത്. സംസ്ഥാനത്തിന് വേണ്ടി ഏറ്റവും നന്നായി പന്തെറിയാൻ ആകാശിന് സാധിക്കുമെന്ന് വിവേക് യാദവും സാക്ഷ്യപ്പെടുത്തുന്നു.

“അത് സംഭവിച്ചു, എങ്ങിനെ എന്ന് എനിക്കറിയില്ല”, ഒറ്റ റൺ പോലും വഴങ്ങാതെ പത്ത് വിക്കറ്റും നേടിയ തന്റെ പ്രകടനത്തെ കുറിച്ച് ആകാശ് പറഞ്ഞതാണിത്. ഒരു ബൗളർ മത്സരത്തിലെ മുഴുവൻ വിക്കറ്റും നേടുന്നത് അത്യപൂർവ്വമായി മാത്രം സംഭവിക്കുന്നതാണ്. ബാറ്റ്സ്മാന്മാർക്ക് ഏറ്റവും അനുകൂലമായ ടി20 ഫോർമാറ്റിൽ ഇത്തരമൊരു പ്രകടനം ആദ്യമാണ്.

ശ്രീലങ്കൻ താരം അജന്ത മെന്റിസാണ് ലോകത്ത് ടി20 ഫോർമാറ്റിൽ ഏറ്റവും നന്നായി പന്തെറിഞ്ഞ് റെക്കോഡിട്ടത്. നാലോവറിൽ എട്ട് റൺസ് വഴങ്ങി ആറ് വിക്കറ്റാണ് മെന്റിസ് നേടിയത്. ഇതിന് മുൻപ് ജിം ലേകറും അനിൽ കുബ്ലെയും മാത്രമേ പത്ത് വിക്കറ്റും നേടി ചരിത്രം കുറിച്ചിട്ടുള്ളൂ. ഇരുവരും ടെസ്റ്റ് മത്സരത്തിലാണ് ഇത് നേടിയത്.

അണ്ടർ 16 ചാലഞ്ചേർസ് ട്രോഫിക്കായുള്ള രാജസ്ഥാൻ ടീമിൽ ഇടം ലഭിക്കാതെ പോയ താരങ്ങളിലൊരാളാണ് ആകാശ് ചൗധരി. വരും നാളുകളിൽ കൂടുതൽ മികച്ച പ്രകടനം പുറത്തെടുത്ത് സ്വപ്നങ്ങളിലേക്കുള്ള ദൂരം കുറയ്ക്കാനാണ് ആകാശിന്റെ ശ്രമം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ