ലണ്ടൻ: പാകിസ്ഥാന്‍ പേസര്‍ വഹാബ് റിയാസ് ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് പുറത്ത്. ഇന്ത്യക്കെതിരായ മത്സരത്തില്‍ കണങ്കാലിന് പരുക്കേറ്റ വഹാബിന് മത്സരം പൂര്‍ത്തിയാക്കാനായിരുന്നില്ല. രണ്ടാഴ്ചത്തെ വിശ്രമമാണ് ഡോക്ടർമാർ വഹാബിന് വിധിച്ചിരിക്കുന്നത്. പകരക്കാരനെ ഉള്‍പ്പെടുത്തുമോ ഇല്ലയോ എന്ന് പാക് ക്രക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ നിലവില്‍ ടീമിലുളള ഇടംകയ്യന്‍ ഫാസ്റ്റ് ബൌളര്‍ ജുനൈദ് ഖാന് അവസരം ലഭിച്ചേക്കും.

ഇന്ത്യക്കെതിരായ മത്സരം വഹാബിന് അത്ര രസകരമായിരുന്നില്ല. 8.4 ഓവര്‍ എറിഞ്ഞ വഹാബ് 87 റണ്‍സാണ് വിട്ടുകൊടുത്തത്. ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഒരു ബൗളര്‍ വഴങ്ങുന്ന ഏറ്റവും കൂടുതല്‍ റണ്‍സെന്ന നാണക്കേടും വഹാബ് സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് പാകിസ്ഥാന്‍റെ അടുത്ത മത്സരം. സെമിഫൈനൽ കാണണമെങ്കിൽ രണ്ട് മത്സരങ്ങളിലും ജയം നിർബന്ധമായ പാകിസ്താന് ശക്തരായ ദക്ഷിണാഫ്രിക്കക്കെതിരായ പോരാട്ടം നിര്‍ണ്ണായകമാണ്.

ഓരോ മത്സരങ്ങള്‍ വീതം ജയിച്ച ഇന്ത്യയും ദക്ഷിണാഫ്രിക്കയും ആണ് ഗ്രൂപ്പില്‍ മുന്നിലുള്ളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ