കറാച്ചി: സമകാലിക ക്രിക്കറ്റിലെ അപകടകാരികളായ ബോളർമാരിലൊരാളാണ് പാക്കിസ്ഥാൻ താരം വഹാബ് റിയാസ്. മികച്ച വേഗതയിലും കൃത്യതയിലും പന്തെറിയുന്ന വഹാബ് ബാറ്റ്സ്മാൻമാരുടെ പേടി സ്വപ്നമാണ്. കഴിഞ്ഞ ലോകകപ്പിൽ ഓസ്ട്രേലിയൻ താരം ഷെയ്ൻ വാട്സണിനെതിരെ ഈ​ ഇടങ്കയ്യൻ പേസർ എറിഞ്ഞ മാസ്മരിക ഓവർ ക്രിക്കറ്റ് ആരാധകർ ഒരിക്കലും മറക്കില്ല.

വഹാബ് റിയാസിന്റെ ആക്രമണോത്സുകതയ്ക്ക് ഒരിക്കൽക്കൂടി സാക്ഷ്യം വഹിച്ചിരിക്കുകയാണ് ക്രിക്കറ്റ് ലോകം. പാക്കിസ്ഥാൻ സൂപ്പർ ലീഗിന്റെ കലാശപ്പോരാട്ടത്തിലാണ് വഹാബ് റിയാസ് ഒരിക്കൽക്കൂടി തീ പാറും പ്രകടനം കാഴ്ചവച്ചത്. ഇസ്‌ലാമബാദ് യുണൈറ്റഡ് താരം ഹുസൈൻ താലറ്റാണ് വഹാബിന്റെ ഇരയായത്.

മൽസരത്തിൽ ഇസ്‌ലാമബാദ് യുണൈറ്റഡിന് ജയിക്കാൻ 1 റൺസ് മാത്രം ആവശ്യമായി നിൽക്കെയാണ് വഹാബ് റിയാസ് പന്തെറിയാൻ എത്തിയത്. തോൽവി ഉറപ്പായിരുന്നിട്ടും റിയാസ് എറിഞ്ഞ ഹൂസൈൻ താലറ്റിന്റെ വിക്കറ്റ് തകർത്തു. മാസ്മരികമായ ഒരു യോർക്കറിലൂടെയാണ് വഹാബ് ഹുസൈന്റെ സ്റ്റംപ് തെറിപ്പിച്ചത്.

ഫൈനൽ മൽസരത്തിൽ പെഷവാർ സാൽമി ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം ഇസ്‌ലാമബാദ് യുണൈറ്റഡ് 16.5 ഓവറിൽ മറികടക്കുകയായിരുന്നു. 52 റൺസ് എടുത്ത ലൂക്ക് റോഞ്ചിയാണ് കളിയിലെ താരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ