”വിധിക്ക് മുന്നില്‍ തോറ്റ് കൊടുക്കാന്‍ എനിക്കാകില്ലായിരുന്നു”, വൈശാഖ് ഇത് പറയുമ്പോള്‍ ഈ വാക്കുകള്‍ക്ക് പുതിയ അര്‍ത്ഥവും മാനങ്ങളും ലഭിക്കും. തന്റെ ജീവിതം കൊണ്ട് വിധിയെ തോല്‍പ്പിച്ചു കാണിച്ചു തന്നിരിക്കുകയാണ് വൈശാഖ്. നമ്മളൊക്കെ ചെറിയ പരുക്കേറ്റാല്‍ പോലും എനിക്കൊന്നിനും വയ്യായേ എന്നു പറഞ്ഞ് ഓടിയൊളിക്കുന്നവരാണ്. എന്നാല്‍ ഒരു കാലില്ലാതിരുന്നിട്ടും ഇന്ന് ഇന്ത്യയൊട്ടാകെ പ്രചോദനമായി മാറിയിരിക്കുകയാണ് വൈശാഖ് എന്ന പേരാമ്പ്രക്കാരന്‍.

സാധാരണ താരങ്ങള്‍ക്കൊപ്പം മൈതാനത്ത് ഫുട്‌ബോള്‍ കളിക്കുന്ന, അവരേക്കാള്‍ വേഗത്തില്‍ പന്തിന് പിന്നാലെ പായുന്ന വൈശാഖിന്റെ വീഡിയോ കഴിഞ്ഞ ദിവസാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇതോടെ ഐഎസ്എല്ലിലെ കരുത്തരായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് വൈശാഖിനെ തങ്ങള്‍ക്കൊപ്പം പന്തു തട്ടാന്‍ ഗുവാഹത്തിയിലേക്ക് ക്ഷണിച്ചു. പക്ഷെ ഒരു വൈറല്‍ വീഡിയോയില്‍ ഒതുങ്ങുന്നതല്ല വൈശാഖിന്റെ ജീവിതം.

”എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു കാല് നഷ്ടപ്പെടുന്നത്. ഓണത്തിന്റെ അവധിക്ക് കായണ്ണയിലുള്ള മൂത്തമ്മയുടെ വീട്ടില്‍ പോയിരുന്നതായിരുന്നു. കോഴിക്കോട് ഫുട്‌ബോള്‍ ടീമിന്റെ സെലക്ഷന്‍ നടക്കുന്നുണ്ടെന്ന് അറിഞ്ഞ് വീട്ടിലേക്ക് പുറപ്പെട്ടു. മൂത്തമ്മയുടെ മകനൊപ്പം ബൈക്കിലായിരുന്നു വന്നിരുന്നത്. പേരാമ്പ്ര ടൗണില്‍ എത്തുന്നതിന് മുമ്പുള്ള വളവില്‍ വച്ച് എതിരെ വന്ന കെഎസ്ആര്‍ടിസിയുമായി ബൈക്ക് കൂട്ടിയിടിച്ചു. ബൈക്കോടിച്ചിരുന്ന ഏട്ടന്‍ തെറിച്ച് വിണു.എന്റെ കാലിലൂടെ കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ കയറിയിറങ്ങി. പിന്നീട് കാല് മുറിച്ചു മാറ്റുകയായിരുന്നു” വൈശാഖ് ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.

ആദ്യമൊക്കെ കാലില്ലാത്തത് വലിയ വേദനയായിരുന്നു. സ്‌പോര്‍ട്‌സില്‍ ഒരുപാട് താല്‍പര്യമുണ്ടായിരുന്നു വൈശാഖിന്. ഫുട്‌ബോള്‍ കളിക്കാനാകില്ലല്ലോ എന്നതായിരുന്നു പ്രധാന വിഷമം. എന്നാല്‍ മനസ് തളര്‍ന്നു പോകാതെ നോക്കിയത് നിഴലു പോലെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളായിരുന്നു.”ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജായി വീട്ടില്‍ എത്തിയതു മുതല്‍ സുഹൃത്തുക്കള്‍ ഒപ്പമുണ്ടായിരുന്നു. അവര്‍ ക്ലാസ് വിട്ട് നേരെ വീട്ടിലേക്ക് വരും. പിന്നെ രാത്രിയോളം വീട്ടില്‍ തന്നെയായിരിക്കും എല്ലാവരും. ബെഡില്‍ കിടക്കുന്ന സമയത്ത് ക്യാരംസും ചെസുമൊക്കെയായിരുന്നു കളിച്ചിരുന്നത്. പിന്നെ ഇരിപ്പ് വീല്‍ച്ചെയറിലേക്ക് മാറി. അതോടെ അവരെന്നെ പുറത്ത് കൊണ്ടു പോകാന്‍ തുടങ്ങി. നാട്ടിലൂടെ ഒക്കെ കൊണ്ടു പോയി. പിന്നെ പതിയെ അവര്‍ക്കൊപ്പം കളിക്കാനും തുടങ്ങി.” വൈശാഖ് പറയുന്നു.

ആദ്യമൊക്കെ വീല്‍ ചെയറില്‍ ഇരുന്ന് തന്നെയായിരുന്നു കളിച്ചിരുന്നത്. വോളിബോളും ക്രിക്കറ്റും വരെ വീല്‍ച്ചെയറിലിരുന്ന് കളിച്ചു. എഴുന്നേറ്റ് നിന്നപ്പോള്‍ ഒരുകാലില്‍ ശരീരം ബാലന്‍സ് ചെയ്യാന്‍ നന്നേ ബുദ്ധിമുട്ടിയിരുന്നു. ഫിസിയോതെറാപ്പിയും മറ്റും ചെയ്ത് കാലിനെ സ്‌ട്രോങ്ങാക്കി. ഇതോടെ നടപ്പ് സ്‌ട്രെച്ചറിലായി. ഒരു കൊല്ലം മാത്രമേ വൈശാഖ് വീട്ടിലിരുന്നുള്ളൂ. നടക്കാന്‍ തുടങ്ങിയതോടെ സ്‌കൂളില്‍ പോകാന്‍ തുടങ്ങി. സ്‌കൂളിലെ കായിക മേള വൈശാഖിന് ഇന്നും ഓര്‍മ്മയുണ്ട്.

”സ്‌പോര്‍ട്‌സ് ഡേ ആയതിനാല്‍ എല്ലാ കുട്ടികളും എന്തെങ്കിലും ഐറ്റത്തിലൊക്കെ പങ്കെടുത്തിരുന്നു. കുറേ നേരം അവിടെ അതൊക്കെ നോക്കി ഞാന്‍ നിന്നു. പിന്നെ വീട്ടിലേക്ക് മടങ്ങി. അവര്‍ ഓടുന്നതും ചാടുന്നതൊന്നും കണ്ട് നില്‍ക്കാന്‍ ആകുമായിരുന്നില്ല. എനിക്ക് ഇതൊന്നും സാധിക്കുന്നില്ലല്ലോ എന്ന ദുഖമായിരുന്നു. വീട്ടില്‍ വന്ന് ഞാന്‍ സൈക്കിളില്‍ കയറി ഓടിക്കാന്‍ ശ്രമിച്ചു നോക്കി. പക്ഷെ പരാജയപ്പെട്ടു. നിലത്ത് മറിഞ്ഞ് വീണ് കാലിന്റെ മുട്ടിലെ തോലൊക്കെ പോയി. വീണ്ടും പ്ലാസ്റ്ററിട്ട് കിടപ്പായി. പക്ഷെ തിരിച്ച് വന്നതും ആദ്യം ചെയത് സൈക്കിള്‍ ഓടിക്കാന്‍ പഠിക്കുക തന്നെയായിരുന്നു”.

വൈശാഖിന് ഏറ്റവും ഇഷ്ടം ഫുട്‌ബോളിനോടായിരുന്നു. എങ്ങനെയെങ്കിലും കളിച്ചേ മതിയാകൂ എന്ന ആഗ്രഹമായിരുന്നു ഉള്ളില്‍. സ്‌ക്രച്ചറില്‍ നടക്കാന്‍ തുടങ്ങിയത് മുതല്‍ തന്നെ ഗ്രൗണ്ടില്‍ പോയി തുടങ്ങി. പറ്റാവുന്നത് പോലൊയൊക്കെ പന്ത് തട്ടി. ആ ആഗ്രഹത്തിനും സുഹൃത്തുക്കളുടെ സ്‌നേഹത്തിന്റെ പിന്‍ബലം ലഭിച്ചു. തങ്ങള്‍ക്കൊപ്പം സാധാരണക്കാരനെ പോലെ തന്നെ അവര്‍ വൈശാഖിനെ കളിക്കാന്‍ കൂട്ടി. അവരില്‍ നിന്നും പ്രത്യേക പരിഗണനയോ സഹതാപമോ തനിക്ക് ലഭിച്ചിരുന്നില്ലെന്നും അതുകൊണ്ടാണ് ഇന്ന് ഇത്രത്തോളം തനിക്കെത്താന്‍ കഴിഞ്ഞതെന്നും വൈശാഖ് അടിവരയിട്ടു പറയുന്നു. ”സാധാരണ എല്ലാവരും സഹതാപത്തോടെയായിരുന്നു നോക്കിയിരുന്നത് പക്ഷെ അവര്‍ എനിക്ക് ആ പരിഗണന നല്‍കിയില്ല. അവരില്‍ ഒരാളെ പോലെ, സാധാരണ ആളെപ്പോലെ തന്നെ എന്നോട് പെരുമാറിയത് എന്നിലുണ്ടാക്കിയത് വലിയ മാറ്റമായിരുന്നു”.

ഫുട്‌ബോളിന് പുറമെ സിറ്റിങ് വോളിയിലും വൈശാഖ് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കായി പാരാ ഒളിമ്പിക്‌സില്‍ വോളിബോള്‍ കളിച്ചിട്ടുണ്ട് വൈശാഖ്. ബഹ്‌റെയ്‌നില്‍ സാധാരണ താരങ്ങള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുകയും ജയിക്കുകയും ചെയ്തു. അങ്ങനെ ഒരുപാട് നേട്ടങ്ങള്‍ വൈശാഖ് തന്റെ ഒരു കാലിന്റെ ആത്മവിശ്വാസത്തിന്റേയും കരുത്തില്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായത് മലബാര്‍ യുണൈറ്റഡിന്റെ താരങ്ങള്‍ക്കൊപ്പം മൈതാനത്ത് പന്തു തട്ടുന്ന വീഡിയോയായിരുന്നു. ഗ്യാലറിയില്‍ ഇരുന്ന ആരോ ആയിരുന്നു വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയിലിട്ടത്. രണ്ടു കാലുള്ളവരേക്കാള്‍ വേഗത്തില്‍ മൈതാനത്ത് തലങ്ങും വിലങ്ങും ഓടുകയും ആവേശത്തോടെ പന്ത് തട്ടുകയും ചെയ്യുന്ന വൈശാഖിന്റെ വീഡിയോ രാജ്യത്തുണ്ടാക്കിയ സെന്‍സേഷന്‍ വളരെ വലുതായിരുന്നു.

ഈ വീഡിയോ നോര്‍ത്ത് ഈസ്റ്റിന്റെ പരിശീലകന്‍ കാണാന്‍ ഇടയായി. തന്നെ അത്ഭുതപ്പെടുത്തിയ യുവാവിന്റെ വീഡിയോ ട്വീറ്റ് ചെയ്തു കൊണ്ട് അദ്ദേഹം തനിക്കിയാളെ കാണാന്‍ ആഗ്രഹമുണ്ടെന്നും അറിയിച്ചു. ഇതോടെ കേരളത്തിലുള്ള നോര്‍ത്ത് ഈസ്റ്റിന്റെ സ്‌കൗട്ടുമാരിലൊരാള്‍ വൈശാഖുമായി ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്നാണ് വൈശാഖിനെ ഗുവാഹത്തിയിലേക്ക് നോര്‍ത്ത് ഈസ്റ്റ് ക്ഷണിച്ചത്. വൈശാഖിന്റെ പെരുമ ഇന്ത്യയും കടന്ന് അര്‍ജന്റീന വരെ എത്തിയതാണ്. കോഴിക്കോട് നാഗ്ജി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കളിക്കാനെത്തിയ അര്‍ജന്റീന അണ്ടര്‍ 22 ടീം വൈശാഖിന്റെ കളി കണ്ട് അഭിനന്ദിക്കുകയും ഒപ്പം പന്തു തട്ടുകയും ചെയ്തിരുന്നു.

”വിങിലാണ് കളിക്കുന്നത്. നല്ല വേഗത വേളം ഓടിയെത്താന്‍. സ്‌ക്രെച്ചറില്‍ ഓടാന്‍ പരിമിധികളുണ്ട്. ഹാഫ് സ്റ്റിലേക്ക് മാറിയതോടെ മൂവ് ചെയ്യുന്നത് വേഗത്തിലായി. പക്ഷെ കൈകള്‍ക്ക് നല്ല പവര്‍ വേണം. ആദ്യമൊക്കെ കൈ ഉരഞ്ഞ് പൊട്ടലും വേദനയുമൊക്കെയുണ്ടായിരുന്നു. പിന്നീടതങ്ങ് ശീലമായി. സുഹൃത്തുക്കള്‍ക്കൊപ്പം ഫാല്‍ക്കന്‍ ക്ലബ്ബിന്റെ ടീമിനൊപ്പമാണ് കളിക്കുന്നത്. എല്ലാ ദിവസവും കളിക്കും” വൈശാഖ് പറയുന്നു. കൂട്ടുകാരെ പോലെ തന്നെ തന്റെ വീട്ടുകാരുടെ പിന്തുണയും വൈശാഖിന് കരുത്ത് പകര്‍ന്നിട്ടുണ്ട്. ആദ്യമൊക്കെ അവര്‍ക്ക് പേടിയുണ്ടായിരുന്നു, നിലത്ത് വീഴുമോ പരുക്ക് പറ്റുമോ എന്നെല്ലാം ഓര്‍ത്ത്. എന്നാല്‍ എനിക്ക് അത്രയ്ക്ക് ഇഷ്ടമാണ് കളിക്കുന്നത് എന്ന് അവര്‍ക്ക് അറിയാമായിരുന്നു. അതുകൊണ്ട് ഒരിക്കല്‍ പോലും പുറത്ത് പോകണ്ടെന്ന് പറഞ്ഞിട്ടില്ല ആരും. അവര്‍ ചെയ്യണ്ട എന്നു പറഞ്ഞാലും ഞാനത് ചെയ്യുമെന്ന് അവര്‍ക്കറിയാം”.

വൈശാഖിന്റെ ജഴ്‌സി നമ്പറിനുമുണ്ട് പോരാട്ടത്തിന്റെ കഥ പറയാന്‍.” എന്റെ ഇഷ്ട ജഴ്‌സി നമ്പര്‍ രണ്ടാണ്. ഒരു സെപ്തംബര്‍ രണ്ടിനായിരുന്നു എനിക്ക് അപകടമുണ്ടാകുന്നത്. എന്നു കരുതി ആ ദിവസത്തെ വിഷമത്തോടെയല്ല ഞാന്‍ കാണുന്നത്. ഞാനത് ആഘോഷിക്കുകയാണ്. പിറന്നാള്‍ ആഘോഷിക്കുന്നത് പോലെ. നെഗറ്റീവിനെ പോസിറ്റീവാക്കി മാറ്റുകയാണ്” റയല്‍മാഡ്രിഡ് ആരാധകനായ, ബ്രസീലിനെ സ്‌നേഹിക്കുന്ന തനി മലബാറുകാരനായ വൈശാഖ് പറയുന്നു. ജീവിതത്തില്‍ തന്നെ പോലെ വെല്ലുവിളികള്‍ നേരിടേണ്ടി വരികയും പക്ഷെ അതിനെ അതിജീവിക്കാനാകാതെ പോയതുമായി നിരവധി പേരെ വൈശാഖ് കണ്ടിട്ടുണ്ട്.

”എന്നെ പോലെ അനുഭവങ്ങളുണ്ടായ നിരവധി പേരെ ഞാന്‍ പോയി കണ്ടിട്ടുണ്ട്. അവരുടെ ഒക്കെ പ്രധാന പ്രശ്‌നം തങ്ങള്‍ക്ക് ഇങ്ങനൊരു അവസ്ഥ ഉണ്ടായിയെന്ന് മറ്റുള്ളവര്‍ അറിയുന്നതിലാണ്. എനിക്ക് പരിചയമുള്ളൊരാളുണ്ട്. മൂപ്പരുടെ ഒരു വിരല്‍ നഷ്ടപ്പെട്ടതാണ്. അദ്ദേഹം പുറത്തൊക്കെ ഇറങ്ങുമ്പോള്‍ ആ കൈ പോക്കറ്റിലിട്ടാണ് നടക്കുക. ആളുകള്‍ തന്റെ വിരല്‍ നഷ്ടപ്പെട്ടത് കാണരുതെന്നാണ് മൂപ്പരുടെ ചിന്ത. ഭയമാണ് ഏറ്റവും വലിയ വൈകല്യമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഭയമില്ലെങ്കില്‍ നമുക്ക് എന്തും ചെയ്യാനാകും. എല്ലാരുടെ ഉള്‌ളിലും കഴിവുകളുണ്ട്. അത് കണ്ടെത്തണം. ആഗ്രഹങ്ങളുണ്ടാകും പക്ഷെ അതിനായി പരിശ്രമിക്കില്ല. ഒരുപാട് ശ്രമിച്ചിട്ട് നടന്നില്ലെങ്കില്‍ ആഗ്രഹം ഉപേക്ഷിക്കും. പക്ഷെ കിട്ടുന്നത് വരെ ശ്രമം നിര്‍ത്തരുത്” വൈശാഖ് ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.

”വിധിക്ക് തോറ്റു കൊടുക്കാന്‍ എനിക്കാകില്ലായിരുന്നു. കഴിവിന്റെ പരമാവധി ശ്രമിക്കുക. അങ്ങനെ ശ്രമിച്ചാല്‍ കിട്ടാത്തതായി ഒന്നുമില്ല, പൗലോ കൊയ്‌ലോ പറയുന്നത് ആല്‍ക്കമിസ്റ്റില്‍ പറയുന്നത് പോലെ” വൈശാഖ് കൂട്ടിച്ചേര്‍ത്തു. നേരത്തെ പാലക്കാട് ഫാര്‍മസിസ്റ്റായി ജോലി ചെയ്തിരുന്നു വൈശാഖ്. പിന്നീട് ഫുട്‌ബോളിന് വേണ്ടി ജോലി ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോള്‍ പിഎസ് സിയ്ക്കായുള്ള ശ്രമങ്ങള്‍ നടത്തുകയാണ്. അവിടെയും തന്റെ വിജയക്കൊടി പാറിക്കാന്‍ വൈശാഖിന് സാധിക്കും. ആശംസയല്ല, വൈശാഖിന്റെ വാക്കുകളിലെ ദൃഢ നിശ്ചയമാണ് അങ്ങനെ പറയിപ്പിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook