ഹൈദരാബാദ്: ക്രിക്കറ്റ് വിശേഷിപ്പിക്കപ്പെടുന്നത് ജെന്റില്‍മാന്‍സ് ഗെയിം എന്നാണ്. ആ വിശേഷണത്തോട് നൂറ് ശതമാനം കൂറു പുലര്‍ത്തിയ താരങ്ങളിലൊരാളാണ് ഇന്ത്യയുടെ വെരി വെരി സ്‌പെഷ്യല്‍ ലക്ഷമണ്‍. ത്‌ന്റെ കരിയറില്‍ കളിക്കളത്തിന് അകത്തും പുറത്തുമെല്ലാം ലക്ഷ്മണ്‍ ജെന്‍ില്‍മാനായിരുന്നു. വിവാദങ്ങളേയും വിമര്‍ശനങ്ങളേയുമെല്ലാം അദ്ദേഹം പന്തിനെ എന്നോളം ഡിഫന്റ് ചെയ്തു. എന്നാല്‍ വിവിഎസിന്റെ കരിയറിന്റെ അവസാനം ഒരു വിവാദത്തോടെയായിരുന്നു. ആ ഐതിഹാസിക കരിയറിലെ ഏക വിവാദവും അതായിരുന്നു.

അന്നത്തെ ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ എം.എസ് ധോനിയെ ചുറ്റിപ്പറ്റിയായിരുന്നു അത്. ലക്ഷ്മണ്‍ ടീമിന് പുറത്തായതിനു പിന്നില്‍ ധോനിയാണെന്നായിരുന്നു അന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ആരോപണങ്ങളോട് പക്ഷെ ധോണിയും ലക്ഷ്മണും പ്രതികരിച്ചതേയില്ല. എന്നാല്‍ താരങ്ങളെ പിന്നീട് പൊതു വേദികളില്‍ ഒരുമിച്ച് കണ്ടതുമില്ല. ഇതോടെ അഭ്യൂഹം സത്യമാണെന്ന് പലരും വിശ്വസിക്കുകയും ചെയ്തു.

എന്നാലിപ്പോഴിതാ വിവാദത്തിന് ‘281 ഉം അതിനപ്പുറവും’ എന്ന തന്റെ ആത്മകഥയിലൂടെ വിരാമമിട്ടിരിക്കുകയാണ് ലക്ഷ്മണ്‍. തന്റെ വിരമിക്കലിനു പിന്നില്‍ ധോനിക്ക് യാതൊരു റോളുമില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. മാധ്യമ വാര്‍ത്തകളാണ് ഇക്കാര്യത്തില്‍ തെറ്റിദ്ധാരണ ഉണ്ടാക്കിയതെന്നും ലക്ഷ്മണ്‍ ആത്മകഥയില്‍ പറയുന്നു. തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു എന്ന് ലക്ഷ്മണ്‍ പറയുന്നു.

പത്രസമ്മേളനത്തില്‍ വച്ച് താന്‍ വിരമിക്കലിനെ കുറിച്ച് പറഞ്ഞപ്പോള്‍ മാധ്യമങ്ങള്‍ ചോദിച്ചത് വിഷയം ധോണിയോട് പറഞ്ഞോ എന്നായിരുന്നു. ധോണി എന്തു പറഞ്ഞുവെന്നും അവര്‍ ചോദിച്ചു. ചോദ്യങ്ങള്‍ താന്‍ നല്‍കിയ മറുപടിയാണ് വിവാദത്തിലേക്ക് നയിച്ചതെന്ന് വിവിഎസ് ചൂണ്ടിക്കാണിക്കുന്നു.

‘മറുപടിയായി തമാശ രൂപേണ പറഞ്ഞ ഒരു കാര്യമാണ് ഇത്രയും തെറ്റിദ്ധാരണകള്‍ക്ക് കാരണമായത്. ധോണിയെ സമീപിക്കുന്നത് എത്ര ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് എല്ലാവര്‍ക്കു അറുയുന്നതല്ലേ എന്നായിരുന്നു താന്‍ തമാശയായി പറഞ്ഞത്. എന്നാല്‍ ഇത് എന്റെ ക്രിക്കറ്റ് കരിയറിലെ ഒരേയൊരു വിവാദത്തിന് തിരികൊളുത്തുമെന്ന് അറിഞ്ഞിരുന്നില്ല’ ലക്ഷ്മണ്‍ കുറിച്ചു.

‘ഞാന്‍ അറിയാതെ മാധ്യമങ്ങള്‍ക്ക് ഒരു ഇരയെ നല്‍കുകയായിരുന്നു. ബാക്കിയെല്ലാം അവര്‍ ഊഹിച്ചെടുത്തു. ഞാന്‍ വിരമിച്ചത് ധോണിയുമായുള്ള പ്രശ്നങ്ങളുടെ പേരിലാണെന്നും ഞങ്ങള്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ടായിരുന്നുവെന്നും അവര്‍ എഴുതി’ താരം കൂട്ടിച്ചേര്‍ത്തു. പിന്നീട് ധോണിയുമായി വിവാദത്തെ കുറിച്ച് സംസാരിച്ചതിനെ പറ്റിയും ലക്ഷ്മണ്‍ പറയുന്നുണ്ട്.

തന്റെ അവസാന മത്സരത്തിന് ശേഷം ഹോട്ടലില്‍ ടീമിനും മറ്റും നന്ദി പറയുകയായിരുന്നു. അവിടെ വച്ച് തന്നെ കണ്ടതും ധോണി പൊട്ടിച്ചിരിച്ചു. തന്നെ ലക്ഷ്മണ്‍ ഭായി എന്ന് വിളിച്ചു കൊണ്ട് ധോണി പറഞ്ഞു, ‘നിങ്ങള്‍ക്ക് വിവാദങ്ങള്‍ പരിചയമില്ല. പക്ഷെ എനിക്ക് നല്ല പരിചയമുണ്ട്. നിങ്ങളിത് കാര്യമാക്കണ്ട. കുറേ കഴിയുമ്പോള്‍ ഇത് ഓര്‍ത്ത് ചിരിക്കാനുള്ള കഥ മാത്രമായിരിക്കും. ചിലപ്പോള്‍ വസ്തുകളേക്കാള്‍ ആളുകള്‍ക്ക് ഇഷ്ടപ്പെടുക കഥകളായിരിക്കും’ എന്ന്. ധോണിയുടെ പക്വതയുള്ള സമീപനത്തില്‍ താന്‍ സ്തബ്ധനായിപ്പോയെന്നും ലക്ഷ്മണ്‍ കൂട്ടിച്ചേര്‍ത്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ