ഇന്ത്യയുടെ ഓസ്ട്രേലിയ പര്യടനത്തിലെ അവസാന ടെസ്റ്റിൽ ഇന്ത്യൻ നിരയിൽ രോഹിത് ശർമ്മയുണ്ടാകില്ല. കുഞ്ഞു ജനിച്ചതോടെ ഓസ്ട്രേലിയയില് നിന്ന് താല്ക്കാലിക ഇടവേളയെടുത്ത് ഇന്ത്യയിലെത്തിയിരിക്കുകയാണ് ഇന്ത്യൻ താരം. അതിനാൽ തന്നെ രോഹിത്തിന് പകരക്കാരനെ കണ്ടെത്തേണ്ട സാഹചര്യമാണ് ഇന്ത്യൻ ടീമിൽ. എന്നാൽ പകരം ഒരു ബാറ്റ്സ്മാൻ വേണ്ട എന്നാണ് മുൻ ഇന്ത്യൻ ഇതിഹാസം വിവിഎസ് ലക്ഷ്മണിന്റെ നിർദേശം.
രോഹിത്തിന് പകരം ഓഫ് സ്പിന്നർ ആർ.അശ്വിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തണമെന്ന് ലക്ഷ്മൺ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കുമ്പോഴായിരുന്നു ലക്ഷ്മൺ ഇങ്ങനെ അഭിപ്രായപ്പെട്ടത്. സിഡ്നിയിലെ പിച്ച് മത്സരത്തിലുടനീളം സ്പിന്നർമാർക്ക് പിന്തുണ നൽകുന്നതാണെന്നും, അതിനാൽ ജഡേജയ്ക്കൊപ്പം രവിചന്ദ്രൻ അശ്വിനെയും ഉൾപ്പെടുത്തണമെന്നും, അത് ഇന്ത്യൻ ബോളിങ് ശക്തിപ്പെടുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
“വിദേശ പിച്ചുകളിൽ മികച്ച രീതിയിൽ ബാറ്റ് ചെയ്യാൻ സാധിക്കുന്ന താരം കൂടിയാണ് അശ്വിൻ. മുമ്പ് പല തവണ അദ്ദേഹം അത് തെളിയിച്ചിട്ടുമുണ്ട്. അതുകൊണ്ട് തന്നെ അന്തിമ ഇലവനിൽ അശ്വിനെയും ഉൾപ്പെടുത്തണം,” ലക്ഷ്മൺ പറഞ്ഞു. “അശ്വിനെ ഉൾപ്പെടുത്തുന്നത് സ്പിന്നിനെ ശക്തിപ്പെടുത്തുന്നതിന് പുറമെ പേസർമാരുടെ ജോലി ഭാരവും കുറയ്ക്കും.” ലക്ഷ്മൺ കുറിച്ചു.
നാല് മത്സരങ്ങൾ അടങ്ങുന്ന ബോർഡർ – ഗവാസ്കർ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയാണ് മുന്നിൽ. രണ്ട് മത്സരങ്ങൾ ഇന്ത്യ ജയിച്ചപ്പോൾ ഒരു മത്സരം ഓസ്ട്രേലിയായാണ് ജയിച്ചത്. ഡിഡ്നിയിൽ ജയിക്കാനായാൽ ഓസ്ട്രേലിയൻ മണ്ണിലെ ആദ്യ പരമ്പര നേട്ടമാണ് ഇന്ത്യ കൈവരിക്കുക.