ലോകകപ്പ് സെമിഫൈനലിലെ ഇന്ത്യൻ തോൽവിയിൽ മുൻ ഇന്ത്യൻ താരങ്ങളെല്ലാം നിരാശയിലാണ്. ന്യൂസിലൻഡിനെതിരായ മൽസരത്തിൽ 18 റൺസിനായിരുന്നു ഇന്ത്യൻ തോൽവി. തുടക്കത്തിൽ തന്നെ ഇന്ത്യയുടെ മുൻനിര ബാറ്റ്സ്മാന്മാർ രണ്ടക്കം കാണാതെ വീണു. ഈ സാഹചര്യത്തിൽ ഇന്ത്യൻ ബാറ്റിങ് ഓർഡറിൽ വരുത്തിയ മാറ്റത്തെ വിമർശിക്കുകയാണ് മുൻ ഇന്ത്യൻ താരങ്ങൾ.

നിർണായകമായൊരു മൽസരത്തിൽ അനുഭവ പരിചയമുളള എം.എസ്.ധോണിയെ പോലൊരു കളിക്കാരനെ നേരത്തെ ഇറക്കാതിരുന്നത് ശരിക്കും ഞെട്ടിക്കുന്നുവെന്നാണ് സച്ചിൻ ടെൻഡുൽക്കറും സൗരവ് ഗാംഗുലിയും പറഞ്ഞത്. ഹാർദിക് പാണ്ഡ്യക്കുപകരം 5-ാമനായി ധോണി ഇറങ്ങിയിരുന്നുവെങ്കിൽ കളിയിൽ വലിയ മാറ്റം വന്നേനെ. ധോണി തീർച്ചയായും എന്തെങ്കിലും ചെയ്‌തേനെ. ഇങ്ങനെയൊരു നിർണായക മൽസരത്തിൽ ധോണിയെ നേരത്തെ ഇറക്കി കളിയുടെ നിയന്ത്രണം കൈക്കലാക്കണമായിരുന്നു. മൽസരത്തിന്റെ അവസാനഘട്ടത്തിൽ ജഡേജയുമായി സംസാരിച്ച് ധോണിയാണ് കളി നിയന്ത്രിച്ചത്. വളരെ സമർത്ഥമായി അദ്ദേഹം സ്ട്രൈക്ക് നൽകിയെന്ന് സച്ചിൻ ഒരു വാർത്താ ചാനലിനോട് പറഞ്ഞു.

അതേസമയം, ബാറ്റിങ് ഓർഡറിലെ മാറ്റത്തെ തന്ത്രപരമായ മണ്ടത്തരമെന്നാണ് മുൻ താരം വിവിഎസ് ലക്ഷ്മൺ വിശേഷിപ്പിച്ചത്. ”പാണ്ഡ്യക്കു മുന്നേ ധോണിയെ ഇറക്കണമായിരുന്നു. അതൊരു തന്ത്രപരമായ മണ്ടത്തരമായിരുന്നു. ദിനേശ് കാർത്തിക്കിനു പകരം ധോണി വരണമായിരുന്നു. 2011 ലെ ഫൈനൽ പോലെ, അദ്ദേഹം യുവരാജ് സിങ്ങിനു പകരം നാലാമനായി ഇറങ്ങി കളി ജയിപ്പിച്ചു,” ലക്ഷ്മൺ പറഞ്ഞു.

Read Also: ധോണി പുറത്തായത് നോബോള്‍ വിളിക്കേണ്ടിയിരുന്ന പന്തില്‍; സോഷ്യല്‍ മീഡിയയില്‍ ആരാധകരോഷം

ധോണിയെ വൈകി ഇറക്കിയത് തന്നെ ഞെട്ടിച്ചുവെന്നാണ് സൗരവ് ഗാംഗുലി പറഞ്ഞത്. ”ആ ഒരു ഘട്ടത്തിൽ പരിചയ സമ്പന്നനായ കളിക്കാരനെയാണ് ഇറക്കേണ്ടിയിരുന്നത്. പന്ത് ബാറ്റ് ചെയ്യുമ്പോൾ മറുവശത്ത് ധോണിയായിരുന്നുവെങ്കിൽ, അദ്ദേഹം ഒരിക്കലും ആ ഷോട്ട് അടിക്കാൻ പന്തിനെ അനുവദിക്കുമായിരുന്നില്ല. ജഡേജ ബാറ്റ് ചെയ്യുമ്പോൾ ധോണി അവിടെ ഉണ്ടായിരുന്നു. ഇരുവരും പരസ്പരം സംസാരിച്ചാണ് കളി മുന്നോട്ടു കൊണ്ടുപോയത്. നിർണായകമായൊരു സാഹചര്യത്തിൽ ആശയവിനിമയത്തിന് ശക്തിയുണ്ട്. ധോണിയെ ഒരിക്കലും 7-ാം നമ്പറിൽ ആയിരുന്നില്ല ഇറക്കേണ്ടിയിരുന്നത്. ഒരു ഫിനിഷർ എന്ന നിലയിൽ അദ്ദേഹത്തിനോട് ഇപ്പോഴും വളരെയധികം ബഹുമാനമുണ്ട്. അദ്ദേഹത്തിന് സിക്സറുകൾ അടിക്കാൻ കഴിയില്ലെന്നല്ല, പക്ഷെ ഏകദിന മത്സരങ്ങളിൽ വിജയിക്കാനുള്ള വഴിയാണിതെന്ന് അദ്ദേഹം കരുതുന്നു,” ഗാംഗുലി പറഞ്ഞു.

സെമിഫൈനലിൽ ഇന്ത്യയുടെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. 240 റണ്‍സായിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം. എന്നാല്‍ അഞ്ച് റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് പേരെ നഷ്ടമായി. പിന്നാലെ പാണ്ഡ്യയും പന്തും ചേർന്ന് ഇന്ത്യയെ മുന്നോട്ട് നയിച്ചു. എന്നാല്‍ പന്ത് 33 റണ്‍സുമായി പുറത്തായി.പിന്നാലെ 32 റണ്‍സുമായി പാണ്ഡ്യയും പുറത്തായി. പിന്നീട് ജഡേജയും ധോണിയും സെഞ്ചുറി കൂട്ടുകെട്ടിലൂടെ ഇന്ത്യയുടെ മുന്നോട്ട് നയിച്ചെങ്കിലും വിജയം നേടാനായില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook