സച്ചിന് ടെൻഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്, വിരേന്ദര്‍ സെവാഗ്, യുവരാജ് സിങ് ഇങ്ങനെ ഒറ്റയ്ക്ക് തന്നെ കളിയുടെ ഗതി തിരിച്ചു വിടാന്‍ കഴിയുന്നൊരു താരനിര ഇന്ത്യയ്ക്കുണ്ടായിരുന്നു. നിലവില്‍ ഇന്ത്യന്‍ ടീം ഏറെ ശക്തമാണെന്ന വസ്തുത അംഗീകരിക്കുമ്പോള്‍ തന്നെ അന്നത്തെ ടീം സൃഷ്ടിച്ച ഓളങ്ങള്‍ ഇന്നും മായാതെ നില്ക്കുന്നു. ആ ടീമില്‍ നിന്നൊരു മാച്ച് വിന്നറെ തിരഞ്ഞെടുക്കാന്‍ ചോദിച്ചാല്‍ ഉത്തരം പറയാന്‍ ഒന്നാലോചിക്കേണ്ടി വരും. പക്ഷെ വിവിഎസ് ലക്ഷ്മണിനോടാണ് ചോദിക്കുന്നതെങ്കില്‍ ഉത്തരം റെഡിയാണ്.
തനിക്കൊപ്പം കളിച്ചവരില്‍ ഏറ്റവും വലിയ മാച്ച് വിന്നറെന്ന് ലക്ഷ്മണ് വിശേഷിപ്പിച്ചത് അനില്‍ കുംബ്ലെയയാണ്. വെരി വെരി സ്പെഷല്‍ സ്റ്റോറീസി’ന്റെ എപ്പിസോഡിലാണ് ലക്ഷ്മണ് കുംബ്ലെയെ കുറിച്ച് സംസാരിച്ചത്. തന്റെ പ്രിയ സുഹൃത്തും ഇന്ത്യയുടെ ഏറ്റവും വലിയ മാച്ച് വിന്നറുമെന്നാണ് അദ്ദേഹം കുംബ്ലെയെ കുറിച്ച് പറഞ്ഞത്. പിന്നാലെ കുംബ്ലെയുമൊത്തുള്ള തന്റെ ആദ്യ മത്സരത്തെ കുറിച്ചും ലക്ഷ്മണ് പറഞ്ഞു. 1995 ലെ ചലഞ്ചേഴ്സ് ട്രോഫിയിലായിരുന്നു അത്.
”അതൊരു മോശം ഓർമയാണ്. ഞാന്‍ ഹൈദരാബാദിനായി നന്നായി കളിച്ചു. പിന്നെ ഇന്ത്യ അണ്ടര്‍ 19 ന് വേണ്ടിയും. പിന്നാലെ ചലഞ്ചേഴ്സ് ട്രോഫിയ്ക്കുള്ള ഇന്ത്യ ബി ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മത്സരം നടന്നത് ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തിലാണ്. പന്തെന്റെ പാഡില്‍ വന്ന് അടിക്കുന്ന ശബ്ദം ഞാനൊരിക്കലും മറക്കില്ല. ഒരു ലെഗ് സ്പിന്നര്‍ക്കെതിരെ കളിക്കുമ്പോള്‍ ബാക്ക് ഫൂട്ടിലേക്ക് മാറി സ്ക്വയറിലേക്ക് അടിക്കാന്‍ നോക്കും. ഞാനത് ചെയ്തു. തൊട്ടടുത്ത പന്ത് എന്റെ ബാറ്റ് താഴേക്ക് എത്തും മുൻപ് വന്ന് പാഡില്‍ കൊണ്ടു. അനില്‍ അത്ര വേഗത്തിലാണ് എറിഞ്ഞത്” ലക്ഷ്മണ് പറഞ്ഞു.
‘ഞാന്‍ നിന്നെ കുറിച്ച് കേട്ടിരുന്നു. നീ ബാക്ക് ഫൂട്ടില്‍ കളിക്കുന്നതില്‍ മിടുക്കനാണെന്ന് അറിയാം. അങ്ങനെയാണ് ഞാന്‍ ബാറ്റ്സ്മാന്മാരെ കുടുക്കുന്നത്. അന്നെന്റെ കൂടെ ഭാഗ്യവുമുണ്ടായിരുന്നു. അന്ന് മത്സരശേഷം നിന്റെ അടുത്ത് വന്ന് ബാക്ക് ഫൂട്ടില്‍ കളിക്കരുതെന്ന് നിന്നോട് പറഞ്ഞതും എനിക്കോർമയുണ്ട്” ഇതായിരുന്നു കുംബ്ലെയുടെ മറുപടി.