ഹൈദരാബാദ്: ഇന്ത്യന്‍ പരിശീലക സ്ഥാനത്തു നിന്നും ഇതിഹാസ താരം അനില്‍ കുംബ്ലെയുടെ പടിയിറങ്ങല്‍ സമീപ കാലത്തെ ഏറ്റവും വലിയ വിവാദങ്ങളിലൊന്നായിരുന്നു. നായകന്‍ വിരാട് കോഹ്ലിയുമായുള്ള അഭിപ്രായ ഭിന്നതകളായിരുന്നു കുംബ്ലയുടെ പടയിറക്കത്തില്‍ അവസാനിച്ചത്. കുംബ്ലെയക്ക് പകരം രവി ശാസ്ത്രി പരിശീലകനായി എത്തുകയും വിവാദം അവസാനിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ വിവാദത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ഇതിഹാസ താരം വിവിഎസ് ലക്ഷ്മണ്‍.

ലക്ഷ്മണും കൂടെ അംഗമായ സിഎസിയായിരുന്നു കുംബ്ലെയുടെ നിയമനത്തിന് പിന്നില്‍. ലക്ഷ്മണിനെ കൂടാതെ സച്ചിനും ഗാംഗുലിയുമായിരുന്നു കമ്മിറ്റിയിലെ അംഗങ്ങള്‍. കുംബ്ലെയെ പരിശീലകനായി നിലനിര്‍ത്തണമെന്നായിരുന്നു തങ്ങള്‍ ആഗ്രഹിച്ചിരുന്നതെന്ന് ലക്ഷ്മണ്‍ പറയുന്നു. പടിയിറങ്ങിയത് കുംബ്ലെ സ്വമേധയാ ആണെന്നും ലക്ഷ്മണ്‍ പറഞ്ഞു. അതേസമയം, കോഹ്ലിയെ പ്രതിരോധിക്കുകയും ചെയ്തു വിവിഎസ്.

”കോഹ്ലി അതിരുവിട്ടെന്ന് തോന്നിയിട്ടില്ല. സിഎസിയിലെ ഞങ്ങളൊക്കെ ആഗ്രഹിച്ചിരുന്നത് കുംബ്ലെ തുടരണമെന്നായിരുന്നു. പക്ഷെ പോകാനായിരുന്നു അവന്റെ തീരുമാനം. അതൊരു കൈപ്പേറിയ അനുഭവം തന്നെയായിരുന്നു” ലക്ഷ്മണ്‍ പറയുന്നു. ഇന്ത്യാ ടുഡെയുടെ സൗത്ത് ഇന്ത്യ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു വെരി വെരി സ്‌പെഷ്യല്‍ ലക്ഷ്മണ്‍.

കോഹ്ലി-കുംബ്ലെ ഭിന്നതയെ കുറിച്ചുള്ള ചോദ്യത്തിന് തുറന്നടിച്ചായിരുന്നു അദ്ദേഹത്തിന്റെ മറുപടി.”ഞാന്‍ എപ്പോഴും ആളുകളോട് പറയാറുണ്ട്, സിഎസി മാര്യേജ് കൗണ്‍സിലിങ് അല്ല. ഏറ്റവും മികച്ച വരെ തിരഞ്ഞെടുക്കുകയായിരുന്നു ഞങ്ങളുടെ ജോലി. അത് ഭംഗിയായി ചെയ്തു. പക്ഷെ നിര്‍ഭാഗ്യവശാല്‍ വിരാടും കുംബ്ലെയും യോജിച്ചു പോയില്ല” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ