ഫുട്ബോളിലെ ഏറ്റവും മികച്ച ഗോളിന് നല്കുന്ന ഫിഫയുടെ 2017 പുസ്കാസ് പുരസ്കാരത്തിനുള്ള പട്ടിക തയ്യാറായി. പത്ത് ഗോളുകളില്‍ നിന്ന് മികച്ച ഗോളടിച്ചയാളെ നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാം. ഫിഫയുടെ ഔദ്യോഗിക പേജിലാണ് വോട്ട് രേഖപ്പെടുത്താന്‍ സാധിക്കുക. 10 പേരില്‍ നിന്ന് മൂന്ന് പേരെ തെരഞ്ഞെടുക്കുന്ന ഒക്ടോബര്‍ 9 വരെയാണ് വോട്ട് രേഖപ്പെടുത്താന്‍ സാധിക്കുക.
ഒക്ടോബര്‍ 9 മുതല്‍ തെരഞ്ഞെടുത്ത മൂന്ന് ഗോളുകളില്‍ മികച്ച ഗോള്‍ തെരഞ്ഞെടുക്കാന്‍ വീണ്ടും വോട്ടിംഗ് ഓപ്ഷന് ലഭ്യമാകും. ഇതില്‍ നിന്നാണ് മികച്ച ഗോളടിച്ചയാളെ തെരഞ്ഞെടുക്കുക. ഒക്ടോബര്‍ 23ന് പുരസ്കാര പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് വരെ വോട്ടിംഗ് രേഖപ്പെടുത്താന്‍ സാധിക്കും.
സൂപ്പര്‍താരങ്ങളൊന്നും തന്നെ 10 പേരുളള പട്ടികയില്‍ പെട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഘാനയുടെ കെവിന് പ്രിന്‍സ് ബോട്ടെംഗ്, അര്‍ജന്റീനയുടെ അലെസാണ്ട്രോ കമാര്‍ഗോ, വെനസ്വേലയുടെ ഡൈന കാസ്റ്റല്ലനസ്, ഫ്രാന്‍സ് താരങ്ങളായ മൗസ ഡെംബെലെ, ഒലിവര്‍ ഗിറൗഡ്, കൌളംബിയയുടെ അവിലസ് ഹര്‍ട്ടാഡോ, ക്രോട്ടിയന് താരം മരിയോ മാന്സൂക്കി, ദക്ഷിണാഫ്രിക്കയുടെ ഓസ്കറിന് മസൂക്കി, സെര്‍ബിയന്‍ താരം നിമാഞ്ച മാട്ടിക്, സ്പെയിനിന്റെ ജോര്‍ദ്ദി ഇംബോല എന്നിവരാണ് പട്ടികയിലുളളത്.
കഴിഞ്ഞ വര്‍ഷം മലേഷ്യന്‍ താരം മൊഹമ്മദ് ഫൈസ് സുബ്രിയാണ് പുസ്കാസ് പുരസ്കാരത്തിന് അര്‍ഹനായത്.