scorecardresearch

Latest News

ചെസിൽ അതികായനായി വീണ്ടും ‘വിശ്വനാഥൻ ആനന്ദ്’; 14 വർഷത്തിന് ശേഷം ലോകകിരീടം

2013 ലെ കണക്കിന് മാഗ്നസ് കാൾസണോട് പ്രതികാരം വീട്ടാനായത് കിരീടനേട്ടത്തിന് തിളക്കമേകി

viswanathan anand, world rapid chess championship, world chess championship, anand world chess championship, anand world titles, chess news, sports news

റിയാദ്: നീണ്ട 14 വർഷത്തിന് ശേഷം വീണ്ടും ലോക റാപ്പിഡ് ചെസ് കിരീടം ചൂടി ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദ്. സൗദിയിൽ നടന്ന മത്സരത്തിൽ ശക്തനായ എതിരാളി നോർവേയുടെ മാഗ്നസ് കാൾസണെയടക്കം പരാജയപ്പെടുത്തിയാണ് ആനന്ദ് കിരീടം നേടിയത്.

15 റൗണ്ട് നീണ്ട ചാംപ്യന്‍ഷിപ്പില്‍ അവസാനം വിശ്വനാഥൻ ആനന്ദും റഷ്യയുടെ വ്ലാദിമർ ഫെഡോസീവും ഒപ്പത്തിനൊപ്പം എത്തി. ഒടുവിൽ പ്ലേ ഓഫ് മത്സരത്തിൽ ഫെഡോസീവിനെ പരാജയപ്പെടുത്തിയാണ് ആനന്ദ് കിരീടം നേടിയത്. ഒൻപതാം റൗണ്ടിലാണ് ആനന്ദും മാഗ്നസ് കാൾസണും തമ്മിൽ ഏറ്റുമുട്ടിയത്. മത്സരത്തിൽ വിജയം ആനന്ദിനൊപ്പമായിരുന്നു.

2003 ലാണ് ആനന്ദ് അവസാനമായി റാപ്പിഡ് ചെസ് ചാംപ്യൻഷിപ്പിൽ ലോക ചാംപ്യനാവുന്നത്. 2013 ൽ ഫൈനലിലെത്തിയ ആനന്ദിന് പക്ഷെ കാൾസൻ വെല്ലുവിളിയായി. ഫൈനലിൽ കാൾസണൊപ്പമായിരുന്നു വിജയം. ഈ മുറിവിനുള്ള പ്രതികാരം കൂടിയായി ആനന്ദിന്റെ ഇത്തവണത്തെ വിജയം.

മുൻ ലോക ചാംപ്യനായ കാൾസൺ ചാംപ്യൻഷിപ്പ് അവസാനിച്ചപ്പോൾ അഞ്ചാം സ്ഥാനത്തായി. റഷ്യയുടെ തന്നെ ഇയാന്‍ നെപോം നിയാച്ച്ടിക്കിനാണ് മൂന്നാം സ്ഥാനം. കിരീട നേട്ടത്തിന് പിന്നാലെ ആനന്ദിനെ അഭിനന്ദിച്ച് മുൻ എതിരാളി ഗാരി കാർസ്പറോവ് തന്നെ രംഗത്തെത്തി. “ഈ വിജയം താങ്കൾ എന്നാണ് വിരമിക്കുന്നതെന്ന് ചോദിച്ചവർക്ക് സമ്മാനിക്കൂ”, കാർസ്പറോവ് കുറിച്ചു.

ചാംപ്യൻഷിപ്പിൽ ആറ് ജയവും ഒൻപത് സമനിലയും നേടിയ ആനന്ദ് അപരാജിതനായാണ് കിരീടത്തിലേക്ക് ചുവടുവച്ചത്. മത്സരത്തിൽ പങ്കെടുത്ത മറ്റൊരു ഇന്ത്യാക്കാരൻ പി.ഹരികൃഷ്ണ 16ാമനായാണ് ഫിനിഷ് ചെയ്തത്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Viswanathan anand wins world rapid chess championship