പാരിസ്: ബലോൻ ദ്യോർ പുരസ്കാര വിതരണ വേളയില്‍ വിവാദത്തിനു വഴിതെളിച്ചിരിക്കുകയാണ് ലിവര്‍പൂള്‍ താരം വിര്‍ജില്‍ വാന്‍ ഡിക് നടത്തിയ പരാമര്‍ശം. യുവന്റസിന്റെ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ട്രോളിയുള്ള വാന്‍ ഡികിന്റെ പരാമര്‍ശമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്.
റെഡ് കാർപെറ്റില്‍ ഡച്ച് ടെലിവിഷന്‍ സ്റ്റേഷന് ആര്‍ടിഎല്‍ സെവനോടാണ് സംസാരിക്കുമ്പോഴാണ് ക്രിസ്റ്റ്യാനോയെ വാന്‍ ഡിക് ട്രോളിയത്. ബാലന് ഡി ഓര് പുരസ്കാര വിതരണത്തില്‍ പങ്കെടുക്കാന്‍ റൊണാള്‍ഡോ എത്തിയിരുന്നില്ല. ‘നിങ്ങള്‍ക്ക് ഒരു എതിരാളി കുറഞ്ഞില്ലേ’ എന്ന് റൊണാള്‍ഡോയുടെ അസാന്നിധ്യം ചൂണ്ടിക്കാട്ടി വാന്‍ ഡികിനോട് അവതാരകർ ചോദിച്ചു. ‘റൊണാള്‍ഡോ ഒരു എതിരാളിയാണോ’ എന്ന് വാന്‍ ഡിക് തിരിച്ചു ചോദിക്കുകയായിരുന്നു. ഇത് ഫുട്ബോള്‍ ലോകം വലിയ ചര്‍ച്ചയാക്കി.
Read Also: ബാലന് ഡി ഓര്: ക്രിസ്റ്റ്യാനോയെ കടത്തിവെട്ടി മെസിയുടെ ‘ആറാട്ട്’
റൊണാള്‍ഡോയെ വാന്‍ ഡിക് പരിഹസിച്ചതായാണ് പ്രധാന വിമര്‍ശനം. റൊണാള്‍ഡോയുടെ സഹോദരി കാതിയ അവെയ്റോ വാന്‍ ഡികിന് മറുപടിയുമായി എത്തി. യാഥാര്‍ഥ്യ ബോധമില്ലാതെയാണ് വാന്‍ ഡിക് സംസാരിക്കുന്നതെന്നും അയാള്‍ പൂര്‍ണ നിരാശനാണെന്നും കാതിയ തിരിച്ചടിച്ചു. വിര്‍ജില്‍ പോകുന്നിടത്തെല്ലാം റൊണാള്‍ഡോ ഒരായിരം തവണ പോയിട്ടുണ്ടെന്നും കാതിയ മറുപടി നല്കി.
ഇത്തവണ ബലോൻ ദ്യോർ നേട്ടം സ്വന്തമാക്കിയത് ബാഴ്സയുടെ അർജന്റീന താരം ലയണൽ മെസിയാണ്. അവസാന നിമിഷം വരെ മെസിക്ക് കനത്ത വെല്ലുവിളി ഉയർത്തിയ വാൻ ഡികാണ് രണ്ടാം സ്ഥാനത്ത്. റൊണാൾഡോയെ പിന്തള്ളിയാണ് വാൻ ഡിക് രണ്ടാം സ്ഥാനത്തെത്തിയത്. ആറാം ബലോൻ ദ്യോറാണ് മെസി ഇന്ന് സ്വന്തമാക്കിയത്. ഫ്രാന്‍സിലായിരുന്നു ബലോൻ ദ്യോർ വിജയിയെ പ്രഖ്യാപിച്ചത്. ഇതോടെ ബലോൻ ദ്യോർ പുരസ്കാര നേട്ടത്തില്‍ ലോക റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് മെസി. അഞ്ച് തവണ ബലോൻ ദ്യോർ നേടിയ യുവന്റസിന്റെ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോയെ മറികടന്നാണ് മെസിയുടെ അത്ഭുതനേട്ടം. 2015 ലാണ് മെസി അവസാനമായി ബലോൻ ദ്യോർ പുരസ്കാരം നേടിയത്.
Read Also: തട്ടിമാറ്റാൻ ശ്രമിച്ചിട്ടും കയ്യൊഴിയാതെ ഭാഗ്യം; തങ്കച്ചൻ ഇനി ‘കോടി കാരുണ്യം’ ചൊരിയും
ലാലിഗയിലെയും ചാംപ്യൻസ് ലീഗിലെയും മികച്ച പ്രകടനമാണ് മെസിക്ക് പുരസ്കാരം ലഭിക്കാൻ കാരണമായത്. ലാലിഗയിൽ 36 ഗോളുകളും 13 അസിസ്റ്റുകളും മെസിയുടെ പേരിലുണ്ട്. ചാംപ്യൻസ് ലീഗിൽ 12 ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് മെസിയിലൂടെ ബാഴ്സയ്ക്ക് ലഭിച്ചത്.