ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ 45-ാം ജന്മദിനമാണിന്ന്. ആരാധകരും സഹതാരങ്ങളായിരുന്നവരും കായികലോകം ഒന്നാകെയും അദ്ദേഹത്തിന് ജന്മദിനാശംസ നേരുകയാണ്. ഇന്ത്യയുടെ മികച്ച ബാറ്റ്സ്മാനായിരുന്ന സച്ചിന്റെ കൂടെ പാഡ് കെട്ടിയിറങ്ങിയ വിരേന്ദര്‍ സെവാഗും അദ്ദേഹത്തിന് ജന്മദിനാശംസ നേര്‍ന്ന് രംഗത്തെത്തി.

സച്ചിനൊപ്പം നില്‍ക്കുന്ന ചിത്രത്തിനൊപ്പമാണ് സെവാഗ് ജന്മദിനാശംസ നേര്‍ന്നത്. അതും നല്ല ഒന്നാന്തരം സിനിമാ സ്റ്റൈലില്‍. ഷാരൂഖ് ഖാന്‍ ചിത്രം ഫാനിലെ ഒരു സംഭാഷണം കടമെടുത്താണ് സെവാഗിന്‍റെ ട്വീറ്റ് തുടങ്ങുന്നത്. ”അയാള്‍ വെറുമൊരു ക്രിക്കറ്ററല്ല, അയാളാണ് എന്‍റെ ലോകം. മറ്റുള്ള ഒരുപാട് പേര്‍ക്കും അതുപോലെ തന്നെ. ഇന്ത്യയില്‍ സമയത്തെ നിശ്ചലമാക്കാന്‍ കഴിയുന്ന മനുഷ്യന് ജന്മദിനാശംസകള്‍. എന്നെപ്പോലെ ഒരുപാട് പേര്‍ ഉപയോഗിച്ച ക്രിക്കറ്റ് ബാറ്റിനെ മികച്ചൊരു ആയുധമാക്കിയതിന് നന്ദി”, സെവാഗ് ട്വിറ്ററില്‍ കുറിച്ചു.

സെവാഗിന്റെ ഈ ട്വീറ്റ് ആരാധകര്‍ വ്യാപകമായി ഏറ്റെടുത്തിരിക്കുകയാണ്. നേരത്തേ സെവാഗിന്റെ ജന്മദിനത്തിന് സച്ചിന്റെ ആശംസയും വൈറലായി മാറിയിരുന്നു. അന്ന് ചെറിയൊരു പണിയായിരുന്നു സെവാഗിന് ക്രിക്കറ്റ് ദൈവം നല്‍കിയത്.

‘വീരുവിന് ജന്മദിനാശംസകള്‍, പുതുവര്‍ഷത്തിന് നല്ല തുടക്കമാകട്ടേയെന്ന് ആശംസിക്കുന്നു. മൈതാനത്ത് ഞാന്‍ പറയുന്നതിന്റെ നേരെ എതിരാണ് നീ ചെയ്യാറുളളത്. അതുകൊണ്ട് എന്റെ വകയും ഒന്നിരിക്കട്ടെ’ എന്നാണ് സച്ചിന്‍ ട്വീറ്റ് ചെയ്തിട്ടുളളത്. ഇതില്‍ എന്താണ് രസമെന്ന് ചോദിച്ചാല്‍ വാചകത്തിലെ ഓരോ അക്ഷരങ്ങളും തലകുത്തനെയാണ് എഴുതിയിരിക്കുന്നത്, അതായത് ജന്മദിന സന്ദേശം വായിക്കണമെങ്കില്‍ സെവാഗ് തലകുത്തി നില്‍ക്കുകയോ ഫോണ്‍ തലകുത്തനെ പിടിക്കുകയോ വേണം.

സച്ചിന്‍-ഗാംഗുലി കൂട്ടുകെട്ട് കഴിഞ്ഞാല്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിങ് ജോഡി സച്ചിനും വിരേന്ദര്‍ സെവാഗുമായിരുന്നു. ഒരേ ശൈലിയില്‍ ബാറ്റ് വീശുന്ന കാഴ്ചയിലും സാമ്യതയുള്ള സച്ചിനും സെവാഗും ചേര്‍ന്ന് ബോളര്‍മാരെ പ്രഹരിക്കുമ്പോള്‍ ആരാണ് സ്‌ട്രൈക്ക് നേരിട്ടതെന്നു പോലും പെട്ടെന്നു മനസിലാവില്ല.

2003ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ റണ്ണറപ്പാക്കുന്നതിലും 2011ലെ ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കുന്നതിലും നിര്‍ണായക പങ്കു വഹിച്ചത് സച്ചിന്‍-സെവാഗ് കൂട്ടുകെട്ടാണ്. 93 ഏകദിനങ്ങളിലാണ് ഇരുവരും ചേര്‍ന്ന് ടീമിനായി ഓപ്പണ്‍ ചെയ്തത്. 42.13 ശരാശരിില്‍ 3919 റണ്‍സും സച്ചിന്‍-സെവാഗ് ജോടി അടിച്ചെടുത്തു. 186 റണ്‍സാണ് ഓപ്പണിങ് വിക്കറ്റില്‍ ഈ ജോടിയുടെ ഏറ്റവും മികച്ച കൂട്ടുകെട്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ