ആജീവനാന്ത വിലക്ക് ഏഴ് വര്‍ഷത്തേക്കാക്കി ബിസിസിഐ കുറച്ചതോടെ തന്റെ തിരിച്ചു വരവ് മോഹങ്ങളെ കുറിച്ച് ശ്രീശാന്ത് മനസ് തുറന്നിരുന്നു. വിരാട് കോഹ്ലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ കളിക്കണമെന്നും ടെസ്റ്റില്‍ 100 വിക്കറ്റ് തികയ്ക്കണമെന്നുമാണ് ശ്രീശാന്തിന്റെ ആഗ്രഹം. ശ്രീശാന്തിന്റെ വിലക്ക് കുറച്ചതില്‍ സന്തോഷമുണ്ടെന്ന് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ് പ്രതികരിച്ചു. അതേസമയം, ആഭ്യന്തര ക്രിക്കറ്റ് കളിച്ചാല്‍ മാത്രമേ നാഷണല്‍ ടീമിലെത്താന്‍ സാധിക്കുകയുള്ളൂവെന്നും സെവാഗ് പറഞ്ഞു.
ഡല്‍ഹിയില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സെവാഗ്. ഇതിനിടെ പാക് താരം മുഹമ്മദ് ആമിറിനേയും ശ്രീശാന്തിനേയും താരതമ്യം ചെയ്തതിനോടും സെവാഗ് പ്രതികരിച്ചു. വിലക്ക് അവസാനിച്ചതിന് പിന്നാലെ രാജ്യാന്തര തലത്തിലേക്ക് തിരികെ വന്ന ആമിറിനെ പോലെ ശ്രീശാന്തിനും തിരിച്ചു വരവുണ്ടാകുമോ എന്നായിരുന്നു ചോദ്യം. പാക്കിസ്ഥാനില്‍ എന്തും നടക്കുമെന്നായിരുന്നു സെവാഗിന്റെ മറുപടി.
Read More: ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഏഴു വർഷമായി കുറച്ചു, അടുത്ത വർഷം കളിക്കാം
ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ബിസിസിഐ (ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ്) 7 വര്‍ഷമായാണ് കുറച്ചത്. വിലക്ക് അടുത്ത വര്‍ഷം ഓഗസ്റ്റില്‍ അവസാനിക്കും. ബിസിസിഐ ഓംബുഡ്സ്മാന് ഡി.കെ.ജെയിന് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കി. സുപ്രീം കോടതി നിര്‍ദേശമനുസരിച്ചാണ് ബിസിസിഐയുടെ തീരുമാനം.
2013 ഓഗസ്റ്റിലാണ് ശ്രീശാന്തിന് ബിസിസിഐ വിലക്ക് ഏര്‍പ്പെടുത്തിയത്. ഐപിഎല്ലിലെ ഒത്തുകളി വിവാദത്തെ തുടര്‍ന്നായിരുന്നു വിലക്ക്. ബിസിസിഐയുടെ പുതിയ തീരുമാനം അനുസരിച്ച് ശ്രീശാന്തിന് 2020 ഓഗസ്റ്റില്‍ ശ്രീശാന്തിന് കളിക്കളത്തില്‍ ഇറങ്ങാം. ദൈവാനുഗ്രഹമെന്നാണ് ബിസിസിഐയുടെ തീരുമാനത്തെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിനോട് ശ്രീശാന്ത് പ്രതികരിച്ചത്. ഇന്ത്യന്‍ ടീമില്‍ തിരികെ എത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ടെസ്റ്റില്‍ 100 വിക്കറ്റ് തികയ്ക്കുകയാണ് ആഗ്രഹമെന്നും ശ്രീശാന്ത് പറഞ്ഞു.