സമൂഹ മാധ്യമങ്ങളിൽ നിരന്തരം ആഘോഷിക്കപ്പെടുന്ന പോസ്റ്റുകളിലൂടെ ഇന്ത്യയുടെ മുൻ ഓപ്പണിംഗ് ബാറ്റ്സ്മാൻ വീരേന്ദർ സെവാഗ് നേടിയെടുത്ത സ്ഥാനം ചെറുതല്ല. അദ്ദേഹത്തിന്റെ തമാശ നിറഞ്ഞ പല പോസ്റ്റുകളും ഏറെ ആഘോഷിക്കപ്പെട്ടിട്ടുണ്ട്. അതിൽ ക്രിക്കറ്റ് ലോകത്തിന് അകത്തും പുറത്തും ഉള്ള പലരും ഇരകളായിട്ടുമുണ്ട്.

എന്നാൽ വീരേന്ദർ സെവാഗിന്റെ ട്രോളിന് അതേ മട്ടിൽ മറുപടി നൽകി താരമായിരിക്കുകയാണ് ഇപ്പോൾ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ സംഘത്തിന്റെ റിസർവ് വിക്കറ്റ് കീപ്പറായ പാർത്ഥിവ് പട്ടേൽ.

എല്ലാം തുടങ്ങുന്നത് ഒരു കൈപ്പത്തിയുടെ രൂപത്തിലുള്ള റൊട്ടിയിൽ നിന്നാണ്. അത് ട്വിറ്ററിൽ പങ്കുവച്ച് സെവാഗ് താഴെയെഴുതിയത് ഇങ്ങിനെ. “ആദ്യമായി വീട്ടിലെത്തിയ നവവധുവിനോട് സ്വന്തം കൈകൊണ്ട് ഭർത്താവ് ചപ്പാത്തിയുണ്ടാക്കാൻ പറഞ്ഞതാണ് ഈ കാണുന്നത്”, എന്നാണ് സെവാഗ് കുറിച്ചത്.

പിന്നാലെയെത്തി അടുത്ത ട്വീറ്റ്. ഇതിലായിരുന്നു പാർത്ഥിവ് പട്ടേലിനുളള ട്രോൾ. “താങ്കൾ ദക്ഷിണാഫ്രിക്കയിലേക്ക് കൈയ്യുറ കൊണ്ടുപോയിട്ടില്ലെങ്കിൽ ഞാനിത് അങ്ങോട്ട് അയക്കാം”, എന്നാണ് സെവാഗ് പാർത്ഥിവ് പട്ടേലിനെ ടാഗ് ചെയ്ത് കുറിച്ചത്.

ഇതിന് പാർത്ഥിവ് നൽകിയ മറുപടിയാണ് രസകരം. “എന്റെ സൈസിന് കൃത്യമായ കൈയ്യുറ ഞാൻ കരുതിയിട്ടുണ്ട്. ഡൽഹിയിൽ ശൈത്യം കൂടുതൽ ശക്തമാകുകയാണെങ്കിൽ പുറത്തുപോകുമ്പോൾ താങ്കൾക്ക് ഉപയോഗിക്കാൻ അത് കൈയ്യിൽ തന്നെ വച്ചോളൂ”, എന്നാണ് മുൻപ് ടീം ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറായിരുന്ന പാർത്ഥിവിന്റെ ട്വീറ്റ്.

ഇതാദ്യമായാണ് ദക്ഷിണാഫ്രിക്കയിലേക്കുള്ള ഇന്ത്യൻ സംഘത്തിൽ പാർത്ഥിവിന് ഇടം ലഭിക്കുന്നത്. എന്നാൽ മികച്ച ഫോമിലുള്ള വൃദ്ധിമാൻ സാഹയ്ക്കാണ് നറുക്ക് വീണത്. ഇപ്പോഴത്തെ സാഹചര്യത്തിൽ സാഹയ്ക്ക് പരിക്കേറ്റാൽ മാത്രമേ പാർത്ഥിവിന് അന്തിമ ഇലവനിൽ ഇടം ലഭിക്കുകയുള്ളൂ എന്നാണ് ക്രിക്കറ്റ് വിദഗ്ദ്ധരുടെ നിരീക്ഷണം. ആദ്യ ടെസ്റ്റിൽ കേപ് ടൗണിൽ 72 റൺസിന് പരാജയപ്പെട്ട ഇന്ത്യ, ശനിയാഴ്ച സെഞ്ചൂറിയനിൽ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിൽ വിജയിക്കാനുള്ള ശ്രമത്തിലാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ