മുംബൈ: കളിക്കളത്തിലെ അപകടകാരിയായ വിരേന്ദര്‍ സെവാഗിനെ പോലെ തന്നെ ആരാധകരുടെ പ്രിയപ്പെട്ടവനാണ് കളിക്കളത്തിന് പുറത്തെ തമാശക്കാരനായ വീരുവും. അതുകൊണ്ട് തന്നെ ഇന്ന് രാവിലെ വന്ന കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ ട്വീറ്റ് കണ്ട് ആരാധകര്‍ പൊട്ടിച്ചിരിച്ചു പോയി ആദ്യം. സെവാഗ് ഐപിഎല്ലിലേക്ക് മടങ്ങി വരുന്നുവെന്നായിരുന്നു ട്വീറ്റ്. ഏപ്രില്‍ ഫൂളാക്കിയാതാകും എന്നായിരുന്നു ആരാധകര്‍ കരുതിയത്.

സെവാഗ് വീണ്ടും ഐപിഎല്‍ മൈതാനത്തേക്ക് മടങ്ങിയെത്തുമെന്നും ആരോണ്‍ ഫിഞ്ചിന് പകരക്കാരനായി ആദ്യ മത്സരത്തില്‍ പഞ്ചാബിനായി ഇറങ്ങുമെന്നുമായിരുന്നു ട്വീറ്റ്. ടീം അധികൃതരും നായകന്‍ ആര്‍ അശ്വിനുമടക്കമുള്ളവര്‍ ദീര്‍ഘ നേരത്തെ ചര്‍ച്ചയ്ക്ക് ശേഷമാണ് സെവാഗിന്റെ മടങ്ങി വരവ് തീരുമാനം പ്രഖ്യാപിച്ചത്. കഴിഞ്ഞ ഐസ് ക്രിക്കറ്റ് മത്സരത്തില്‍ സെവാഗ് തന്റെ പ്രതാപ കാലത്തെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്തിരുന്നു.

തിരിച്ചു വരവ് തീരുമാനത്തിന് മുന്നോടിയായി താരം പഞ്ചാബ് ടീമിനൊപ്പം പരിശീലനം നടത്തി തെളിഞ്ഞെന്നും ഔദ്യോഗിക കുറിപ്പില്‍ കിംഗ്‌സ് ഇലവന്‍ പറഞ്ഞു. ഇത്രയൊക്കെയായിട്ടും വാര്‍ത്ത വിശ്വസിക്കാന്‍ ആരാധകര്‍ തയ്യാറായില്ലെന്നതാണ് വാസ്തവം. തങ്ങളെ ഫൂളാക്കാനുള്ള ശ്രമമെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ പിന്നാലെ ഇന്ത്യന്‍ താരം യുവരാജ് സിംഗും വാര്‍ത്ത സ്ഥീരീകരിച്ച് രംഗത്തെത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ