ബിസിസിഐയുടെ തലപ്പത്ത് സൗരവ് ഗാംഗുലി എത്തുമെന്ന് താൻ പ്രവചിച്ചിരുന്നെന്ന് മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ്. 2007 ൽ താൻ പറഞ്ഞ കാര്യം ഇപ്പോൾ നടന്നിരിക്കുന്നു. ഗാംഗുലിയെക്കുറിച്ച് മറ്റൊരു പ്രവചനം കൂടി താൻ നടത്തിയിട്ടുണ്ടെന്നും അത് യാഥാർത്ഥ്യമാകാൻ കാത്തിരിക്കുകയാണെന്നും സെവാഗ് പറഞ്ഞു. ദി ഇന്ത്യൻ എക്സ്പ്രസിൽ വിരേന്ദർ സെവാഗ് എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

”ദാദ ബിസിസിഐ അധ്യക്ഷനായേക്കുമെന്ന വിവരം ആദ്യം കേട്ടപ്പോൾ എന്റെ ഓർമയിലേക്കെത്തിയത് 2007 ൽ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടയിലെ ഒരു സംഭവമാണ്. കേപ്ടൗണിലെ ടെസ്റ്റ് മത്സരത്തിൽ ഞാനും വസിം ജാഫറും നേരത്തെ പുറത്തായി. നാലാം നമ്പരിൽ സച്ചിൻ ബാറ്റിങ്ങിനിറങ്ങിയെങ്കിലും അധികനേരം പിടിച്ചുനിൽക്കാനാവാതെ മടങ്ങി. ഈ സമയം ഗാംഗുലിയോട് ബാറ്റിങ്ങിനിറങ്ങാൻ ടീം ഒന്നടങ്കം ആവശ്യപ്പെട്ടു. അദ്ദേഹത്തിന് അതൊരു തിരിച്ചുവരവ് പരമ്പരയായതിനാൽ സമ്മർദമുണ്ടായിരുന്നു. പക്ഷേ അദ്ദേഹം ബാറ്റ് ചെയ്ത ശൈലിയും, സമ്മർദവും മാനസിക പിരിമുറുക്കവും കൈകാര്യം ചെയ്ത രീതിയും അദ്ദേഹത്തിന് മാത്രമേ സാധിക്കൂ.”

Read More: ‘വരാനിരിക്കുന്നത് മഹത്തായ കാലം’; ഗാംഗുലിയുടെ പ്രസിഡന്റ് പദവിയെ കുറിച്ച് സെവാഗ്

”അന്നത്തെ ആ ദിവസം ഡ്രെസിങ് റൂമിലുണ്ടായിരുന്ന ഞങ്ങളെല്ലാവരും സമ്മതിച്ചൊരു കാര്യമുണ്ട്, ഞങ്ങളുടെ കൂട്ടത്തിൽ ബിസിസിഐ അധ്യക്ഷനാവുന്നെങ്കിൽ അത് ദാദയായിരിക്കും. അദ്ദേഹം പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും ആയേക്കുമെന്നു ഞാൻ പറഞ്ഞു. എന്റെ പ്രവചനങ്ങളിൽ ഒരെണ്ണം ഫലിച്ചു, രണ്ടാമത്തേത് ഫലിക്കുമോയെന്നറിയാൽ കാത്തിരിക്കുന്നു,” 41 കാരനായ സെവാഗ് പറഞ്ഞു.

ഒക്ടോബർ 23 നാണ് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി ബിസിസിഐ അധ്യക്ഷനായി ചുമതലയേറ്റത്. ബിസിസിഐയുടെ 39-ാം പ്രസിഡന്റാണ് ഗാംഗുലി. ബി‌സി‌സി‌ഐ ഭരണഘടനയനുസരിച്ച്, അടുത്ത വർഷം ജൂലൈയിൽ ഗാംഗുലി സ്ഥാനമൊഴിയേണ്ടിവരും. തുടർച്ചയായി 6 വർഷം ഭരണത്തിലിരുന്നവർ മാറിനിൽക്കണമെന്ന നിർദേശം അനുസരിച്ചാണിത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook