പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിലൊരു സച്ചിൻ തെൻഡുൽക്കറുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിരേന്ദർ സെവാഗ്. ഇന്ത്യയ്ക്കായി 93 ഏകദിന മത്സരങ്ങളിൽ സച്ചിനൊപ്പം ഓപ്പണറായി ഇറങ്ങിയ കളിക്കാരനാണ് സെവാഗ്. ഗൾഫ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് പാക് ടീമിനെ സച്ചിനാരെന്ന് സെവാഗ് വെളിപ്പെടുത്തിയത്.

”ഇന്ത്യയ്ക്കു സച്ചിനെന്നപ്പോലെയാണ് പാക് ടീമിന് ഷാഹിദ് അഫ്രീദി. പാക്കിസ്ഥാനെതിരായ എന്റെ ആദ്യ മത്സരത്തിനു മുൻപുതന്നെ ടീമിലെ എല്ലാവരും അഫ്രീദിയെ കുറിച്ച് സംസാരിക്കാറുണ്ടായിരുന്നു. ഒരു കളിക്കാരെന്ന നിലയിൽ നമ്മുടെ തെൻഡുൽക്കറെ പോലെയാണ് പാക്കിസ്ഥാൻ ടീമിന് അഫ്രീദി. ഞങ്ങളെല്ലാവരും അഫ്രീദിയെക്കുറിച്ച് സംസാരിക്കാറുണ്ട്”, സെവാഗ് പറഞ്ഞു.

ഇന്ത്യ-പാക്കിസ്ഥാൻ മത്സരത്തിലെ സമ്മർദ്ദത്തെക്കുറിച്ചും സെവാഗ് പറഞ്ഞു. ”ഓരോ ഇന്ത്യക്കാരനും പാക്കിസ്ഥാൻകാരനും ഇന്ത്യ-പാക് മത്സരം കാണാൻ ആഗ്രഹിക്കുന്നുണ്ട്. ഞങ്ങൾ ക്രിക്കറ്റ് താരങ്ങളും അത് ആഗ്രഹിക്കുന്നവരാണ്. ഇരു രാജ്യങ്ങളിലെ സർക്കാരുകളും ഇക്കാര്യം സംസാരിച്ച് ഇന്ത്യ-പാക് മത്സരം പുനരാരംഭിക്കണം. മുൾട്ടാൻ ടെസ്റ്റിലെ ട്രിപ്പിൾ സെഞ്ചുറി, ലാഹോർ ടെസ്റ്റിലെ ഡബിൾ സെഞ്ചുറി, കൊച്ചി ഏകദിനത്തിലെ സെഞ്ചുറി തുടങ്ങിയ എനിക്ക് മനോഹരമായ നിരവധി ഓർമ്മകളുണ്ട്”, സെവാഗ് പറഞ്ഞു.

ഇന്ത്യയ്ക്കായി 104 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുളള താരമാണ് സെവാഗ്. 8,586 റൺസ് നേടിയിട്ടുണ്ട്. 23 സെഞ്ചുറികളും 32 അർധ സെഞ്ചുറികളും സെവാഗ് സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. 200 ടെസ്റ്റ് മത്സരങ്ങൾ കളിച്ച സച്ചിൻ 15,921 റൺസാണ് നേടിയിട്ടുളളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook