ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബോൾ വളർച്ചയുടെ ഘട്ടത്തിലാണെന്ന് പറഞ്ഞപ്പോൾ അതത്ര എളുപ്പത്തിൽ ആർക്കും മനസിലായിരുന്നില്ല. എന്നാൽ ഇറ്റലിയെ അവരുടെ മണ്ണിൽ മുട്ടുകുത്തിച്ച്, അണ്ടർ 17 ലോകകപ്പിന്റെ സന്നാഹ മത്സരം ജയിച്ച ഇന്ത്യൻ അണ്ടർ 17 ഫുട്ബോൾ ടീമിന് ഇന്ന് ലഭിക്കുന്നത് കണക്കറ്റ പിന്തുണയാണ്.

ഫുട്ബോൾ പ്രേമികളിൽ നിന്ന് മാത്രമല്ല, മറ്റെല്ലാ കായിക രംഗത്ത് നിന്നും ഈ ചരിത്ര വിജയത്തെ പിന്തുണച്ച് അഭിപ്രായപ്രകടനങ്ങളുയർന്നു. ഇതിലൊന്നാണ് വൈറലാകുന്ന ട്വീറ്റുകളുടെ രാജാവായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗിന്റേത്.

ഇന്നലെ ഇറ്റലിയിലെ അരീസോയിൽ, അവരുടെ അണ്ടർ 17 ഫുട്ബോൾ ടീമിനെ നേരിട്ട ഇന്ത്യൻ അണ്ടർ 17 ടീം നേടിയത് ആരെയും ഞെട്ടിപ്പിക്കുന്ന വിജയമാണ്. മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഇന്ത്യ കളി ജയിച്ചത്. 13ാം മിനിറ്റിൽ അഭിജിത് സർക്കാരും 80ാം മിനിറ്റിൽ മലയാളിയായ രാഹുൽ പ്രവീണുമാണ് ഇറ്റാലിയൻ നിരയെ തകർത്ത് തരിപ്പണമാക്കിയത്.

ചരിത്രത്തിലെ തന്നെ ഏറ്റവും തിളക്കമാർന്ന വിജയമെന്ന് അഭിനന്ദന പ്രവാഹം ഇന്ത്യൻ കാമ്പിൽ നിറയുമ്പോഴാണ് വീരേന്ദർ സെവാഗ് ഇന്നലെ തന്റെ ട്വിറ്റർ അക്കൗണ്ടിൽ കൗമാര കളിക്കാർക്ക് പ്രശംസയുമായി എത്തിയത്.

ഇറ്റലിയെ ഇന്ത്യൻ ടീം ഇഡ്ഡലിയാക്കിയെന്നായിരുന്നു അഭിനന്ദനത്തിനൊപ്പം താരം ആഹ്ലാദത്തോടെ വിട്ട കമന്റ്.

ഇന്ത്യൻ പ്രീമിയർ ലീഗ് ട്വന്റി ട്വന്റി ടൂർണമെന്റിൽ കിംഗ്സ് ഇലവൻ പഞ്ചാബിന്റെ ഉപദേശകനാണ് ഇപ്പോൾ വീരേന്ദർ സെവാഗ്. ട്വിറ്ററിൽ ഇദ്ദഹത്തിന് വളരെയധികം ആരാധകരുണ്ട്. അതുകൊണ്ട് ട്വീറ്റുകളും നിമിഷ നേരം കൊണ്ട് വൈറലായി മാറുന്നവയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ