ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ 2 താരങ്ങൾ മാത്രമാണ് ട്രിപ്പിൾ സെഞ്ചുറി നേടിയിട്ടുള്ളത്. വീരേന്ദർ സെവാഗും, കരുൺ നായരുമാണ് ഈ താരങ്ങൾ. എന്നാൽ ഈ ലിസ്റ്റിൽ നിന്ന് കരുൺ നായരെ അവഗണിച്ചിരിക്കുകയാണ് ദില്ലി ക്രിക്കറ്റ് അസോസിയേഷൻ. ഫിറോഷാ കോട്‌ല മൈതാനത്ത് സ്ഥാപിച്ച വീരേന്ദർ സെവാഗിന്റെ നാമദേയമുള്ള ഗെയിറ്റിന്റെ ഫലകത്തിലാണ് തെറ്റായ വിവരം നൽകിയിരിക്കുന്നത്.

ഗെയിറ്റിന്റെ ഫലകത്തിൽ നൽകിയ കണക്ക് പ്രകാരം വീരേന്ദർ സെവാഗ് മാത്രമാണ് ട്രിപ്പൾ സെഞ്ചുറി നേടിയ ഇന്ത്യൻ താരം. ട്രിപ്പിൾ സെഞ്ചുറി നേടിയ ഓരേയൊരു ഇന്ത്യക്കാരനാണ് വീരേന്ദർ സെവാഗ് എന്നാണ് ഫലകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടമാണ് സെവാഗിന്റെ പേരിൽ ഉളളത്. പാക്കിസ്ഥാനെതിരെയായിരുന്നു വീരുവിന്റെ ആദ്യ ട്രിപ്പിൾ. എന്നാൽ ഈ വർഷം ആദ്യം ഇംഗ്ളണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ കരുൺ നായരും ട്രിപ്പിൾ സെഞ്ചുറി നേടിയിരുന്നു. പുറത്താകാതെ 303 റൺസാണ് കരുൺ നായർ നേടിയത്.

ഇന്ത്യൻ ക്രിക്കറ്റിന് വീരേന്ദർ സെവാഗ് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഫിറോഷാ കോട്‌ലയിലെ രണ്ടാം ഗെയിറ്റിന് വീരേന്ദർ സെവാഗ് ഗെയിറ്റ് എന്ന പേര് നൽകിയത്. പുതിയ ഗെയിറ്റ് ഇന്ന് രാവിലെയാണ് ഉദ്ഘാടനം ചെയ്തത്. രഞ്ജി ട്രോഫിയിൽ ഡെൽഹിക്കായാണ് വിരേന്ദർ സെവാഗ് കളിച്ചിട്ടുള്ളത്. ഡൽഹിക്കായി നടത്തിയ പ്രകടനങ്ങളാണ് സെവാഗിന് ദേശീയ ടീമിലേക്ക് വഴിതുറന്നത്. 1999 ലാണ് സെവാഗ് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. ഇന്ത്യക്കായി 251 ഏകദിനങ്ങളും, 104 ടെസ്റ്റുകളിലും വീരു കളിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ