scorecardresearch
Latest News

ധോണി ‘മഹേന്ദ്ര ബാഹുബലി’യാണെന്ന് വിരേന്ദ്ര സേവാഗ്

ഒരു ചാനലിൽ ലൈവ് കമന്ററിക്കിടെയായിരുന്നു സെവാഗ് ധോണിയെ പുകഴ്ത്തിയത്

Dhoni, Sehwag

ലണ്ടൻ: ശ്രീലങ്കക്കെതിരായ ഐസിസി ചാന്പ്യൻസ ട്രോഫിയിലെ രണ്ടാം മത്സരം പരാജയപ്പെട്ടെങ്കിലും മികച്ച പ്രകടനം കാഴ്ച വെച്ച മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിക്ക് അഭിനന്ദന പ്രവാഹമാണ്. മഹേന്ദ്ര സിങ് ധോണി മഹേന്ദ്ര ബാഹുബലിയാണെന്നായിരുന്നു വിരേന്ദ്ര സേവാഗിന്റെ കമന്റ്. ഇന്ത്യ-ശ്രീലങ്ക മത്സരത്തിനിടെ ധോണി കിടിലൻ ബാറ്റിങ് കാഴ്ചവെക്കുന്പോഴായിരുന്നു പതിവ് ശൈലിയിലുള്ള സേവാഗിന്‍റെ കമന്‍റ്. ഒരു ചാനലിൽ ലൈവ് കമന്ററിക്കിടെയായിരുന്നു സെവാഗ് ധോണിയെ പുകഴ്ത്തിയത്. മത്സരത്തില്‍ 52 പന്തുകളില്‍ നിന്നും 63 റണ്‍സ് നേടിയ ധോണി ഫിനിഷിങിലെ ഇപ്പോഴും തന്നെ വെല്ലാന്‍ ആരുമില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു.

ഏഴ് ബൌണ്ടറികളും രണ്ട് സിക്സറുകളും അടങ്ങുന്ന ഇന്നിങ്സിനിടെയായിരുന്നു ധോണിയെ ബാഹുബലി സിനിമയിലെ മഹേന്ദ്ര ബാഹുബലിയുമായി സേവാഗ് താരതമ്യം ചെയ്തത്. മുപ്പത്തിനാലാം ഓവറില്‍ ക്രീസിലെത്തിയ ധോണി ധവാനുമൊത്ത് ചേര്‍ന്ന് 10.4 ഓവറില്‍ 82 റണ്‍ കൂട്ടുകെട്ടും പടുത്തുയര്‍ത്തി. ട്വിറ്ററിൽ ധോണി ആരാധകർ സെവാഗിന്റെ കമന്റ് കൊണ്ടാടുകയാണ്.

അതേസമയം, ഇന്നലെ അനായാസ ജയം പ്രതീക്ഷിച്ച ഇന്ത്യയെയാണ് ശ്രീലങ്കയുടെ യുവനിര മലർത്തിയടിച്ചത്. ഓവലിൽ നടന്ന മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 322 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം 8 പന്ത് ബാക്കിനിൽക്കെ ശ്രീലങ്ക മറികടക്കുകയായിരുന്നു. ഇതോടെ ഗ്രൂപ്പ് ബി യിൽ ഓരോ മത്സരങ്ങൾ വീതം ജയിച്ച് 4 ടീമുകളും പോയിന്റ് നിലയിൽ തുല്യത പാലിച്ചു. ഇനി അവസാന മത്സരത്തിൽ ആര് ജയിക്കുന്നുവോ ആ രണ്ട് ടീമുകളായിരിക്കും സെമിയിലേക്ക് കുതിക്കുക. ഇന്ത്യയുടെ അവസാന മത്സരം കരുത്തരായ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയും ശ്രീലങ്കയുടെ മത്സരം പാക്കിസ്ഥാന് എതിരെയുമാണ്.

ശിഖർ ധവാന്റെ തകർപ്പൻ സെഞ്ചുറി മികവിൽ കൂറ്റൻ സ്കോർ പടുത്തുയർത്തയതിന്റെ ആത്മവിശ്വാസത്തിലായിരുന്നു ഇന്ത്യ ഫീൽഡിങ്ങിന് ഇറങ്ങിയത്. എന്നാൽ ഇന്ത്യൻ ബോളർമാരെ സമർഥമായി നേരിട്ട് ലങ്കയുടെ യുവതാരങ്ങൾ മിടുക്ക് കാട്ടി. 72 പന്തിൽ 76 റൺസാണ് ഗുണതിലക നേടിയത്. 93 പന്തിൽ 89 റൺസ് അടിച്ച് കൂട്ടി കുശാൽ മെൻഡിസും ലങ്കയുടെ വിജയത്തിനായുള്ള അടിത്തറ ഇട്ടു. 44 പന്തിൽ 7 റൺസ് അടിച്ച് കൂട്ടിയ കുശാൽ പെരേരയും ഭയമില്ലാതെയാണ് കളിച്ചത്.

നിർണ്ണായകമായ​ അവസാന ഓവറുകളിൽ ആഞ്ചലോ മാത്യൂസ് ക്യാപ്റ്റന്റെ മികവ് പുറത്തെടുത്തതോടെ ലങ്ക വിജയത്തിലേക്ക് കുതിച്ചു. മാത്യൂസിനെ കാഴ്ചക്കാരനാക്കി അശാല ഗുണരത്ന അവസാന ഓവറുകളിൽ അടിച്ച് തകർത്തപ്പോൾ ഇന്ത്യ തോൽവി സമ്മതിക്കുകയായിരുന്നു. മാത്യൂസ് 45 പന്തിൽ 52 റൺസും ഗുണരത്ന 21 പന്തിൽ 34 റൺസുമാണ് നേടിയത്.

ഫീൽഡിങ്ങിലെ പിഴവുകളാണ് ലങ്കയ്ക്ക് എതിരെ ഇന്ത്യക്ക് വിനയായത്. കുശാൽ മെൻഡിസിന്റേതുൾപ്പടെ പല പ്രധാന ക്യാച്ചുകളും ഇന്ത്യൻ ഫീൽഡർമാർ വിട്ടു കളഞ്ഞു. സ്പിന്നറായ രവീന്ദർ ജഡേജയും ഓൾറൗണ്ടർ ഹർദ്ദിക് പാണ്ഡ്യയും ലങ്കയ്ക്ക് എതിരെ അമ്പേ പരാജയമായിരുന്നു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Virender sehwag calls ms dhoni mahendra bahubali