രോഹിത് ശർമ്മയെ മുൻപു നടന്ന ടെസ്റ്റ് മത്സരങ്ങളിൽനിന്നും ഒഴിവാക്കിയതിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ്. ഏകദിന സെലക്ഷനിൽ രോഹിത് എന്നും മുന്നിലാണ്. എന്നാൽ ടെസ്റ്റ് ടീമിൽ പലപ്പോഴും രോഹിത്തിന് അവസരം ലഭിക്കാറില്ല. ഇതിനെതിരെയാണ് സെവാഗ് രംഗത്തുവന്നത്.

ഈ വർഷമാദ്യം ദക്ഷിണാഫ്രിക്കയിൽ നടന്ന ടെസ്റ്റ് മത്സരങ്ങളിലാണ് രോഹിത്തിനെ അവസാനമായി കണ്ടത്. എന്നാൽ അവിടെ നടന്ന മത്സരങ്ങളിൽ മെച്ചപ്പെട്ട പ്രകടനം നടത്തിയില്ലെന്ന് പറഞ്ഞ് അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽനിന്നും രോഹിത്തിനെ ഒഴിവാക്കി. ഇതിനുപിന്നാലെ ഇംഗ്ലണ്ടിൽ നടന്ന അഞ്ചു ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയിലും രോഹിത്തിനെ ഉൾപ്പെടുത്തിയില്ല.

”ഇവിടെ വച്ചു നടന്ന ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ രോഹിത് സെഞ്ചുറിയും അർധ സെഞ്ചുറിയും നേടി. ദക്ഷിണാഫ്രിക്കയിൽ നടന്ന രണ്ടു മത്സരങ്ങളിൽ രോഹിത് പരാജിതനായി. അതിനാൽ ടീമിൽനിന്നും പുറത്തായി. ഇംഗ്ലണ്ട് പരമ്പരയിലും അവസരം നൽകിയില്ല. ദക്ഷിണാഫ്രിക്കയിൽ എത്ര ബാറ്റ്സ്മാന്മാരാണ് സ്കോർ ചെയ്തത്? എന്നിട്ടും രോഹിത്തിനെ മാത്രം പുറത്താക്കിയത് എന്തിന്?.”

”സെലക്ടർമാർ ഇതിന് മറുപടി പറയണം. എന്തിനാണ് അവർ രോഹിത്തിനെ തഴഞ്ഞത്?. ഏകദിനത്തിൽ മൂന്നു ഡബിൾ സെഞ്ചുറികളാണ് അയാളുടെ പേരിലുളളത്. അയാൾ കഴിവില്ലാത്തവൻ ആണെങ്കിൽ ടെസ്റ്റ് ടീമിൽ ഇടം ലഭിക്കില്ല. പക്ഷേ ഞാനങ്ങനെ കരുതുന്നില്ല. ഏകദിനത്തിൽ മികച്ച റൺസ് കണ്ടെത്തുകയും ടെസ്റ്റിൽ അവസരം ലഭിക്കാതിരിക്കുകയും ചെയ്യുന്ന മറ്റൊരു താരം ലോകത്ത് ഉണ്ടാവില്ല. ഇതിനു നേരെ മറിച്ചാണ് സംഭവിക്കാറുളളത്”, സെവാഗ് പറഞ്ഞതായി സ്പോർട്സ് ടേക് റിപ്പോർട്ട് ചെയ്യുന്നു.

25 ടെസ്റ്റ് മത്സരങ്ങളിൽനിന്നായി 1,479 റൺസാണ് 31 കാരനായ രോഹിത് നേടിയിട്ടുളളത്. ഇതിൽ മൂന്നു സെഞ്ചുറികളും ഒൻപത് അർധ സെഞ്ചുറികളുമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook