‘അന്ന് ഇയാളുമായി ഉരസിയ കുംബ്ലെ രാജിവച്ചു’; കോഹ്‌ലി വേണ്ടതൊക്കെ ചെയ്യുന്നുണ്ടെന്ന് മുന്‍ ക്യാപ്റ്റന്‍

കോഹ്‌ലിയുമായുളള തര്‍ക്കത്തെ തുടര്‍ന്ന് പരിശീലകനായിരുന്ന അനില്‍ കുംബ്ലെ സ്ഥാനം രാജി വച്ചിരുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി തനിക്ക് വേണ്ടതൊക്കെ ചെയ്യുന്നുണ്ടെന്നും നമ്മള്‍ അത് അനുവദിച്ച് കൊടുക്കുകയാണെന്നും ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ ബിഷന്‍ സിങ് ബേദി. ആരാധകനോട് ഇന്ത്യ വിടാന്‍ ആവശ്യപ്പെട്ട കോഹ്‌ലിയുടെ പരാമര്‍ശത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷം കോഹ്‌ലിയുമായുളള തര്‍ക്കത്തെ തുടര്‍ന്ന് പരിശീലകനായിരുന്ന അനില്‍ കുംബ്ലെ സ്ഥാനം രാജി വച്ചിരുന്നു. അന്നും കോഹ്‌ലിയുടെ നേതൃസ്ഥാനത്തെ കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു.

‘കോഹ്‌ലി തനിക്ക് വേണ്ടതൊക്കെ ചെയ്യുന്നുണ്ട്. നമ്മള്‍ അത് അനുവദിച്ച് കൊടുക്കുന്നുമുണ്ട്. അനില്‍ എന്തായിരിക്കും പറഞ്ഞിട്ടുണ്ടാവുക. അത്രയ്ക്ക് സൗമ്യനായാണ് അദ്ദേഹം തന്റെ പദം രാജി വച്ചത്,’ ബിഷന്‍ സിങ് പറഞ്ഞു. ‘കോഹ്‌ലിയെ പോലെ അത്രയും തീക്ഷ്ണതയുളള താരമില്ല, പക്ഷെ ടീമിന്റേയും അദ്ദേഹത്തിന്റേയും തീവ്രത തമ്മിൽ വലിയ അന്തരമുണ്ട്. കോഹ്‌ലി ഒരു കളിക്കാരനെന്ന നിലയിലും, കോഹ്‌ലി ഒരു ക്യാപ്റ്റനെന്ന നിലയിലും വളരെയധികം വ്യത്യാസമുണ്ട്,’ ബിഷന്‍ സിങ് പറഞ്ഞു.

തന്നെ വിമര്‍ശിച്ചെഴുതിയ ആരാധകനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ കോഹ്‌ലിയെ ബിസിസിഐ താക്കീത് ചെയ്തിട്ടുണ്ട്. ഇടക്കാല ഭരണസമിതിയാണ് കോഹ്‌ലിയെ താക്കീത് ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ നായകനെന്ന നിലയില്‍ വിനയത്തോടെ പെരുമാറണമെന്നും അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തി വിവാദങ്ങളുണ്ടാക്കരുതെന്നും ബിസിസിഐ ആവശ്യപ്പെട്ടു. കൂടാതെ ആരാധകരോടും മാധ്യമങ്ങളും കോഹ്‌ലി മാന്യമായി പെരുമാറണമെന്നും ബിസിസിഐയുടെ ഇടക്കാല ഭരണസമിതി കോഹ്‌ലിക്ക് മുന്നറിയിപ്പ് നല്‍കി.

ദിവസങ്ങള്‍ക്ക് മുൻപ് തന്റെ ഔദ്യോഗിക ആപ്ലിക്കേഷനില്‍ കോഹ്‌ലി ഒരു ക്രിക്കറ്റ് ആരാധകന് നല്‍കിയ മറുപടിയാണ് വലിയ വിവാദത്തിന് വഴിവച്ചത്. കോഹ്‌ലിക്ക് അമിത പ്രാധാന്യമാണ് ക്രിക്കറ്റ് ലോകം നല്‍കുന്നതെന്നും, നിങ്ങളേക്കാള്‍ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ടീമുകളിലെ താരങ്ങളുടെ ബാറ്റിങ്ങാണ് താന്‍ കാണാറെന്നുമാണ് ആരാധകന്‍ പറഞ്ഞത്.

ഇതിന് മറുപടിയായി ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ ഇഷ്ടമല്ലെങ്കില്‍ മറ്റ് രാജ്യങ്ങളിലേക്ക് പോകാന്‍ കോഹ്‌ലി ആരാധകനോട് ആവശ്യപ്പെടുകയായിരുന്നു. ‘നിങ്ങള്‍ ഇന്ത്യയില്‍ ജീവിക്കേണ്ടവനാണെന്ന് ഞാന്‍ കരുതുന്നില്ല, ഇന്ത്യയില്‍ നിന്ന് പോയി വേറെ എവിടേയെങ്കിലും ജീവിക്കൂ. ഞങ്ങളുടെ രാജ്യത്ത് ജീവിച്ച്‌ നിങ്ങള്‍ മറ്റുള്ള രാജ്യങ്ങളിലെ താരങ്ങളെ സ്നേഹിക്കുന്നതെന്തിനാണ്? നിങ്ങള്‍ എന്നെ ഇഷടപ്പെടുന്നില്ല എന്നത് എന്നെ ബാധിക്കുന്ന കാര്യമല്ല. നിങ്ങള്‍ ഞങ്ങളുടെ രാജ്യത്ത് ജീവിച്ച്‌ മറ്റു രാജ്യങ്ങളിലെ കാര്യങ്ങള്‍ ഇഷ്ടപ്പെടുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല.’ ഇതായിരുന്നു കോഹ്‌ലിയുടെ മറുപടി. ഇതോടെ വ്യാപക വിമര്‍ശനമാണ് ഇന്ത്യന്‍ നായകന്‍ നേരിട്ടത്. മുന്‍ താരങ്ങളും സെലിബ്രിറ്റികളും ഉള്‍പ്പെടെയുളളവര്‍ കോഹ്‌ലിയെ വിമര്‍ശിച്ച്‌ രംഗത്തെത്തി.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Virats doing all he wants we are letting it happen bishan bedi

Next Story
‘ധോണി 20 കാരനല്ല, ഇനിയൊരിക്കലും അതിന് കഴിയില്ല’: കപിൽ ദേവ്
The moderation of comments is automated and not cleared manually by malayalam.indianexpress.com