ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്‌റ്റൻ വിരാട് കോഹ്‌ലി തന്നെയായിരിക്കുമെന്ന് അജിങ്ക്യ രഹാനെ. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്‌ക്ക് ശേഷം രഹാനെയുടെ ക്യാപ്‌റ്റൻസി ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. കോഹ്‌ലിയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കി രഹാനെയ്‌ക്ക് ചുമതല നൽകണമെന്ന വാദവും ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കോഹ്‌ലിയെ പിന്തുണച്ച് രഹാനെ എത്തിയത്.

“ഒന്നും മാറുന്നില്ല. ടെസ്റ്റ് ടീമിന്റെ നായകൻ എപ്പോഴും വിരാട് തന്നെയായിരിക്കും. ഞാൻ അദ്ദേഹത്തിന്റെ ഡെപ്യൂട്ടിയും. അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ ടീമിനെ നയിക്കേണ്ടത് എന്റെ ചുമതലയാണ്. ഇന്ത്യയുടെ വിജയത്തിനുവേണ്ടി എന്റെ കഴിവിന്റെ പരമാവധി നൽകേണ്ടത് ഉത്തരവാദിത്തമാണ്,” രഹാനെ പറഞ്ഞു.

Read Also: കോഹ്‌ലിയെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കണമെന്ന് വാദിക്കുന്നവർ ഈ കണക്കുകൾ നോക്കുക; വിരോധികളെ വിസ്‌മയിപ്പിക്കുന്ന റെക്കോർഡുകൾ

“കേവലം ഒരു ക്യാപ്റ്റനാകുക എന്നതിലല്ല കാര്യം. ഒരു നായകന്റെ വേഷം എങ്ങനെ മികച്ചതാക്കുന്നു എന്നതാണ് പ്രധാനം. ഇതുവരെ നായകനെന്ന നിലയിൽ എനിക്ക് വിജയിക്കാൻ സാധിച്ചു. ഭാവിയിലും ടീമിനുവേണ്ടി മികച്ച പ്രകടനങ്ങൾ നടത്താൻ സാധിക്കുമെന്നും വിജയം സമ്മാനിക്കാൻ സാധിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു,”

“വിരാടും ഞാനും തമ്മിൽ നല്ല അടുത്ത ബന്ധമുണ്ട്. എന്റെ ബാറ്റിങ്ങിനെ അദ്ദേഹം പുകഴ്‌ത്താറുണ്ട്. ഇന്ത്യയിലും വിദേശത്തും ഞങ്ങൾ ഒന്നിച്ച് മികച്ച ഇന്നിങ്സുകൾ കളിച്ചിട്ടുണ്ട്. ഞങ്ങൾ ഇരുവരും പരസ്‌പരം പിന്തുണയ്ക്കാറുണ്ട്. ക്രീസിൽ ഒന്നിച്ചായിരിക്കുമ്പോൾ എതിർവശത്തെ ബോളിങ്ങിനെ കുറിച്ച് ഞങ്ങൾ സംസാരിക്കാറുണ്ട്. ഒരു മോശം ഷോട്ട് കളിച്ചാൽ പരസ്‌പരം തിരുത്താനും ഞങ്ങൾ ശ്രമിക്കാറുണ്ട്,”

Read Also: ടെസ്റ്റ് ക്യാപ്റ്റൻസി: കോഹ്‌ലിക്ക് ഭീഷണിയായി രഹാനെ, സാധ്യതകൾ ഇങ്ങനെ

കോഹ്‌ലിയുടെ ക്യാപ്റ്റൻസിയെ രഹാനെ പുകഴ്‌ത്തി. “മികച്ചൊരു ക്യാപ്റ്റനാണ് കോഹ്‌ലി. ഫീൽഡിൽ മികച്ച തീരുമാനങ്ങളെടുക്കാൻ അദ്ദേഹത്തിനു സാധിക്കും. വിരാട് എന്നിൽ ഒരുപാട് പ്രതീക്ഷകൾ അർപ്പിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പ്രതീക്ഷകൾ പാലിക്കാൻ ഞാൻ പരമാവധി ശ്രമിക്കാറുണ്ട്,” രഹാനെ കൂട്ടിച്ചേർത്തു.

നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ആദ്യ മത്സരത്തിൽ മാത്രമാണ് കോഹ്‌ലി ഇന്ത്യയെ നയിച്ചത്. അതിനുശേഷം കോഹ്‌ലി നാട്ടിലേക്ക് മടങ്ങി. കോഹ്‌ലിയുടെ അസാന്നിധ്യത്തിൽ രഹാനെയാണ് മറ്റ് മത്സരങ്ങളിൽ ഇന്ത്യയെ നയിച്ചത്. ആദ്യ ടെസ്റ്റ് തോറ്റ ഇന്ത്യയെ പിന്നീട് രണ്ട് ടെസ്റ്റുകളിൽ വിജയത്തിലെത്തിക്കാനും ഒരു മത്സരം സമനിലയാക്കാനും രഹാനെയ്ക്ക് സാധിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook