ബെംഗളൂരു: മോശം അമ്പയറിങ്ങിന്റെ പേരില്‍ ഐപിഎല്ലില്‍ പുതിയ വിവാദം. ഇന്നലെ നടന്ന മുംബൈ ഇന്ത്യന്‍സ്-റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മൽസരത്തിനിടെയായിരുന്നു സംഭവം. മുംബൈയുടെ ജസ്പ്രീത് ബുമ്ര എറിഞ്ഞ പന്തില്‍ ബെംഗളൂരു നായകന്‍ വിരാട് കോഹ്‌ലി ഔട്ടായിട്ടും ഔട്ട് നല്‍കാതിരിക്കുകയായിരുന്നു.

ബെംഗളൂരു ഇന്നിങ്സിന്റെ 14-ാം ഓവറിലായിരുന്നു സംഭവം. ബുമ്ര എറിഞ്ഞ പന്ത് വിരാടിന്റെ ബാറ്റില്‍ തട്ടി കീപ്പര്‍ ഇഷാന്‍ കിഷന്റെ കൈകളിലെത്തുകയായിരുന്നു. ബുമ്രയും ഇഷാനും വിക്കറ്റിനായി അപ്പീല്‍ ചെയ്‌തെങ്കിലും ഫീല്‍ഡ് അമ്പയര്‍ ഔട്ട് നിഷേധിക്കുകയായിരുന്നു. എന്നാല്‍ റീപ്ലേകളില്‍ നിന്നും പന്ത് ബാറ്റില്‍ കൊണ്ടിട്ടുണ്ടെന്നും വിരാട് ഔട്ടാണെന്നും വ്യക്തമായി.

മൽസരശേഷം സംഭവത്തെ കുറിച്ച് പക്ഷെ പക്വമായിട്ടായിരുന്നു ബുമ്രയുടെ പ്രതികരണം. വിരാട് ഔട്ടായിരുന്നുവെന്ന് ഡഗ് ഔട്ടില്‍ വച്ച് പറയുന്നത് താന്‍ കേട്ടെന്നും പക്ഷെ സാരമില്ലെന്നുമായിരുന്നു ബുമ്രയുടെ പ്രതികരണം. ബുമ്രയുടെ പന്തില്‍ നിന്നും രക്ഷപ്പെട്ടെങ്കിലും എട്ട് റണ്‍സ് കൂട്ടിച്ചേര്‍ക്കാനെ പിന്നെ വിരാടിന് സാധിച്ചുള്ളൂ. ഹാർദിക് പാണ്ഡ്യയുടെ പന്തില്‍ അദ്ദേഹം പുറത്താവുകയായിരുന്നു.

14 റണ്‍സിനായിരുന്നു വിരാട് കോഹ്‌ലിയും സംഘവും രോഹിത്തിന്റെ മുംബൈയെ തകര്‍ത്തത്. ബെംഗളൂരു ഉയര്‍ത്തിയ 168 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈ 153 ല്‍ കളിയവസാനിപ്പിക്കുകയായിരുന്നു.

ഓള്‍ റൗണ്ടര്‍ ഹാർദിക് പാണ്ഡ്യയുടെ മികച്ച പ്രകടനം പാഴായ മൽസരത്തില്‍ രോഹിത് ശര്‍മ്മ ഒരിക്കല്‍ കൂടി പരാജയപ്പെട്ടു. ഹാര്‍ദിക് പാണ്ഡ്യ 42 പന്തില്‍ അര്‍ധ സെഞ്ചുറിയും 28 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റും നേടി. അതേസമയം, റണ്‍സൊന്നുമെടുക്കാതെയാണ് നായകന്‍ മടങ്ങിയത്.

മുംബൈയ്ക്കായി ജെ.പി.ഡുമിനി (29), പൊള്ളാര്‍ഡ് (13), ക്രുനാല്‍ പാണ്ഡ്യ (23), ബെന്‍ കട്ടിങ് (12) എന്നിവരും പൊരുതി നോക്കിയെങ്കിലും വിജയതീരം തൊടാന്‍ സാധിച്ചില്ല.

31 പന്തില്‍ 45 റണ്‍സടിച്ച ഓപ്പണര്‍ മാനന്‍ വോഹ്‌റയാണ് ബെംഗളൂരുവിന്റെ ടോപ് സ്‌കോറര്‍. രണ്ടു ഫോറിന്റെയും നാല് സിക്‌സിന്റെയും അകമ്പടിയോടെയായിരുന്നു വോഹ്‌റയുടെ ഇന്നിങ്‌സ്. മക്കല്ലം 37 റണ്‍സെടുത്ത് റണ്‍ ഔട്ടായപ്പോള്‍ 32 റണ്‍സായിരുന്നു നായകന്‍ വിരാട് കോഹ്‌ലി നേടിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ