ജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാതെ ഇംഗ്ലണ്ടിലേക്ക് വിമാനം കയറിയ ഇന്ത്യന്‍ ടീം ടെസ്റ്റ് പരമ്പര അവസാനിപ്പിക്കാന്‍ ഒരുങ്ങുമ്പോള്‍ ഓര്‍ത്തു വയ്ക്കാനുള്ളത് ക്യാപ്റ്റന്‍ കോഹ്‌ലിയുടെ ഒറ്റയാള്‍ പോരാട്ടവും പൂജാരയുടെ സെഞ്ചുറിയും ഇഷാന്ത് ശര്‍മ്മയുടെ അഞ്ച് വിക്കറ്റ് പ്രകടനവും പോലുള്ള ചില ഒറ്റപ്പെട്ട നേട്ടങ്ങള്‍ മാത്രമാണ്. ട്വന്റി-20യില്‍ മാത്രമേ ഇന്ത്യയ്ക്ക് പരമ്പര നേടാനായുള്ളൂ. ഏകദിനത്തില്‍ നേടിയതിനേക്കാള്‍ ആധികാരികമായി തന്നെ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയും നേടിയിരിക്കുകയാണ്. ഇനിയുള്ള അവസാന മത്സരം ജയിക്കുക എന്നത് ഇന്ത്യയ്ക്ക് മുഖം രക്ഷപ്പെടുത്തല്‍ മാത്രമാണ്.
ഇന്ത്യയുടെ പരാജയത്തില്‍ വിരാടിന്റെ ക്യാപ്റ്റന്‍സിയും താരങ്ങളുടെ പ്രകടനവുമെല്ലാം വിമര്‍ശനത്തിന് വിധേയമാകുന്നുണ്ട്. അത്തരത്തില്‍ ശക്തമായ വിമര്‍ശനം നേരിടുന്ന താരമാണ് പ്രധാന സ്പിന്നര്‍ ആയ ആര്‍.അശ്വിന്‍. കഴിഞ്ഞ ദിവസം മുതിര്‍ന്ന താരം ഹര്‍ഭജന്‍ സിങ് അശ്വിനെതിരെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സാക്ഷാല്‍ സൗരവ് ഗാംഗുലി തന്നെ അശ്വിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
സതാംപ്ടണ്‍ ടെസ്റ്റില്‍ അശ്വിന്‍ അക്ഷമനായാണ് ബോള്‍ ചെയ്തതെന്ന് ഗാംഗുലി പറഞ്ഞു. ഒരോവറില്‍ തന്നെ ആറ് വ്യത്യസ്ത പന്തുകളെറിഞ്ഞത് ഇതിന് തെളിവാണ്. ഇഷാന്ത് ശര്‍മ ബോള്‍ ചെയ്തപ്പോള്‍ പിച്ചിലുണ്ടായ ആനുകൂല്യം മുതലെടുക്കാന്‍ അശ്വിനായില്ല. എന്നാല്‍ ഇംഗ്ലീഷ് സ്പിന്നറായ മോയിന്‍ അലി ഇത് ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്തുവെന്നും ഗാംഗുലി പറഞ്ഞു.
എന്തിനാണ് അശ്വിനിത്ര അക്ഷമനാവുന്നതെന്ന് അറിയില്ല. ഇക്കാര്യത്തെക്കുറിച്ച് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി അശ്വിനോട് സംസാരിക്കണം. ഒരോവറില്‍ ആറ് വ്യത്യസ്ത പന്തുകളൊക്കെയാണ് അശ്വിനെറിഞ്ഞത്. കഴിവുവച്ചു നോക്കിയാല്‍ മോയിന്‍ അലി അശ്വിന്റെ അടുത്തൊന്നും എത്തില്ല. എന്നാല്‍ അലി വളരെ ലളിതമായി കളിച്ച് കളി വരുതിയിലാക്കിയെന്നും ദാദ പറയുന്നു.
അശ്വിന്‍ ദൂസ്രയും ലെഗ് സ്പിന്നും റോങ് വണ്ണും അടക്കം പരീക്ഷിച്ച് പരാജയപ്പെട്ടെന്നും ഗാംഗുലി ഇന്ത്യാ ടിവിയോട് പറഞ്ഞു. ഇന്ത്യ പരമ്പര അടിയറവ് വയ്ക്കാന്‍ കാരണം അശ്വിനാണെന്നായിരുന്നു നേരത്തെ ഹര്‍ഭജന്‍ പറഞ്ഞത്.