ലണ്ടന്‍: നായക സ്ഥാനത്തു നിന്നും വിരമിച്ചെങ്കിലും ഇന്ത്യന്‍ ടീമിനെ ഇന്നും നയിക്കുന്നത് എംഎസ് ധോണിയെന്നതാണ് വാസ്തവം. നിര്‍ണ്ണായകമായ തീരുമാനങ്ങളെല്ലാം ധോണിയുടെ ഉപദേശം തേടിയ ശേഷമേ നായകന്‍ വിരാട് കോഹ്ലി എടുക്കാറുള്ളൂ. വിരാടിനെ ഉപദേശിക്കുകയും ഫീല്‍ഡ് സെറ്റ് ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്ന ധോണി പലപ്പോഴും നാം കണ്ടിട്ടുണ്ട്.

കളിക്കളത്തിന് അകത്തും പുറത്തും നല്ല സുഹൃത്തുക്കള്‍ എന്നതിലുപരി സഹോദരന്മാരെ പോലെയാണ് ഇന്ത്യന്‍ നായകനും മുന്‍നായകും. ധോണിയോട് തനിക്കുള്ള ബഹുമാനം പലപ്പോഴും വിരാട് തുറന്നു പറഞ്ഞിട്ടുമുണ്ട്. തന്റെ കരിയര്‍ വിരാട് തുടങ്ങിയതും ധോണിയുടെ കീഴിലായിരുന്നു എന്നതും ശ്രദ്ധേയമാണ്.

ഇന്ന് ധോണിയുടെ 37ാം ജന്മദിനമായിരുന്നു. ക്രിക്കറ്റ് ലോകം മുഴുവന്‍ പ്രിയ താരത്തിന് ആശംസകളുമായി രംഗത്തെത്തിയപ്പോള്‍ വിരാട് കോഹ്ലിയുടെ ആശംസ വേറിട്ടു നിന്നു. രണ്ട് താരങ്ങളും തമ്മിലുള്ള പരസ്പര ബഹുമാനം വ്യക്തമാകുന്നതായിരുന്നു ധോണിയ്ക്കുള്ള വിരാടിന്റെ പിറന്നാള്‍ സന്ദേശം.

”ഈ പ്രായത്തിലും നിങ്ങള്‍ എന്നത്തേയും പോലെ ഫിറ്റും വേഗതയുമുള്ളവനുമാണ്. ചിരിച്ച് സ്വയം ആസ്വദിച്ച് കളിക്കുന്ന നിങ്ങളെ കാണുന്നത് തന്നെ സന്തോഷമാണ്. എല്ലാ വിധ ആശംസകളും നേരുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. നിങ്ങള്‍ക്ക് കീഴില്‍ തുടങ്ങാന്‍ സാധിച്ചതിലും ഇപ്പോഴും ഒരുമിച്ച് കളിക്കാന്‍ കഴിയുന്നതിലും അഭിമാനമുണ്ട്. എല്ലാ വിധ ആശംസകളും,” ബിസിസിഐ ടിവിയിലൂടെയായിരുന്നു ധോണിയക്ക് വിരാട് ആശംസ അറിയിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ