വിരാട് കോഹ്‌ലിയുടെ കാമുകിയാകാൻ തയാറായി ക്യൂ നിൽക്കുകയാണ് ആരാധകർ. പക്ഷേ ഇവരെക്കൊണ്ട് തലവേദനയായിരിക്കുന്നത് കോഹ്‌ലിയുടെ കാമുകി പാവം അനുഷ്ക ശർമയ്ക്കാണ്. കോഹ്‌ലിയോടുളള ആരാധന മൂത്ത് ഇംഗ്ലീഷ് വനിത ക്രിക്കറ്റ് താരം ഡാനില്ലി വൈറ്റ് വിവാഹാഭ്യർഥന നടത്തിയത് വലിയ വാർത്തയായിരുന്നു. അത് കെട്ടടങ്ങി എന്നു വിചാരിക്കുമ്പോഴിതാ കോഹ്‌ലിക്ക് വീണ്ടും വിവാഹാഭ്യർഥന എത്തിയിരിക്കുന്നു. ഇത്തവണ ആരാധികയല്ല, മറിച്ച് ഒരു ആരാധകനാണ് കോഹ്‌ലിയോട് വിവാഹാഭ്യർഥന നടത്തിയത്.

28 കാരനായ കോഹ്‌ലിക്ക് ലോകം മുഴുവൻ ലക്ഷക്കണക്കിന് ആരാധകരുണ്ട്. പക്ഷേ ഒരു ആരാധകനിൽനിന്നും വിവാഹാഭ്യർഥന എത്തുന്നത് ഇതാദ്യമാണ്. പാക്കിസ്ഥാനിലെ ലാഹോറിൽ നടന്ന ഇൻഡിപെൻഡൻസ് കപ് മൽസരങ്ങൾക്കിടെയായിരുന്നു സംഭവം. ‘കോഹ്‌ലി, എന്നെ വിവാഹം കഴിക്കൂ’ എന്നെഴുതിയ ബാനറുമായി പാക്കിസ്ഥാൻ പൊലീസുകാരനാണ് എത്തിയത്. ചില ആരാധകർ കോഹ്‌ലിയെയും ധോണിയെയും മിസ് ചെയ്യുന്നു എന്നെഴുതിയ ബാനറുകളുമായാണ് എത്തിയത്.

2014 ലാണ് കോഹ്‌ലിക്ക് ഡാനില്ലി വൈറ്റിൽനിന്നും വിവാഹാഭ്യർഥന എത്തിയത്. ദക്ഷിണാഫ്രിക്കൻ പരമ്പരക്കിടെ കോഹ്‌ലിയുടെ പ്രകടനം കണ്ട് ഇഷ്ടപ്പെട്ടാണ് ഡാനില്ലി പരസ്യമായി വിവാഹാഭ്യർഥന നടത്തിയത്. പിന്നീട് ഇംഗ്ലണ്ടിൽ ടെസ്റ്റ് കളിക്കാനെത്തിയ കോഹ്‌ലിയെ ഡാനില്ലി നേരിട്ട് കണ്ടിരുന്നു.

കോഹ്‌ലിയും അനുഷ്കയും പ്രണയത്തിലാണെന്ന് ഏവർക്കും അറിയാവുന്ന കാര്യമാണ്. പക്ഷേ കോഹ്‌ലിയുമായുളള പ്രണയം തുറന്നുപറയാൻ അനുഷ്ക ഇതുവരെ തയാറായിട്ടില്ല. എന്നാൽ കോഹ്‌ലിയാകട്ടെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയും സന്ദേശങ്ങളിലൂടെയും അനുഷ്കയോടുളള തന്റെ പ്രണയം പ്രകടിപ്പിക്കാറുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook