വിദേശത്ത് ഹണിമൂൺ ആഘോഷിക്കുന്നതിന്റെ തിരക്കിലാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയും ഭാര്യ അനുഷ്ക ശർമയും. ഡിസംബർ 11 ന് ഇറ്റലിയിൽവച്ചായിരുന്നു ഇരുവരുടെയും വിവാഹം. രഹസ്യമായി നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഡിസംബർ 21 ന് ഇരുവരും ഹണിമൂൺ ആഘോഷം കഴിഞ്ഞ് ഇന്ത്യയിൽ മടങ്ങിയെത്തും.

സോഷ്യൽ മീഡിയയിലൂടെ നിരവധി പേർ വിരുഷ്ക ദമ്പതികൾക്ക് ആശംസകൾ അറിയിച്ചിരുന്നു. അതിൽ ഏറ്റവും ശ്രദ്ധേയമായത് രോഹിത് ശർമയുടെ ആശംസയായിരുന്നു. കോഹ്‌ലിക്ക് ഹസ്ബന്റ് ഹാൻഡ്ബുക്ക് നൽകാമെന്നു പറഞ്ഞ രോഹിത് കോഹ്‌ലിയുടെ ഭാര്യ അനുഷ്കയ്ക്ക് ചെറിയൊരു ഉപദേശവും നൽകി. അനുഷ്ക ശർമ എന്ന പേരിലെ ശർമ അതുപോലെ നിലനിർത്തണമെന്നായിരുന്നു രോഹിത് ഉപദേശിച്ചത്.

രോഹിത്തിന്റെ ആശംസയ്ക്ക് അനുഷ്ക കഴിഞ്ഞ ദിവസം മറുപടി നൽകിയിരുന്നു. ഇപ്പോഴിതാ വിരാടും ട്വിറ്ററിലൂടെ മറുപടി നൽകിയിരിക്കുന്നു. രോഹിതിന്റെ ആശംസയ്ക്ക് നന്ദി പറഞ്ഞ കോഹ്‌ലി തനിക്ക് ഡബിൾ ഹൻഡ്രഡ് ഹാൻഡ്ബുക്ക് നൽകണമെന്നും ആവശ്യപ്പെട്ടു.

ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് കോഹ്‌ലിയും അനുഷ്കയും വിവാഹിതരായത്. ഇറ്റലിയിലെ മിലാനിലെ ആഡംബര റിസോർട്ടിൽ വച്ച് പാരമ്പര്യ രീതിയിലായിരുന്നു കോഹ്‌ലി-അനുഷ്ക വിവാഹം നടന്നത്. ഈ മാസം 21ന് ഇരുവരും ഇന്ത്യയിലേക്ക് തിരിച്ചെത്തും. ബന്ധുക്കൾക്കായി അന്ന് ഒരു വിവാഹപാർട്ടി ഒരുക്കിയിട്ടുണ്ട്. ഡിസംബർ 26നാണ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കും ബോളിവുഡ് താരങ്ങൾക്കുമായുള്ള വിവാഹ സൽക്കാരം. തുടർന്ന് ഇരുവരും ദക്ഷിണാഫ്രിക്കയിലേക്ക് പോകും. ദക്ഷിണാഫ്രിക്കയിൽവച്ചായിരിക്കും ഇരുവരും ന്യൂ ഇയർ ആഘോഷിക്കുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ