ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി പുതിയൊരു റെക്കോർഡ് കൂടി സ്വന്തം പേരിലാക്കി. ഇത്തവണ കോഹ്‌ലിക്ക് സന്തോഷം നൽകുന്ന റെക്കോർഡല്ല അത്. തന്റെ ടെസ്റ്റ് കരിയറിൽ ആദ്യമായി ഡക്ക് ആയിരിക്കുകയാണ് കോഹ്‌ലി. ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മൽസരത്തിലാണ് കോഹ്‌ലി ആദ്യമായി പൂജ്യം റൺസിന് പുറത്തായത്.

കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ മഴമൂലം 4 മണിക്കൂറോളം വൈകിയാണ് കളി തുടങ്ങിയത്. ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. കെ.എൽ.രാഹുലും ശിഖർ ധവാനും ആയിരുന്നു ഓപ്പണർമാരായി ഇറങ്ങിയത്. തുടക്കത്തിൽതന്നെ ഇന്ത്യൻ ബാറ്റ്സ്മാന്മാരെ ലങ്കൻ ബോളർമാർ സമ്മർദ്ദത്തിലാഴ്ത്തി. ആദ്യ ബോളിൽതന്നെ രാഹുലിനെ ലങ്കൻ പേസർ സുരങ്ക ലക്മാൽ പുറത്താക്കി. ഇതിനുപിന്നാലെ 8 റൺസെടുത്ത ധവാനെയും പൂജ്യം റൺസിന് കോഹ്‌ലിയെയും സുരങ്ക കളത്തിന് പുറത്താക്കി. തന്റെ ടെസ്റ്റ് കരിയറിൽ കോഹ്‌ലി ഡക്കാവുന്നത് ഇതാദ്യം.

ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 17 റൺസ് എന്ന നിലയിലാണ്. ഇന്ത്യയുടെ 3 വിക്കറ്റ് വീഴ്ത്തിയതും സുരങ്കയാണ്. ഒരു റൺസ് പോലും വഴങ്ങാതെയാണ് സുരങ്കയുടെ ഈ നേട്ടം. മോശം കാലാവസ്ഥ മൂലം 12 ഓവർ പൂർത്തിയാകുന്നതിനു മുൻപുതന്നെ ഇന്നത്തെ കളി അവസാനിപ്പിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook