ആറ് മൽസരങ്ങളുടെ ഏകദിന പരമ്പരയിൽ മൂന്നെണ്ണം മാത്രം അവശേഷിക്കുമ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് ഏറ്റവും കൂടുതൽ തലവേദന സൃഷ്ടിക്കുന്ന താരം ഇന്ത്യൻ നിരയിൽ വിരാട് കോഹ്‌ലി തന്നെയാണ്. ആദ്യ മൂന്ന് ഏകദിനങ്ങളിൽ നിന്ന് മാത്രം വിരാട് കോഹ്‌ലി 318 റൺസ് നേടി. 95 റൺസ് സ്ട്രൈക് റേറ്റിൽ ബാറ്റ് വീശുന്ന ബാറ്റ്സ്മാൻ ബോളർമാരെ കൂടുതൽ കൂടുതൽ പ്രതിസന്ധിയിലാക്കുകയാണ്.

പരമ്പര സമനിലയാക്കാനുളള ലക്ഷ്യവുമായി ഇറങ്ങുന്ന ദക്ഷിണാഫ്രിക്കൻ സംഘത്തിൽ ഓൾ റൗണ്ടർ ക്രിസ് മോറിസിന്റെ ശുഭപ്രതീക്ഷയിലെ വെല്ലുവിളിയും കോഹ്‌ലിയാണ്. “വിരാട് കോഹ്‌ലിയെ ചെറിയ സ്കോറിൽ പുറത്താക്കാൻ സാധിച്ചാൽ നമുക്ക് വിജയിക്കാനാവും”, ക്രിസ് മോറിസ് ദക്ഷിണാഫ്രിക്കയിൽ പറഞ്ഞു.

“നിങ്ങൾക്കെപ്പോഴും എതിർടീമിൽ ഏറ്റവും ശക്തനെ വീഴ്ത്തിയാലേ ജയിക്കാനാവൂ. ഇന്ത്യൻ നിരയിൽ വിരാട് കോഹ്‌ലിയാണ് ഈ ശക്തൻ. പുളളിക്കാരൻ ഇന്ത്യക്ക് റൺസ് നേടിക്കൊണ്ടേയിരിക്കുകയാണ്. കോഹ്‌ലിയെ ചെറിയ സ്കോറിന് പുറത്താക്കിയാൽ കളി ജയിക്കാനാവും”, ക്രിസ് മോറിസ് പറഞ്ഞു.

“34 സെഞ്ചുറികളാണ് അയാൾ നേടിയത്. എല്ലാ രാജ്യത്തിലും സെഞ്ചുറി നേടിയിട്ടുണ്ട്. ഫോമിൽ ശക്തനായ താരമാണ് അദ്ദേഹം. എവിടെ കളിച്ചാലും അദ്ദേഹത്തിന്റെ ഫോമിന് യാതൊരു മാറ്റവുമില്ല. മാത്രമല്ല. മൂന്ന് കളിയിലും ആദ്യം ബാറ്റ് ചെയ്തത് അവരാണ്. രാത്രിയിൽ പിച്ചുകൾക്ക് വേഗത കൂടുന്നു. ഈ സമയത്ത് അവരുടെ സ്പിന്നർമാർക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുന്നു”, മോറിസ് കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ