Latest News

കളി എന്നോട് വേണ്ട വില്യംസ്; പക വീട്ടാനുള്ളതാണ്, വൈറല്‍ വീഡിയോ

ടി20 മത്സരത്തിനു ശേഷം നോട്ട്ബുക്ക് സെലിബ്രേഷനെക്കുറിച്ച് കോഹ്‌ലി തന്നെ വിശദീകരിച്ചു

ആവേശമാകാം, പക്ഷേ എല്ലാം കണക്കുകളും ഓര്‍മയില്‍ സൂക്ഷിച്ച് ഓരോന്നായി വീട്ടുന്ന വിരാട് കോഹ്‌ലിയോട് ആവേശം കാണിക്കുമ്പോള്‍ അതൊന്ന് സൂക്ഷിച്ച് വേണം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കഴിഞ്ഞ കാര്യങ്ങള്‍ പോലും ഓര്‍മയില്‍വച്ച് അതേ നാണയത്തില്‍ മറുപടി നല്‍കുന്നതില്‍ അഗ്രഗണ്യനാണ് ഇന്ത്യന്‍ നായകന്‍. അങ്ങനെയൊരു കാഴ്‌ചയാണ് ഇന്നലെ ഹൈദരാബാദ് ടി20 മത്സരത്തില്‍ കണ്ടത്.

ബൗളര്‍മാരെ കോഹ്‌ലി തലങ്ങും വിലങ്ങും ഓടിച്ചു. വേറെ ആരോട് വീറും വാശിയും കാണിച്ചാലും കോഹ്‌ലിയോട് മുട്ടാൻ ഞങ്ങളില്ലേ എന്ന മട്ടിലാണ് വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ മത്സരശേഷം കൂടാരം കയറിയത്. വെറും 50 പന്തില്‍ നിന്ന് വിരാട് കോഹ്‌ലി 94 റണ്‍സ് നേടിയത്.

Read Also: കൊടുങ്കാറ്റായി കോഹ്‌ലി; വാലുമടക്കിയോടി കരീബിയൻ പട

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടി20 മത്സരം ഇന്ത്യ വിജയിക്കുമ്പോള്‍ കോഹ്‌ലി പുറത്താകാതെ നില്‍ക്കുകയായിരുന്നു. ആറ് സിക്‌സുകളും ആറ് ഫോറുകളുമാണ് ഇന്ത്യന്‍ നായകന്റെ ബാറ്റില്‍ നിന്ന് പിറന്നത്. ഈ ഇന്നിങ്‌സിനിടയില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് കോഹ്‌ലിയുടെ നോട്ട്ബുക്ക് സെലിബ്രേഷനാണ്. രണ്ട് വര്‍ഷം മുന്‍പുള്ള കടത്തിന് മുതലും പലിശയുമടക്കം കോഹ്‌ലി നല്‍കി. വിന്‍ഡീസ് താരം കെസ്രിക് വില്യംസിനുള്ള മറുപടിയായിരുന്നു കോഹ്‌ലിയുടെ നോട്ട്ബുക്ക് സെലിബ്രേഷന്‍.

വില്യംസ് എറിഞ്ഞ 16-ാം ഓവറിലായിരുന്നു ആവേശകരമായ സംഭവം. വില്യംസിനെ കൂറ്റന്‍ സിക്‌സര്‍ പറത്തിയ ശേഷം കോഹ്‌ലി നോട്ട്ബുക്ക് ആഘോഷം നടത്തി. സ്റ്റേഡിയത്തിലുള്ളവരെല്ലാം ആവേശംകൊണ്ടു. കോഹ്‌ലിയുടെ ആഘോഷം കണ്ട വില്യംസ് താടിയ്ക്ക് കൈവച്ചു. നോട്ട്ബുക്ക് സെലിബ്രേഷന്‍ കണ്ടുനിന്ന് വെസ്റ്റ് ഇന്‍ഡീസ് താരങ്ങളും അന്താളിച്ചു നിന്നു.

ടി20 മത്സരത്തിനു ശേഷം നോട്ട്ബുക്ക് സെലിബ്രേഷനെ കുറിച്ച് കോഹ്‌ലി തന്നെ വിശദീകരിച്ചു. 2017 ലെ ജമൈക്ക ടി20 മത്സരത്തില്‍ വിരാട് കോഹ്‌ലിയുടെ വിക്കറ്റ് സ്വന്തമാക്കിയ ശേഷം വില്യംസ് നോട്ട്ബുക്ക് സെലിബ്രേഷന്‍ നടത്തിയാണ് താരത്തെ യാത്രയാക്കിയത്. അന്ന് 29 റണ്‍സിലാണ് കോഹ്‌ലി പുറത്തായത്. ഇതിനുള്ള മറുപടിയായിരുന്നു ഹൈദരാബാദില്‍ താന്‍ നല്‍കിയതെന്ന് കോഹ്‌ലി വ്യക്തമാക്കി.

ഹൈദരാബാദിൽ നടന്ന ആദ്യ ടി20 മത്സരത്തിൽ ആറു വിക്കറ്റിനാണ് ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ പരാജയപ്പെടുത്തിയത്. 8 പന്ത് ഇന്ത്യൻ ഇന്നിങ്സിൽ ബാക്കിവച്ചാണ് വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 208 റൺസ് വിജയലക്ഷ്യം കോഹ്‌ലിയും സംഘവും മറികടന്നത്.

വെസ്റ്റ് ഇൻഡീസ് ഉയർത്തിയ കൂറ്റൻ സ്കോർ പിന്തുടർന്ന ഇന്ത്യയുടെ തുടക്കം സാവധാനമായിരുന്നു. ടീം സ്കോർ 30ൽ നിൽക്കെ രോഹിത് മടങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. എന്നാൽ രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന കെ.എൽ.രാഹുൽ – വിരാട് കോഹ്‌ലി സഖ്യം ഇന്ത്യൻ ഇന്നിങ്സിനു വീണ്ടും ജീവൻ നൽകി. മത്സരത്തിൽ പതിയെ താളം കണ്ടെത്തിയ കൂട്ടുകെട്ട് സാവധാനം ആധിപത്യവും ഏറ്റെടുത്തു. 40 പന്തിൽ അഞ്ചു ഫോറും നാലു സിക്സും ഉൾപ്പടെ 62 റൺസ് നേടിയ രാഹുലിനെ പുറത്താക്കിയ ഖ്യാരി ഒരിക്കൽ കൂടി ഇന്ത്യയുടെ അന്തകനാകുമെന്ന് തോന്നിച്ചു. നേരത്തെ രോഹിത്തിനെ പുറത്താക്കിയതും ഖ്യാരിയായിരുന്നു.

Read Also: Horoscope Today December 07, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

എന്നാൽ ക്രീസിൽ സംഹാരതാണ്ഡവമാടാനായിരുന്നു വിരാട് കോഹ്‌ലിയുടെ തീരുമാനം. നായകൻ പൊള്ളാഡ് ഉൾപ്പടെ വിൻഡീസ് ബോളർമാരെല്ലം കോഹ്‌ലിയുടെ ബാറ്റിന്റെ ചൂടറിഞ്ഞു. പറന്നും ഉരുണ്ടുമായി 12 തവണ കോഹ്‌ലിയുടെ ബാറ്റിൽനിന്നു പന്ത് ബൗണ്ടറി കടന്നു. 50 പന്തിൽ നിന്ന് 94 റൺസാണ് കോഹ്‌ലി അടിച്ചെടുത്തത്. പന്തിനും അയ്യർക്കും ദുബെയ്ക്കുമെല്ലാം നായകന്റെ പോരാട്ടത്തിന് സാക്ഷിയാകേണ്ടിയേ വന്നുള്ളു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Virat kohlis splendid notebook celebration in hyderbad t20 match

Next Story
കൊടുങ്കാറ്റായി കോഹ്‌ലി; വാലുമടക്കിയോടി കരീബിയൻ പടIndia vs West Indies, IND vs WI, ഇന്ത്യ, വെസ്റ്റ് ഇൻഡീസ്, virat kohli, വിരാട് കോഹ്‌ലി, sanju samson, indian cricket team, hetmyer, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
X