ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയുടെ ഓപ്പണിങ് ബാറ്റ്സ്മാൻ സദീര സമരവിക്രമ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുമായി കയർക്കേണ്ട ഒരു രംഗമുണ്ടായേനെ. പക്ഷേ തെറ്റ് തന്റെ ഭാഗത്താണെന്ന് മനസ്സിലാക്കിയ കോഹ്‌ലി അതിൽ ക്ഷമ ചോദിച്ചതോടെ രംഗം ശാന്തമായി. തെറ്റ് ചെയ്താൽ അത് സമ്മതിക്കാനുളള മനസ്സ് കൂടിയായിരുന്നു കോഹ്‌ലി ഇന്നലെ ഡൽഹി ഫിറോസ് ഷാ കോട്‌ല മൈതാനത്ത് കാട്ടിയത്.

ചണ്ഡിമലും സദീരയുമായിരുന്നു ക്രീസിലുണ്ടായിരുന്നത്. അശ്വിന്റെ ബോൾ ചണ്ഡിമൽ ബൗണ്ടറി കടത്താനായി നോക്കി. ഇതു തടഞ്ഞ കോഹ്‌ലി ബോൾ എടുത്തെറിഞ്ഞത് സദീരയുടെ നേർക്കായിരുന്നു. ബോൾ സദീരയുടെ കൈമുട്ടിൽ തട്ടി ഉയർന്നുപോയി. ഉടൻതന്നെ താൻ ചെയ്തത് തെറ്റായിപ്പോയെന്നു പറഞ്ഞ് കോഹ്‌ലി ചണ്ഡിമലിനോടും സദീരയോടും ക്ഷമ ചോദിച്ചു. സദീരയുടെ അടുത്തെത്തി കോഹ്‌ലി വിവരം തിരക്കുകയും ചെയ്തു.

33 റൺസെടുത്താണ് സദീര സമരവിക്രമ പുറത്തായത്. ഏയ്ഞ്ചലോ മാത്യൂസിന്റെയും (111) ദിനേശ് ചണ്ഡിമലിന്റെയും (147നോട്ടൗട്ട്) സെ​ഞ്ചുറിക്കരുത്തിൽ മൂന്നാം ദിനം ശ്രീലങ്ക 356 റൺസ് നേടിയിരുന്നു. ഏയ്ഞ്ചലോ മാത്യൂസ് ക്യാപ്റ്റൻ ദിനേശ് ചണ്ഡിമലിനൊപ്പം 181 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ