മുൻ ഇന്ത്യൻ താരം യുവരാജ് സിങ് തനിക്ക് എഴുതിയ കത്തിന് മറുപടിയുമായി ഇന്ത്യയുടെ മുൻക്യാപ്റ്റൻ വിരാട് കോഹ്ലി. കോഹ്‌ലി ലോകമെമ്പാടുമുള്ള യുവാക്കൾക്ക് പ്രചോദനമാണെന്ന് കുറിച്ച് ഒരു സമ്മാനത്തോടൊപ്പം യുവരാജ് കോഹ്‌ലിക്ക് അയച്ച കത്തിനാണ് താരം മറുപടി നൽകിയത്. ‘കാൻസറിനെ തോല്പിച്ചുകൊണ്ടുള്ള താങ്കളുടെ മടങ്ങിവരവ് എന്നും എപ്പോഴും എല്ലാവർക്കും പ്രചോദനമാണ്’ എന്ന് കോഹ്ലി പറഞ്ഞു.
“നന്ദി യുവി പാ. എന്റെ കരിയറിന്റെ ആദ്യ ദിനം മുതൽ, അതിന്റെ വളർച്ച അടുത്ത് നിന്ന് കണ്ട ഒരാളിൽ നിന്ന് ഇത് ലഭിക്കുന്നത് വലിയ കാര്യമാണ്. നിങ്ങളുടെ ജീവിതവും അർബുദത്തിൽ നിന്നുള്ള തിരിച്ചുവരവും ഇന്നും എപ്പോഴും എല്ലാവർക്കും പ്രചോദനമാണ്. നിങ്ങൾ എങ്ങനെ ആയിരുന്നെന്ന് എനിക്കറിയാം, നിങ്ങൾ എല്ലായ്പ്പോഴും വളരെ ഉദാരമനസ്കനും നിങ്ങളുടെ ചുറ്റുമുള്ള ആളുകളോട് കരുതലുള്ളവനുമായിരുന്നു. ഇപ്പോൾ നമ്മൾ രണ്ടുപേരും മാതാപിതാക്കളാണ്, അത് എന്തൊരു അനുഗ്രഹമാണ്. ഈ പുതിയ യാത്രയിൽ നിങ്ങൾക്ക് സന്തോഷവും മനോഹരമായ ഓർമ്മകളും അനുഗ്രഹവും നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ” കോഹ്ലി കുറിച്ചു.
യുവരാജ് അയച്ച സമ്മാനവും കത്തും യുവരാജിനൊപ്പമുള്ള ചിത്രവും പങ്കുവച്ചുകൊണ്ടായിരുന്നു കോഹ്‌ലിയുടെ പോസ്റ്റ്.
കഴിഞ്ഞ ദിവസമാണ് വിരാട് കോഹ്‌ലിക്ക് മുൻ ഇന്ത്യൻ ഓൾറൗണ്ടർ യുവരാജ് സിംഗ് ഒരു വൈകാരികമായ കത്തയച്ചത്. ഡൽഹിയിൽ നിന്നുള്ള കൊച്ചു കുട്ടിക്ക് എന്നാണ് യുവി കത്ത് ആരംഭിച്ചത്. ഒരു ക്രിക്കറ്റ് കളിക്കാരനെന്ന നിലയിലും ഒരു വ്യക്തിയെന്ന നിലയിലും കോഹ്ലിയുടെ യാത്രയെ അനുസ്മരിച്ചുകൊണ്ടായിരുന്നു കത്ത്. സ്വന്തം നിശ്ചയദാർഢ്യവും കഠിനാധ്വാനവും കൊണ്ട് കോഹ്‌ലി ലോകമെമ്പാടുമുള്ള യുവാക്കൾക്ക് പ്രചോദനമാണെന്ന് പറഞ്ഞ യുവരാജ്, ഇന്ത്യയുടെ സ്റ്റാർ ബാറ്ററിൽ നിന്ന് കൂടുതൽ അവിസ്മരണീയമായ ഷോട്ടുകൾ കാണാനുള്ള തന്റെ ആഗ്രഹവും പ്രകടിപ്പിച്ചിരുന്നു.
Also Read: ‘ഡൽഹിയിൽ നിന്നുള്ള കൊച്ചു കുട്ടിക്ക്,’ കോഹ്ലിക്ക് വൈകാരികമായ കത്തുമായി യുവരാജ്