കളിക്കളത്തിലെ വിരാട് കോഹ്‌ലിയുടെ പെരുമാറ്റം പലപ്പോഴും വിമർശനങ്ങൾക്ക് ഇടയാക്കാറുണ്ട്. ഓസ്ട്രേലിയയ്ക്കെതിരായ പെർത്ത് ടെസ്റ്റിൽ കോഹ്‌ലി തന്റെ സ്വഭാവം കാരണം ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങി. കോഹ്‌ലിയെ അനുകൂലിച്ചും വിമർശിച്ചും ക്രിക്കറ്റ് ലോകത്തുനിന്നും തന്നെ താരങ്ങൾ എത്തി.

ഓസ്ട്രേലിയൻ നായകൻ ടിം പെയ്നുമായി രണ്ടു തവണയാണ് കോഹ്‌ലി കൊമ്പുകോർത്തത്. ഒടുവിൽ അമ്പയർക്ക് തന്നെ ക്യാപ്റ്റന്മാരെ ശാസിക്കേണ്ട സ്ഥിതി വന്നു. കോഹ്‌ലിയുടെ പെർത്തിലെ സ്വഭാവത്തെ ഒരു വീഡിയോയിലൂടെ പരിഹസിക്കുകയാണ് ഓസ്ട്രേലിയൻ വീഡിയോ മാധ്യമപ്രവർത്തകൻ ഡെന്നിസ് ഫ്രീഡ്മാൻ. ‘കളിക്കളത്തിൽ താൻ വിചാരിച്ചതുപോലെ കാര്യങ്ങൾ വന്നില്ലെങ്കിൽ കോഹ്‌ലി മറ്റുളളവരോട് കാണിക്കുന്നത് ഇതാണ്’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ നിൽക്കുന്ന ബാറ്റ്സ്മാനെ ബോളർ അവിചാരിതമായി ഔട്ടാക്കുന്നതും ബാറ്റ്സ്മാൻ തന്റെ ദേഷ്യം തീർക്കുന്നതുമാണ് വീഡിയോ. നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ നിന്ന ബാറ്റ്സ്മാൻ ക്രീസിന് അകത്തായാണ് നിന്നത്. ഇതുകണ്ട ബോളർ സ്റ്റംപിങ് ചെയ്യുകയായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി താൻ ഔട്ടായത് ബാറ്റ്സ്മാന് താങ്ങാനായില്ല. അയാൾ ബാറ്റ് നിലത്ത് അടിച്ചു തകർത്തു. അതിനുശേഷം പവലിയനിലേക്ക് മടങ്ങിയെങ്കിലും ദേർഷ്യം തീർന്നില്ല. അവിടെ ഇട്ടിരുന്ന കസേരകൾ ചവിട്ടി തെറിപ്പിച്ചു.

പെർത്തിലെ കോഹ്‌ലിയുടെ പെരുമാറ്റത്തെ മുൻ ക്രിക്കറ്റ് താരം സഞ്ജയ് മഞ്റേക്കർ വിമർശിച്ചപ്പോൾ മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ അലൻ ബോർഡർ പിന്തുണയ്ക്കുകയാണ് ചെയ്തത്. കോഹ്‌ലിയുടെ പെരുമാറ്റം കടന്നുപോയതാണെന്നും, എങ്കിലും മൈതാനത്ത് ഇത്തരം കളിക്കാരെ വേണമെന്നുമാണ് അലൻ പറഞ്ഞത്. മുൻ ഓസ്ട്രേലിയൻ ബോളർ ബ്രാഡ് ഹോഗും, പാക് ബോളർ ഷൊയ്ബ് അക്തറും, ഓസ്ട്രേലിയൻ കോച്ച് ഡാരൻ ലെഹ്മാനും കോഹ്‌ലിയെ പിന്തുണച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook