ഓസ്ട്രേലിയക്ക് എതിരായ ടെസ്റ്റ് പരമ്പര നേട്ടം ഇന്ത്യയ്ക്ക് കൂടുതൽ കരുത്ത് നൽകിയിരിക്കുകയാണ്. ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിൽ ഒരിക്കലും മറക്കാൻ സാധിക്കാത്ത പരമ്പരയായിരുന്നു ഓസ്ട്രേലിയയിൽ നടന്നത്. എന്നാൽ, ഈ പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ നാണംകെട്ട തോൽവി ഇന്ത്യയുടെ പേരിൽ കുറിക്കപ്പെട്ടു. നാല് മത്സരങ്ങളുള്ള പരമ്പരയിൽ ആദ്യ ടെസ്റ്റിൽ ഓസീസ് ജയിച്ചപ്പോൾ ഇന്ത്യയെ പലരും എഴുതിതള്ളിയതുമാണ്. അത്രത്തോളം നാണംകെട്ട ഫലമാണ് ആദ്യ ടെസ്റ്റിൽ ഇന്ത്യയുടെ പേരിൽ കുറിക്കപ്പെട്ടത്.
അഡ്‌ലെയ്‌ഡിൽ നടന്ന ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ വെറും 36 റൺസിനാണ് ഓൾഔട്ടായത്. നായകൻ വിരാട് കോഹ്‌ലി അടക്കം എല്ലാ ബാറ്റ്സ്‌മാൻമാരും ഓസീസിന് മുന്നിൽ അടിയറവു പറഞ്ഞു. എന്നാൽ, ഈ മത്സരത്തിലെ തോൽവിക്ക് ശേഷം നടന്ന കാര്യങ്ങളെ കുറിച്ച് ഇന്ത്യയുടെ ഫീൽഡിങ് പരിശീലകൻ ആർ.ശ്രീധർ തുറന്നുപറയുകയാണ്.
അഡ്‌ലെയ്‌ഡ് ടെസ്റ്റിനു ശേഷം നായകൻ വിരാട് കോഹ്‌ലി ടീം അംഗങ്ങൾക്ക് കൃത്യമായ ഉപദേശം നൽകിയാണ് നാട്ടിലേക്ക് മടങ്ങിയതെന്ന് ശ്രീധർ പറയുന്നു. ഇന്ത്യൻ സ്‌പിന്നർ ആർ.അശ്വിനുമായുള്ള യുട്യൂബ് സംഭാഷണത്തിലാണ് ഇന്ത്യയുടെ ഫീൽഡിങ് പരിശീലകൻ ഇക്കാര്യം പറഞ്ഞത്.
Read Also: ടെസ്റ്റ് ക്യാപ്റ്റൻസി: കോഹ്‌ലിക്ക് ഭീഷണിയായി രഹാനെ, സാധ്യതകൾ ഇങ്ങനെ
“അഡ്‌ലെയ്‌ഡിലെ തോൽവിക്കു ശേഷമുള്ള സമയം. രാത്രി 12.30 ആയപ്പോൾ നായകൻ വിരാട് കോഹ്‌ലി എനിക്ക് മെസേജ് അയച്ചു. ‘നിങ്ങൾ ഇപ്പോൾ എന്താണ് ചെയ്യുന്നത് ?’ മെസേജ് കണ്ട് ഞാൻ ഞെട്ടി. ഇത്ര വൈകിയ വേളയിൽ എന്താണ് ഇങ്ങനെയൊരു മെസേജ് എന്ന് ഞാൻ ആശ്ചര്യപ്പെട്ടു. മുഖ്യപരിശീലകൻ രവി ശാസ്ത്രിയും ഞാനും വിക്രം റാത്തോർ, ഭാരത് അരുൺ എന്നിവർക്കൊപ്പം സംസാരിച്ച് ഇരിക്കുകയാണെന്ന് കോഹ്‌ലിക്ക് മറുപടി നൽകി. ‘ഞാനും നിങ്ങൾക്കൊപ്പം ചേരാം’ എന്നായിരുന്നു കോഹ്‌ലി അപ്പോൾ മറുപടി നൽകിയത്. ‘പ്രശ്‌നമൊന്നുമില്ല, മുറിയിലേക്ക് വരൂ’ എന്ന് ഞാൻ കോഹ്‌ലിയോട് പറഞ്ഞു,” ശ്രീധർ വിവരിച്ചു.
“കോഹ്‌ലി ഞങ്ങളുടെ അടുത്തേക്ക് എത്തി. ചർച്ച തുടർന്നു. മെൽബൺ ടെസ്റ്റിനായി എങ്ങനെ തയ്യാറെടുക്കണമെന്നായിരുന്നു ചർച്ച. “അഡ്‌ലെയ്‌ഡ് തോൽവി ഒരു സൂചനയായി കാണൂ, 36 റൺസിന് ഓൾഔട്ടായത് ഈ ടീമിന് കൂടുതൽ മികച്ചതാകാനുള്ള സാധ്യതയായി മാറ്റണം,” ഇതായിരുന്നു ശാസ്ത്രിയുടെ ഉപദേശം. ഈ ചർച്ച ടീമിന് ഏറെ ഗുണം ചെയ്തു,”
പിറ്റേന്ന് രാവിലെ അജിങ്ക്യ രഹാനെയെ കോഹ്‌ലി വിളിച്ചുവരുത്തി. ടീമിന്റെ മുന്നോട്ടുള്ള കാര്യങ്ങളെ കുറിച്ച് ഞങ്ങൾ വീണ്ടും ചർച്ച ചെയ്തു. നല്ലൊരു ചർച്ചയായിരുന്നു അത്. 36 റൺസിന് ഓൾഔട്ടായി എന്നൊക്കെ പറയുമ്പോൾ ഏത് ടീമും ആദ്യം താൽപര്യപ്പെടുക ബാറ്റിങ് കൂടുതൽ കരുത്താക്കാൻ ആണ്. എന്നാൽ, കോഹ്‌ലിയും രഹാനെയും ശാസ്ത്രിയും ബോളിങ് നിരയെ കൂടുതൽ മെച്ചപ്പെടുത്തണമെന്ന അഭിപ്രായമാണ് മുന്നോട്ടുവച്ചത്. അങ്ങനെയാണ് കോഹ്‌ലിയുടെ അസാന്നിധ്യത്തിൽ രവീന്ദ്ര ജഡേജയെ ടീമിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. ഈ തീരുമാനം പിന്നീട് ഏറെ നിർണായകമായെന്നും ശ്രീധർ പറഞ്ഞു.
ആദ്യ ടെസ്റ്റിൽ തോൽവി വഴങ്ങിയെങ്കിലും പിന്നീടുള്ള മത്സരങ്ങളിൽ ഇന്ത്യ കൂടുതൽ ശക്തമായി തിരിച്ചെത്തി. രണ്ടാം ടെസ്റ്റിലും അവസാന ടെസ്റ്റിലും ഇന്ത്യ വിജയിച്ചു. മൂന്നാം ടെസ്റ്റ് സമനിലയിലായി. ഇതോടെ ടെസ്റ്റ് പരമ്പരയും ഇന്ത്യയ്ക്ക് സ്വന്തമായി.