ക്രിക്കറ്റിന്റെ സംഭവ ബഹുലമായ ചരിത്രത്തില്‍ ബോളര്‍മാരെ സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സിനെ പോലെ ഭയപ്പെടുത്തിയ ബാറ്റ്‌സ്മാന്മാര്‍ അധികമില്ല. റിച്ചാര്‍ഡ്‌സ് മൈതാനത്തേക്ക് കൊണ്ടു വന്ന സ്റ്റൈലും ബോളര്‍മാര്‍ക്ക് മേല്‍ പുലര്‍ത്തിയ ആധിപത്യവും പകരം വെക്കാനില്ലാത്തതാണ്. ഏകദിന ക്രിക്കറ്റില്‍ റിച്ചാര്‍ഡ്‌സിനോളം ഇംപാക്ട് സൃഷ്ടിച്ചിട്ടുള്ള മറ്റൊരു ബാറ്റ്‌സ്മാന്‍ ഉണ്ടോ എന്നത് സംശയമാണ്.

അങ്ങനെയുള്ള റിച്ചാര്‍ഡ്‌സ് ഒരു താരത്തിന്റെ ഷോട്ടിന് മുന്നില്‍ അമ്പരന്ന് പോവുക എന്നത്, അതുപോലൊരു ഷോട്ട് തനിക്ക് കളിക്കാന്‍ സാധിച്ചിരുന്നുവെങ്കിലെന്ന് അത്ഭുതപ്പെടുക, വര്‍ണിക്കാന്‍ വാക്കുകള്‍ തികയാതെ വരുന്ന നിമിഷമാണത്. റിച്ചാര്‍ഡ്‌സിനെ ഞെട്ടിച്ചത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയാണ്. തന്റെ ബാറ്റിങ് മികവു കൊണ്ട് നിത്യേനെ ലോകത്തെ ഞെട്ടിച്ച് മുന്നേറുകയാണ് ഇന്ത്യന്‍ നായകന്‍.

Read More: ‘ഞാന്‍ വന്ന അതേ വഴിയിലാണവന്‍’; ഇനി ‘അയ്യരുകളി’യുടെ കാലമെന്ന് വിരാട് കോഹ്‌ലി

വിന്‍ഡീസിനെതിരായ ഏകദിനത്തില്‍ ജെയ്‌സന്‍ ഹോള്‍ഡറിന്റെ പന്തില്‍ വിരാട് ബൗണ്ടറി നേടിയ ഷോട്ടാണ് റിച്ചാര്‍ഡ്‌സിനെ പോലും ഞെട്ടിച്ചു കളഞ്ഞത്. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 22-ാം ഓവറിലായിരുന്നു ക്രിക്കറ്റ് ലോകം ഇന്നുവരെ കാണാത്ത തരത്തിലുള്ള വിരാടിന്റെ മാന്ത്രികതയുള്ള ഷോട്ട്. സെഞ്ചുറിയിലേക്ക് നീങ്ങുകയായിരുന്നു അപ്പോള്‍ വിരാട്

ആ സമയം കമന്ററി ബോക്‌സിലുണ്ടായിരുന്ന റിച്ചാര്‍ഡ്‌സ് തന്റെ അത്ഭുതം മറച്ചു വക്കാതെ വിരാടിനെ പ്രശംസിക്കുകയായിരുന്നു. ഫ്രണ്ട് ഫൂട്ടില്‍ ശരീരം പിന്നോട്ട് വളച്ച്, എക്‌സ്ട്രാ കവറിലൂടെ പന്ത് വിരാട് അതിര്‍ത്തി വര കടത്തി വിടുകയായിരുന്നു. വാക്കുകള്‍ക്ക് വിശേഷിപ്പിക്കാന്‍ കഴിയുന്നതിലും അപ്പുറത്തായിരുന്നു ആ ഷോട്ടിന്റെ മനോഹാരിത.


”അവന്റെ ശരീര ഭാഷ നോക്കൂ, ഓ മാന്‍… ഞാന്‍ കളിച്ചിരുന്ന കാലത്ത് അതുപോലൊരു ഷോട്ട് കളിക്കാന്‍ സാധിച്ചിരുന്നുവെങ്കില്‍” സ്‌റ്റൈലിഷ് ബാറ്റിങ്ങിന്റെ മുഖമായ റിച്ചാര്‍ഡ്‌സ് കമന്ററി ബോക്‌സിലിരുന്ന് പറഞ്ഞത് ഇതായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook