കൊല്‍ക്കത്ത: അടിമുടി മാറ്റവുമായാണ് ഇത്തവണ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎല്ലിനെത്തിയിരിക്കുന്നത്. നായകനിലും താരങ്ങളിലുമെല്ലാം മാറ്റം വന്നിട്ടുണ്ട്. മിക്കവരും യുവതാരങ്ങളാണ്. കൊല്‍ക്കത്തന്‍ ടീമിലെ തന്റെ അരങ്ങേറ്റ മൽസരത്തില്‍ തന്നെ ശ്രദ്ധേയനായ താരമാണ് നിതീഷ് റാണ. കഴിഞ്ഞ സീസണില്‍ മുംബൈയ്ക്കായി തകര്‍പ്പന്‍ ബാറ്റിങ് പുറത്തെടുത്ത റാണ ഇത്തവണ ഞെട്ടിച്ചത് തന്റെ ബോളിങ് കൊണ്ടാണ്.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെയായിരുന്നു റാണയുടെ, കൊല്‍ക്കത്തന്‍ അരങ്ങേറ്റം. വെറും പാര്‍ട്ട് ടൈം ബോളറാകുമെന്ന് കരുതിയ റാണ എല്ലാവരേയും ഞെട്ടിക്കുകയായിരുന്നു. തുടരെ തുടരെയുള്ള പന്തുകളില്‍ ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരായ എബി ഡിവില്ലിയേഴ്‌സിനേയും വിരാട് കോഹ്‌ലിയേയും പുറത്താക്കിയാണ് റാണ ബോളിങ്ങിലും താന്‍ ചില്ലറക്കാരനല്ലെന്ന് തെളിയിച്ചത്.
ഡിവില്ലിയേഴ്‌സ് ക്യാച്ചിലൂടെയായിരുന്നു പുറത്തായത്. അതേസമയം വിരാടിന്റെ സ്റ്റംപ് പിഴുതെടുക്കുകയായിരുന്നു. വിരാടിനെ പോലും ഞെട്ടിച്ചതായിരുന്നു ആ പന്ത്. മുന്നില്‍ കുത്തിയ പന്ത് അതിവേഗം തിരിഞ്ഞ് സ്റ്റംപ് ലക്ഷ്യമാക്കി തിരിഞ്ഞ് കയറുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാന്‍ പാടുപെടുന്ന വിരാടിന്റെ മുഖം മൽസരത്തിലെ അസുലഭ നിമിഷങ്ങളിലൊന്നായിരുന്നു.
ഇപ്പോഴിതാ തന്റെ വിക്കറ്റെടുത്ത റാണയ്ക്ക് സമ്മാനവുമായി എത്തിയിരിക്കുകയാണ് വിരാട്. ക്രിക്കറ്റ് ബാറ്റാണ് റാണയ്ക്ക് വിരാട് നല്‍കിയ സമ്മാനം. വിരാടിനോടുള്ള നന്ദി നിതീഷ് റാണ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്. ”കളിയിലെ മഹാന്മാരിലൊരാള്‍ അഭിനന്ദിക്കപ്പെടുമ്പോള്‍, നിങ്ങള്‍ ചെയ്യുന്നത് ശരിയാണെന്ന് ബോധ്യമാകും. ഈ ബാറ്റിന് നന്ദി വിരാട് ഭയ്യ. എനിക്ക് ആവശ്യമായ പ്രോത്സാഹമാണിത്,” എന്നായിരുന്നു റാണയുടെ പോസ്റ്റ്.