ഇന്ത്യന്‍ ടീമിലെ എന്നല്ല ക്രിക്കറ്റിലെ തന്നെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളാണ് വിരാട് കോഹ്‌ലി. അതുപോലെ തന്നെ ഫിറ്റ്‌നസിലും കോഹ്‌ലി മറ്റുള്ളവരേക്കാള്‍ ഒരുപാട് മുന്നിലാണ്. കോഹ്‌ലിയുടെ ഫിറ്റ്‌നസ് മെന്റാലിറ്റി അഫ്ഗാന്‍ ക്രിക്കറ്റ് ടീമിന് വരെ പ്രചോദനമാണ്. താരവും ഇന്ത്യയും നേടിയ നേട്ടങ്ങളിലും വിരാടിന്റെ ഫിറ്റ്‌നസ് മന്ത്രയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട്.

വിരാട് കോഹ്‌ലിയുടെ ഒരു ഫിറ്റ്‌നസ് വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. വിന്‍ഡീസിന് എതിരായ ഏകദിന പരമ്പര അവസാനിച്ചതോടെ തന്റെ ഫിറ്റ്‌നസ് വര്‍ക്കൗട്ടുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍. ട്വന്റി-20 പരമ്പരയില്‍ ഇല്ലാത്തതിനാല്‍ പിന്നാലെ വരുന്ന ഓസീസ് പര്യടനത്തിന് തയ്യാറെടുക്കുകയാണ് വിരാട്.

ഇതിന്റെ ഭാഗമായി ജിമ്മില്‍ ഭാരം എടുക്കുന്ന വിരാടിന്റെ വീഡിയോയാണ് വൈറലാകുന്നത്. വെയ്റ്റ് ലിഫ്റ്റ് ചെയ്യുന്നതിന്റെ വീഡിയോ വിരാട് തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. മോഡേണ്‍ ഡേ ക്രിക്കറ്റില്‍ ഫിറ്റ്‌നസിന് എത്രമാത്രം പ്രാധാന്യമുണ്ടെന്ന് വ്യക്തമായി അറിയുന്ന വിരാടിന്റെ ഈ മെന്റാലിറ്റി വീഡിയോയില്‍ നിന്നും വ്യക്തമാണ്.

വിന്‍ഡീസിനെതിരായ ട്വന്റി-20യില്‍ വിശ്രമം അനുവദിച്ചതിനാല്‍ ഇനി വിരാടിനെ ഇന്ത്യന്‍ കുപ്പായത്തില്‍ കാണുക നവംബര്‍ 21നായിരിക്കും. അതുവരെ തന്റെ ഫോമും ഫിറ്റ്‌നസും നിലനിര്‍ത്തുകയാണ് വിരാടിന്റെ ലക്ഷ്യം. തന്റെ സ്വഭാവമനുസരിച്ച് റെക്കോര്‍ഡുകള്‍ ഒട്ടനവധിയാണ് ഈ പരമ്പരയിലും വിരാട് തിരുത്തിയത്. ഓസീസിനെതിരേയും അതാവര്‍ത്തിക്കാനാകും, വിരാട് കാത്തിരിക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook