ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ ബാറ്റിങ് പ്രകടനമാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. 72 പന്തിൽ എട്ടു ബൗണ്ടറി ഉൾപ്പെടെ 71 റൺസാണ് കോഹ്‌ലിയെടുത്തത്. ഏകദിനത്തിലെ 36-ാം സെഞ്ചുറി ലക്ഷ്യമിട്ടിറങ്ങിയ കോഹ്‌ലിക്ക് ഒരു ഘട്ടത്തിൽ പിഴച്ചു. 71 റൺസെടുത്ത കോഹ്‌ലിയെ ഇംഗ്ലണ്ട് സ്പിന്നർ ആദിൽ റഷീദ് ക്ലീൻ ബൗൾഡാക്കി.

ഇംഗ്ലണ്ടിനെ സംബന്ധിച്ചിടത്തോളം അതൊരു നിർണായക വിക്കറ്റായിരുന്നു. 2014 നവംബറിൽ ശ്രീലങ്കയ്ക്ക് എതിരായ മൽസരത്തിനുശേഷം തുടർച്ചയായി മൂന്നു ഏകദിനങ്ങളിൽ സ്പിന്നർമാർ കോഹ്‌ലിയുടെ വിക്കറ്റ് വീഴ്ത്തുന്നത് ഇതാദ്യമായാണ്. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ ആദിൽ റഷീദിനായിരുന്നു കോഹ്‌ലിയുടെ വിക്കറ്റ്. 82 ബോളിൽനിന്നായി 75 റൺസായിരുന്നു കോഹ്‌ലിയുടെ സമ്പാദ്യം. രണ്ടാം ഏകദിനത്തിൽ മൊയീൻ അലിയാണ് കോഹ്‌ലിയുടെ വിക്കറ്റ് വീഴ്ത്തിയത്. മൂന്നാം ഏകദിനത്തിൽ വീണ്ടും ആദിൽ റഷീദ് വിക്കറ്റ് വീഴ്‌ത്തി കോഹ്‌ലിയുടെ വില്ലനായി.

മൂന്നാം ഏകദിനത്തിൽ 31-ാം ഓവറിലായിരുന്നു കോഹ്‌ലിയുടെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായത്. ആദിലിന്റെ ബോളിൽ കോഹ്‌ലി ക്ലീൻ ബൗൾഡാവുകയായിരുന്നു. വിക്കറ്റ് വീണപ്പോൾ കോഹ്‌ലിയുടെ മുഖത്തുണ്ടായ ഭാവമാറ്റമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. വിക്കറ്റ് വീണപ്പോൾ കോഹ്‌ലിക്ക് വിശ്വസിക്കാനായില്ല. അത് കോഹ്‌ലിയുടെ മുഖത്ത് പ്രകടമായിരുന്നു.

മൂന്നാം ഏകദിനത്തിൽ കോഹ്‌ലി മികച്ച പാർട്ഷിപ്പാണ് പടുത്തുയർത്തിയത്. രണ്ടാം വിക്കറ്റിൽ ശിഖർ ധവാനുമായി 71 റൺസിന്റെ പാർട്ണർഷിപ്പും മൂന്നാം വിക്കറ്റിൽ ദിനേശ് കാർത്തിക്കുമായി 41 റൺസിന്റെ കൂട്ടുകെട്ടും നാലാം വിക്കറ്റിൽ ധോണിയുമായി 31 റൺസിന്റെ കൂട്ടുകെട്ടും ഇന്ത്യൻ നായകൻ പടുത്തുയർത്തി.

മൂന്നാം ഏകദിനത്തിൽ ഇന്ത്യ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. ഇംഗ്ലണ്ടിന്റെ വിജയം എട്ടു വിക്കറ്റിനായിരുന്നു. ഇന്ത്യ ഉയർത്തിയ 257 റൺസ് 44.3 ഓവറിൽ അനായാസം ഇംഗ്ലണ്ട് മറികടന്നു. ജോ റൂട്ട് സെഞ്ചുറിയും ഇയാൻ മോർഗൻ അർദ്ധസെഞ്ചുറിയും നേടി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1 ന് ഇംഗ്ലണ്ട് നേടി.

ഏകദിനത്തിൽ അതിവേഗം 3,000 റൺസ് നേടുന്ന ബാറ്റ്സ്മാനെന്ന നേട്ടം ഈ പരമ്പരയിൽ കോഹ്‌ലി സ്വന്തമാക്കിയിരുന്നു. 49 ഇന്നിങ്സുകളിൽനിന്നാണ് കോഹ്‌ലി ഈ നേട്ടം കൈവരിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ