സമകാലിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളാണ് വിരാട് കോഹ്‌ലിയെന്ന കാര്യത്തിൽ ആർക്കും എതിരഭിപ്രായമുണ്ടാകില്ല. ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലും 50ലധികം റൺ ശരാശരിയുള്ള ഏകതാരമാണ് കോഹ്‌ലി. ഈ സ്ഥിരതയാർന്ന പ്രകടനമാണ് വിരാട് കോഹ്‌ലിയുടെ നേട്ടങ്ങൾക്കെല്ലാം പിന്നിൽ. ആക്രമണത്തിനൊപ്പം വിക്കറ്റ് നഷ്ടപ്പെടാതെ നോക്കാനും അതീവ ശ്രദ്ധാലുവായ കോഹ്‌ലിയുടെ പേരിൽ നിരവധി റെക്കോർഡുകളാണ് രാജ്യാന്തര ക്രിക്കറ്റിൽ ഇതുവരെ എഴുതപ്പെട്ടിട്ടുള്ളത്. റെക്കോർഡുകൾ തിരുത്തിയും പുതിയ റെക്കോർഡുകൾ സ്ഥാപിച്ചുമുള്ള ഈ യാത്രയ്ക്ക് മുമ്പ് ആഭ്യന്തര ക്രിക്കറ്റിലും കോഹ്‌ലിയുടെ മിന്നും പ്രകടനം റെക്കോർഡുകളിലേക്ക് നയിച്ചിട്ടുണ്ട്. അത്തരത്തിൽ ഇന്ത്യൻ നായകന്റെ പേരിലുള്ള ആഭ്യന്തര റെക്കോർഡുകൾ ഏതൊക്കെയെന്ന് നോക്കം.
Also Read: ലേഡീസ് ഫസ്റ്റ്; രാജ്യാന്തര ക്രിക്കറ്റിലെ മിന്നും നേട്ടങ്ങളുടെ ആദ്യ അവകാശികൾ വനിതകൾ
വിജയ് ഹസാരെ ട്രോഫിയിൽ ഏറ്റവുമധികം സെഞ്ചുറികൾ
2008ൽ ഇന്ത്യയ്ക്ക് അണ്ടർ 19 ലോകകപ്പ് നേടിത്തന്ന നായകൻ കൂടിയായ വിരാട് കോഹ്‌ലി അതേവർഷം തന്നെ സീനിയർ ടീമിലും അരങ്ങേറ്റം കുറിച്ചിരുന്നു. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിടെയായിരുന്നു ചേട്ടന്മാരുടെ നീലകുപ്പായത്തിൽ കോഹ്‌ലിയും എത്തിയത്. എന്നാൽ അടുത്ത മത്സരത്തിനായി 2009ലെ ചാംപ്യൻസ് ട്രോഫി വരെ താരത്തിന് കാത്തിരിക്കേണ്ടി വന്നു. അതേസമയം ഈ കലയാളവിൽ ആഭ്യന്തര ക്രിക്കറ്റിൽ ചരിത്രം സൃഷ്ടിക്കുന്ന തിരക്കിലായിരുന്നു കോഹ്‌ലി.
Also Read: സച്ചിൻ നമ്മളുദ്ദേശിച്ച ആളല്ല സർ; മാസ്റ്റർ ബ്ലാസ്റ്ററുടെ അഞ്ച് ബൗളിങ് റെക്കോർഡുകൾ
2008-2009 സീസണിലെ വിജയ് ഹസാരെ ട്രോഫിയിൽ534 റൺസുമായി ടോപ് സ്കോററായ കോഹ്‌ലിയുടെ ബാറ്റിങ് ശരാശരി 89 റൺസായിരുന്നു. നാല് സെഞ്ചുറികളാണ് ആ ടൂർണമെന്റിൽ കോഹ്‌ലിയുടെ ബാറ്റിൽ നിന്ന് പിറന്നത്. വിജയ് ഹസാരെ ട്രോഫിയിൽ മുമ്പ് പല താരങ്ങളും മൂന്ന് സെഞ്ചുറി വരെ നേടിയിട്ടുണ്ടെങ്കിലും ഒരു സീസണിൽ തന്നെ നാല് സെഞ്ചുറിയെന്ന നേട്ടത്തിലാദ്യമെത്തിയത് കോഹ്‌ലിയാണ്.
ഡൽഹിയുടെ ഏറ്റവും വലിയ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിലെ പങ്കാളി
രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ ഇരട്ട സെഞ്ചുറി നേടിയ താരമെന്ന റെക്കോർഡ് ഇപ്പോൾ കോഹ്‌ലിയുടെ പേരിലാണ്. ഏഴ് തവണയാണ് റെഡ് ബോൾ ക്രിക്കറ്റിൽ കോഹ്‌ലി ഇന്ത്യയ്ക്കായി ഇരട്ട സെഞ്ചുറി തികച്ചത്. എന്നാൽ ആഭ്യന്തര ക്രിക്കറ്റിൽ ഇതുവരെ ഒരു തവണ പോലും 200 കടക്കാൻ കോഹ്‌ലിക്ക് സാധിച്ചട്ടില്ല. നിസാർ ട്രോഫിയിൽ 2007-2008 സീസണിൽ നേടിയ 197 റൺസാണ് കോഹ്‌ലിയുടെ ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ. ആകാശ് ചോപ്രയ്ക്കൊപ്പം 385 റൺസിന്രെ കൂട്ടുകെട്ടാണ് അന്ന് കോഹ്‌ലിയുണ്ടാക്കിയത്. ഡൽഹിയുടെ ഏറ്റവും വലിയ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടും ഇത് തന്നെ.
ദിയോദർ ട്രോഫി സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ നായകൻ
നായകന്റെ റോളിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന താരമാണ് കോഹ്‌ലി. ക്യാപ്റ്റൻസി ഒരു ഭാരമായി ഒരിക്കൽ പോലും കോഹ്‌ലിയുടെ കരിയറിൽ അനുഭവപ്പെട്ടട്ടില്ല. 2008ൽ അണ്ടർ 19 ലോകകപ്പ് നേടിത്തന്ന നായകനിൽ നിന്ന് ഇന്ത്യൻ സീനിയർ ടീം നായകനിലേക്ക് എത്തുന്നതിനിടയിൽ ആഭ്യന്തര ക്രിക്കറ്റിലും കോഹ്‌ലിയുടെ ക്യാപ്റ്റൻസി മികവ് നമ്മൾ കണ്ടതാണ്. 2009-10 സീസണിൽ ദിയോദർ ട്രോഫിയിൽ നോർത്ത് സോണിനെ കിരീട ജേതാക്കളാക്കുമ്പോൾ കോഹ്‌ലിയുടെ പ്രായം 21 വയസും 124 ദിവസവുമാണ്. ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ നായകനായി കോഹ്‌ലി മാറി. പിന്നീട് ഈ റെക്കോർഡ് പഞ്ചാബ് താരം ശുഭ്മാൻ ഗിൽ 20 വയസും 57 ദിവസവുമുള്ളപ്പോൾ തന്റെ പേരിലാക്കിയെങ്കിലും ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി പട്ടികയിലിന്നും കോഹ്‌ലിയുണ്ട്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 118ഉം ലിസ്റ്റ് എ ക്രിക്കറ്റിൽ 282ഉം മത്സരങ്ങൾ കളിച്ച കോഹ്‌ലി ആകെ 30717 റൺസ് സ്വന്തമാക്കിയിട്ടുണ്ട്. ഇതിൽ 81 സെഞ്ചുറികളും 96 അർധസെഞ്ചുറികളും ഉൾപ്പെടുന്നു.