ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനെതിരായുള്ള ടെസ്‌റ്റ് മൽസരങ്ങള്‍ ഒഴിവാക്കി കൗണ്ടി ക്രിക്കറ്റ് കളിക്കാന്‍ ഇംഗ്ലണ്ടിലേക്ക് പറക്കാനുള്ള ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ നീക്കത്തിന് തിരിച്ചടി. അദ്ദേഹത്തിന്റെ നടുവിന്റെ ഡിസ്ക് സ്ഥാനം തെറ്റിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് മൽസരം നഷ്ടമാകുക. അദ്ദേഹം കൗണ്ടിയില്‍ കളിക്കില്ലെന്ന് ബിസിസിഐയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിട്ടുണ്ട്.

‘നിര്‍ഭാഗ്യവശാല്‍ കേട്ടത് സത്യമാണ്, എന്നാല്‍ കൃത്യമായ സമയത്ത് സ്ഥാനം തെറ്റിയത് കണ്ടെത്തിയത് കൊണ്ട് തന്നെ അദ്ദേഹത്തിന് ശസ്ത്രക്രിയ ആവശ്യമായി വരില്ല, ഇംഗ്ലണ്ടിനെതിരായ മൽസരത്തിന് മുമ്പായി അദ്ദേഹം വിശ്രമത്തിലായിരിക്കും. കൗണ്ടി കളിക്കാന്‍ പോവാത്തത് ദേശീയ മൽസരത്തിന് മുന്നോടിയായി തിരിച്ചു വരാന്‍ അദ്ദേഹത്തെ സഹായിക്കും’, ബിസിസിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബുധനാഴ്‌ച ഡോക്ടറെ കണ്ടപ്പോഴാണ് സുഷുമ്‌ന നാഡിക്ക് പരുക്കുളളതായി തിരിച്ചറിഞ്ഞത്. അദ്ദേഹത്തോട് വിശ്രമത്തിന് നിര്‍ദേശിച്ചെങ്കിലും ശസ്ത്രക്രിയ ആവശ്യമില്ല.

ഇംഗ്ലീഷ് കൗണ്ടി ടിമായ സറേയ്ക്ക വേണ്ടിയാണ് കോഹ്‌ലി കൗണ്ടിയില്‍ കളിക്കേണ്ടിയിരുന്നത്. ഐപിഎല്‍ മൽസരങ്ങള്‍ അവസാനിക്കുന്നതിനു പിന്നാലെ അദ്ദേഹം ഇംഗ്ലണ്ടിലേക്ക് പോകാനിരിക്കെയാണ് പരുക്കേറ്റത്. ഇംഗ്ലണ്ട് പരമ്പര വരുന്നതിനാല്‍ ബാറ്റിങ് മികവ് മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ കോഹ്‌ലി ലക്ഷ്യമിട്ടിരുന്നത്. ഇംഗ്ലണ്ടില്‍ അത്ര മികച്ച റെക്കോര്‍ഡല്ല കോഹ്‌ലിക്കുള്ളത്. അഞ്ച് ടെസ്റ്റില്‍ നിന്ന് 13.4 ശരാശരിയില്‍ 134 റണ്‍സ് മാത്രമാണ് ഇന്ത്യന്‍ നായകന് നേടാനായിട്ടുള്ളത്. കൗണ്ടി ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്താന്‍ സാധിച്ചാല്‍ ഇംഗ്ലണ്ടിനെതിരെ തിളങ്ങാന്‍ കഴിയുമെന്ന വിലയിരുത്തലിലാണ് ഇന്ത്യന്‍ ക്യാപ്‌റ്റന്‍.

നേരത്തേ കൗണ്ടി കളിക്കാനുളള കോഹ്‌ലിയുടെ തീരുമാനം അദ്ഭുതപ്പെടുത്തുന്നുവെന്ന് ഓസീസ് മുന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക് പറഞ്ഞിരുന്നു. ആര്‍ക്കെതിരാണെങ്കില്‍ പോലും ഒരോ ടെസ്റ്റ് മൽസരവും പ്രധാനപ്പെട്ടതാണെന്നും രാജ്യത്തിന് വേണ്ടി കളിക്കുകയെന്നതാണ് സുപ്രധാനമെന്നും ക്ലാര്‍ക്ക് പറഞ്ഞു.

വിരാട് ടെസ്റ്റ് കളിക്കാന്‍ തിരിച്ചു പറക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഓസ്‌ട്രേലിയക്ക് വേണ്ടി കളിക്കാന്‍ മറ്റു ടീമുകളില്‍ കളിക്കാനുള്ള അവസരം താന്‍ ഉപേക്ഷിച്ചിരുന്നെന്നും ക്ലാര്‍ക്ക് പറഞ്ഞു. അതേസമയം ഇംഗ്ലണ്ട് പരമ്പര അടുത്തിരിക്കെ കോഹ്‌ലിയ്ക്ക് കൗണ്ടി അനുഭവം മികച്ച തയ്യാറെടുപ്പായിരിക്കുമെന്നും അത് അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യം വ്യക്തമാക്കുന്നുവെന്നും ക്ലാര്‍ക്ക് പറഞ്ഞു.

കോഹ്‌ലിയുടെ കൗണ്ടി അരങ്ങേറ്റത്തിനെതിരെ മുന്‍ ഇംഗ്ലണ്ട് താരം ബോബ് വില്ലീസും രംഗത്തെത്തിയിരുന്നു. വില്ലീസ് കോഹ്‌ലിയുടെ കൗണ്ടി മൽസരത്തെ വിഡ്ഢിത്തം എന്നു വിശേഷിപ്പിച്ചാണ് രംഗത്തെത്തിയിരുന്നത്. തങ്ങളുടെ നാട്ടില്‍ വന്ന കോഹ്‌ലിയെ പോലുള്ള താരങ്ങള്‍ കളിക്കുന്നത് പ്രാദേശിക താരങ്ങളുടെ ഭാവിയെ ബാധിക്കുമെന്നും വില്ലീസ് പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ